അകലാന്‍ നമുക്കുള്ള കാരണങ്ങള്‍

അകലാന്‍ നമുക്കുള്ള കാരണങ്ങള്‍

അടുക്കാന്‍ നമുക്ക് ഏറെ കാരണങ്ങള്‍ വേണം. പക്ഷേ അകലാന്‍ നമുക്ക് ഒരേയൊരു കാരണം മതി. സ്‌നേഹിക്കാന്‍ നമുക്ക് ഒരുപാട് കാരണങ്ങള്‍ വേണം. പക്ഷേ വെറുക്കാന്‍ നമുക്ക് ഒരേയൊരു കാരണം മതി.

ഒരുപക്ഷേ പലരോടും നമുക്ക് ക്ഷമിക്കാന്‍ കഴിഞ്ഞെന്നുവരാം. എന്നാല്‍ ഏറ്റവുമധികം സ്‌നേഹിച്ചിരുന്നവരില്‍ നിന്നുണ്ടാകുന്ന തിക്താനുഭവങ്ങള്‍ക്ക് ശേഷം അവരെ സ്‌നേഹിക്കാനും വീണ്ടും അവരോട് ക്ഷമിക്കുവാനുമാണ് ഏറ്റവും ബുദ്ധിമുട്ട് .അതെ ഏറ്റവും കൂടുതല്‍ അകലമുള്ളത് ഏറ്റവും കൂടുതല്‍ അടുപ്പമുണ്ടായിരുന്നവര്‍ തമ്മിലാണ്. ഏറ്റവുമധികം നാം വെറുത്തുപോകുന്നത് ഏറ്റവുമധികം സ്‌നേഹിച്ചിരുന്നവരെയാണ്.

ദാമ്പത്യത്തിലെ ഇണക്കപിണക്കങ്ങള്‍ക്കും ഇതേ മാനദണ്ഡമാണുള്ളത്. ഇണയുടെ ഒരു വാക്കിന്റെപേരില്‍, ഒരു പ്രവൃത്തിയുടെ പേരില്‍ എത്രയാണ് നമുക്ക് മനസ്സില്‍ ഭാരം! ഒരു പിണക്കത്തിന്റെയെങ്കിലും സങ്കടവും ഭാരവും ഉള്ളില്‍ സൂക്ഷിക്കാത്ത ഒരു ദമ്പതിമാര്‍ പോലും ഉണ്ടെന്ന് തോന്നുന്നില്ല.

പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിനിടയില്‍ ചിന്തിച്ചുനോക്കുമ്പോഴാണ് മനസ്സിലാവുന്നത് പിണങ്ങിയതൊക്കെ നിസ്സാര കാര്യത്തിന്റെ പേരിലായിരുന്നുവെന്ന്..
പിണക്കങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ ഭാര്യ പറയാറുള്ള ഒരു കാര്യമുണ്ട്. ഞങ്ങളുടെ പഴയ ഹൗസ് ഓണറും ഭാര്യയും തമ്മിലുള്ള പിണക്കത്തെക്കുറിച്ചാണത്.

താഴത്തെ നിലയിലാണ് അവര്‍ താമസിക്കുന്നത് എന്നതിനാല്‍ അത് പലപ്പോഴും അവള്‍ക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിയാറുണ്ട്. ഉച്ചത്തിലുള്ള സംസാരങ്ങള്‍ ഒടുവില്‍ ചെന്നുചേരുന്നത് പാത്രങ്ങള്‍ വലിച്ചെറിയുന്നതിലും പൊട്ടിക്കുന്നതിലുമാണ്. പക്ഷേ അത്ഭുതമെന്ന് പറയട്ടെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ രമ്യതയിലാവുമത്രെ.
നമ്മുടേതുപോലെ നീട്ടിക്കൊണ്ടുപോകുന്ന പിണക്കമൊന്നുമല്ല അവരുടേത്. കണ്ടുപഠിക്ക്.. ഭാര്യ എന്നോട് പറയും.
ഞാന്‍ മാത്രമായിട്ട് എന്തു കണ്ടുപഠിക്കാന്‍? നീയും കണ്ടുപഠിക്ക്..
ഞാന്‍ പറയും.
അതിന് ടീച്ചറല്ല ആദ്യം പിണക്കം മാറ്റുന്നത്. മാഷാ..

