അക്കല്ദാമയും വി. ഒനോഫ്രിയസിന്റെ ആശ്രമവും

അക്കല്ദാമയും വി. ഒനോഫ്രിയസിന്റെ ആശ്രമവും

betrayal-by-judas-2യൂദാസ് സ്‌കറിയാത്ത എന്ന പേരു കേള്‍ക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള വികാരം അല്ലെങ്കില്‍ ചിന്തകള്‍ എന്തെല്ലാമാണ്? അതേതായാലും പ്രസാദാത്മകമായ ഒന്നാകാന്‍ ഇടയില്ല. കാരണം ദൈവപുത്രനെ ഒറ്റക്കൊടുത്തവന്‍ എന്ന തിരുത്തപ്പെടാത്ത മേല്‍വിലാസത്തിലാണ് യൂദാസ് സ്‌കറിയാത്ത എക്കാലത്തും അറിയപ്പെടുന്നത്. അധികമാരും ആ മേല്‍വിലാസം മാറ്റിക്കുറിക്കാനും ഇടയില്ല. എന്നാല്‍ മുപ്പത് വെള്ളിക്കാശിന് ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ആ അപ്പസ്‌തോലനെപ്പറ്റി ഉഭയ ഭാവനകളുണ്ട്. ഒറ്റക്കൊടുത്തവന്‍ എന്ന സാമാന്യവത്കരണത്തിനപ്പുറം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാന്‍ കാരണഭൂതനായവന്‍ എന്ന ഒരു വീക്ഷണം.
യൂദാസ് സ്‌കറിയാത്ത ആത്മാഹൂതി ചെയ്ത സ്ഥലം സന്ദര്‍ശിച്ച പീറ്റര്‍ സ്റ്റാന്‍ഫോര്‍ഡ് എന്ന എഴുത്തുകാരന്‍ യൂദാസിന്റെ കുഴയ്ക്കുന്ന ചരിത്രം എന്ന പുസ്തകത്തില്‍ പ്രസ്തുത സ്ഥലത്തെക്കുറിച്ചും യൂദാസ് സ്‌കറിയാത്തയെക്കുറിച്ചും ചില വിവരണങ്ങള്‍ നല്‍കുന്നുണ്ട്.

യൂദാസ് സ്‌കറിയാത്ത സ്വജീവനെടുത്ത രക്തപ്പറമ്പ് എര്‍ത്ഥമുള്ള ഹക്കല്‍ദാമ എന്ന സ്ഥലത്താണ് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. ഒനോഫ്രിയസിന്റെ പേരിലുള്ള സന്യാസാശ്രമം സ്ഥിതി ചെയ്യുന്നത്. കോട്ട പോലുള്ള ചുറ്റുമതിലുള്ള, ചെറിയ ആശ്രമം ഒരു പാറയോടു ചേര്‍ന്ന് നിലകൊള്ളുന്നു. ഇവിടെയിന്ന് അവശേഷിക്കുന്ന രണ്ട് സന്യാസിനികളാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. ഒനോഫ്രിയസിന്റെ രചനകളും പ്രാര്‍ത്ഥനാ പുസ്തകങ്ങളുമൊക്കെ ധാരാളമായി കാണാമെങ്കിലും യൂദാസിനെക്കുറിച്ചുള്ള അധികം വിവരണങ്ങളൊന്നും ഇവിടെ ലഭ്യമല്ലെന്നാണ് ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നത്. യൂദാസിന്റെ ജീവിതത്തിന്റെ ആഘോപൂര്‍വ്വവും വിവരണാത്മകവുമായ ഒരു പുനരാവിഷ്‌കരണം അവിടെ പ്രതീക്ഷിച്ചിരുന്നില്