അതായത് കുറ്റം അവളുടെ ഭാഗത്തായാലും പിണങ്ങിയത് അവളായാലും പിണക്കം അവസാനിപ്പിക്കേണ്ടത് ഞാനാണത്രെ.
അതുപോലെ എന്നോട് അവള്‍ക്ക് ഏറ്റവുമധികം ഇഷ്ടം തോന്നുന്ന സന്ദര്‍ഭമേതെന്ന് അവള്‍ പറഞ്ഞിട്ടുള്ളതും ഓര്‍മ്മിക്കുന്നു.

ചിലപ്പോള്‍ എന്തിനെങ്കിലും പിണങ്ങിയായിരിക്കും ഓഫീസിലേക്ക് പോകുന്നത്. ബസില്‍ ഇരിക്കുമ്പോള്‍ മുതല്‍ മനസ്സ് അസ്വസ്ഥമാകും. ദൈവമേ അവള്‍ ഒറ്റയ്ക്ക്…. പിണങ്ങിപ്പോന്നതില്‍ അവള്‍ക്ക് വിഷമമുണ്ടാവില്ലേ.. പിണങ്ങിപ്പോയാലും വിനിച്ചായന് എന്റെഅത്ര വിഷമം കാണില്ല. അവിടെ ഓഫീസില്‍ ഫ്രണ്ട്‌സും ജോലിയുമൊക്കെയാകുമ്പോള്‍ അതൊക്കെ ഓര്‍ത്തിരിക്കാനാണോ നേരം. പക്ഷേ അതുപോലെയാണോ ഞാന്‍..ഞാനിവിടെ തനിച്ചല്ലേ.. എനിക്ക് പോകാന്‍ ഇടമുണ്ടോ? പിണങ്ങിയതോര്‍ത്ത് സങ്കടപ്പെട്ട് ഞാനിരിക്കും..

ഭാര്യ പറയാറുള്ളത് ഞാനപ്പോള്‍ ഓര്‍ക്കും. പിന്നെ എന്റെ എല്ലാ വാശിയും പിണക്കവും തീരും. ബസിലിരുന്ന് ഞാന്‍ ഫോണ്‍ ചെയ്യും. മറുതലയ്ക്കല്‍ അവളുടെ പതിഞ്ഞ ചിരി. എന്നെ തോല്പ്പിച്ചില്ലേ? അതോടെ പിണക്കം തീരുന്നു.

ഇങ്ങനെ ഞാന്‍ പിണക്കം മാറ്റാന്‍ ഫോണ്‍ ചെയ്യുന്ന നിമിഷമാണത്രെ അവള്‍ക്കെന്നോട് ഏറ്റവുമധികം സ്‌നേഹം തോന്നുന്നത്.
പിണക്കത്തിനിടയില്‍ നാം വിചാരിക്കുന്നത് ഞാന്‍ ആദ്യം മിണ്ടിയാല്‍ അത് മോശമാവുമോ എനിക്ക് വിലയില്ലാതാകുമോ ഞാന്‍ തോറ്റുപോകുകയില്ലേ എന്നൊക്കെയാണ്. പക്ഷേ പിണക്കത്തിനിടയില്‍ ആദ്യം രമ്യതയിലാവുന്നതാരോ അവര്‍ തോല്ക്കുകയല്ല ജയിക്കുകയാണ് ചെയ്യുന്നത്.

അറിഞ്ഞുകൊണ്ട് തോറ്റുകൊടുക്കാന്‍ തയ്യാറാകുന്നതില്‍ ഒരു നന്മയുണ്ട്. മനസ്സിന് ഇത്തിരിയെങ്കിലും വലുപ്പം ഉള്ളവര്‍ക്കേ അത് കഴിയൂ. വാശിയും വിദ്വേഷത്തിന്റെയും പേരില്‍ പിണക്കം നീട്ടിക്കൊണ്ടുപോകുന്നവര്‍ ആത്മാവില്‍ സൗഖ്യം ലഭിക്കാത്തവരാണ്.

സൈക്കോളജിസ്റ്റായ സുഹൃത്ത് പങ്കുവച്ചതോര്‍ക്കുന്നു. അവന്റെ അടുക്കലെത്തിയതാണ് ആ ഭാര്യഭര്‍ത്താക്കന്മാര്‍.. എന്തെങ്കിലും കാരണത്തിന്റെ പേരില്‍ അവര്‍ വഴക്ക് കൂടിയെന്നിരിക്കട്ടെ ഭാര്യയാണ്‌വാദിച്ചും തര്‍ക്കിച്ചും മുമ്പില്‍ നില്ക്കുക.

ഒരു ദിവസത്തെ വഴക്കിനിടയില്‍ പെട്ടെന്ന് അയാള്‍ കോപത്തില്‍ അവളെ ഒരു വാക്ക് വിളിച്ചു. അത്ര നല്ലതല്ലാത്ത ഒരു വാക്ക്. അത് കേട്ടതേ അവള്‍ അട്ട ചുരുണ്ടതുപോലെയായി. പിന്നെ എതിര്‍ത്തൊന്നും പറഞ്ഞില്ല. ഏതോ ഒരു ഭീതി അവളെ വിഴുങ്ങിയതുപോലെയായി മുഖഭാവം. പിന്നെപ്പിന്നെ ഏതു വഴക്കിനിടിയിലും ഭാര്യയെ തോല്പിക്കാന്‍ അയാള്‍ ആ വാക്ക് ഉപയോഗിക്കും..

ആ ചീത്ത വാക്ക് ഉപയോഗിക്കുമ്പോള്‍ അവള്‍ തോല് വി സമ്മതിക്കുന്നത് എന്തുകൊണ്ടാണെന്ന് സുഹൃത്ത് തിരക്കിയപ്പോഴാണ് അവള്‍ തന്റെ ജീവിതത്തിലെ ആര്‍ക്കുമറിയാത്ത ഒരേട് തുറന്നത്
അവള്‍ക്ക് ഒരു ബന്ധുവുണ്ടായിരുന്നു. തലയ്ക്ക് സുഖമില്ലാത്ത ഒരാള്‍. അയാള്‍ ഒരു പ്രത്യേകഭാവത്തിലും സ്വരത്തിലും ചേഷ്ടയിലും ഒക്കെ പ്രത്യക്ഷപ്പെട്ട് അവളെ ഒരുപാട് പേടിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവ് ആ വാക്ക് ഉപയോഗിക്കുമ്പോള്‍ അളുടെ മനസ്സിലേക്ക് ഓടിവരുന്നത് ആ രൂപമാണത്രെ.

ഇപ്പോള്‍ അവളുടെ മുമ്പില്‍ നില്ക്കുന്നത് ഭര്‍ത്താവല്ല, അയാളാണ്.. ആ ഭ്രാന്തനായ ബന്ധു. അതോടെ പോരടിക്കാന്‍ അവള്‍ക്ക് കഴിയാതെയാകുന്നു..അവളുടെകരുത്ത് മുഴുവന്‍ ചോര്‍ന്നുപോകുന്നു.. അവള്‍ ആയുധം വച്ച് പിന്മാറുന്നു.പക്ഷേ ഉള്ളില്‍ അതെല്ലാം കെട്ടിക്കിടപ്പുണ്ടാവും.. ഭര്‍ത്താവിനോടുള്ള ദേഷ്യമായി..ഭയമായി..വെറുപ്പായി… പിന്നെ അവള്‍ക്ക് അവനെ സ്‌നേഹിക്കാനാവുന്നില്ല..

മനസ്സിന് സൗഖ്യം കിട്ടിയ ഒരാള്‍ക്കേ മറ്റൊരാളെ സൗഖ്യപ്പെടുത്താനാവൂ എന്ന് സിസ്റ്റര്‍ ശോഭ സിഎസ് എന്‍ പറഞ്ഞിട്ടുള്ളത് എത്രയോ ശരി! കുട്ടിക്കാലത്ത് ഇങ്ങനെ കിട്ടിയ അനേകം മുറിവുകളുമായി ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്ന ഒരാള്‍ സൗമ്യതയോടും ശാന്തതയോടും സ്‌നേഹത്തോടും കൂടി പെരുമാറണമെന്ന് ശഠിക്കാനാവുമോ ആഗ്രഹിക്കുകയല്ലാതെ?

ഇത്രയും കാലം കൊണ്ട് എനിക്ക് മനസ്സിലായ ഒരുകാര്യമുണ്ട്. തെറ്റ് സത്രീക്കാണ് പറ്റിയതെങ്കിലും അത് സമ്മതിച്ചുതരാന്‍ അവര്‍ തയ്യാറല്ല. അവര്‍ക്കതിന് കാരണങ്ങളും ന്യായീകരണങ്ങളും ഉത്തരവാദികളുമുണ്ട്. പണ്ട് ഹവ്വ സര്‍പ്പത്തെ കുറ്റപ്പെടുത്തിയതുപോലെ.. അതുപോലെ കറി കരിഞ്ഞുപോയാലും ചോറ് വെന്ത് പോയാലും പാല്‍ തിളച്ചുതൂവിയാലും ഒക്കെ.. ഒന്നും അവര്‍ മനപ്പൂര്‍വ്വം ചെയ്യുന്നതാവില്ല. എങ്കിലും പറ്റിപ്പോയി എന്ന് ഏറ്റുപറയാന്‍ അവര്‍ പലപ്പോഴും വിമുഖരാണ്.

പെണ്ണിന്റെ പിണക്കം മാറ്റേണ്ട ഉത്തരവാദിത്വം പുരുഷനാണ് ഉള്ളതെന്ന ഒരു പാരമ്പര്യം നമുക്കുണ്ടെന്ന് തോന്നുന്നു. നമ്മുടെ ചലച്ചിത്രഗാനരംഗങ്ങള്‍ തന്നെ ഒന്നോര്‍ത്തുനോക്കൂ. എല്ലാറ്റിലും സ്ത്രീയുടെ പിണക്കംമാറ്റാന്‍ പുരുഷന്‍ അവളുടെ പുറകെ നടന്ന് പാടുകയാണ്…തോല് വി സമ്മതിക്കുകയാണ്..പുരുഷനെ വശീകരിക്കാനല്ലാതെ അവന്റെ പിണക്കം മാറ്റാന്‍ നായികമാര്‍ പാടാറുണ്ടോ? ഓര്‍മ്മയില്ല

സ്ത്രീകള്‍ എന്തുകൊണ്ടാണ് ആദ്യം പിണക്കം മാറ്റാന്‍ സന്നദ്ധരാവാത്തത്? പുരുഷനെക്കാള്‍ താന്‍ പിന്നിലാണെന്ന പരമ്പരാഗതമായ ഒരു ചിന്തയുടെ ആലസ്യത്തില്‍ നിന്ന് വിട്ടുമാറാന്‍ തയ്യാറാവാത്തതുകൊണ്ടോ? അതിന്റെ അപകര്‍ഷത ഉള്ളില്‍ കിടക്കുന്നതുകൊണ്ട് തോറ്റുകൊടുക്കുന്നത് മാനക്കേടാണെന്ന് വിചാരിക്കുന്നതിനാലോ? അതോ പുരുഷന്റെ മുമ്പില്‍ തലകുനിക്കേണ്ടതില്ലെന്ന ഫെമിനിസ്റ്റ് ചിന്താഗതിയുടെ സ്വാധീനം മൂലമോ? ഇനി അതുമല്ല, തെറ്റുകളെല്ലാം പുരുഷന്മാരുടെ ഭാഗത്താണെന്ന് വിശ്വസിക്കുന്നതുകൊണ്ടോ?

നിങ്ങള്‍ പിണങ്ങിയാലും ഞങ്ങള്‍ പിണക്കം മാറ്റിയെടുത്തോളാം. സമ്മതിച്ചു. പക്ഷേ അത് ഞങ്ങളുടെ കഴിവുകേടാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. നമ്മുടെ ആദ്യപുരുഷനെ- ആദത്തെ- വഴിതെറ്റിച്ചിട്ടുപോലും പിന്നെയും ആദം ഹവ്വയോട് ചേര്‍ന്നുനടന്നിട്ടേയുള്ളൂ.. ചിലപ്പോള്‍ കുറ്റപ്പെടുത്തിയിട്ടുണ്ടാവാം. എങ്കിലും അവളുടെ എല്ലാ വേദനകളിലും അവന്‍ കൂട്ടായി കൂടെയുണ്ട്..ഞങ്ങള്‍ പുതിയകാലത്തെ ആദാം. നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്. ധൈര്യമായി മുന്നേറിക്കൊള്ളൂ.

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login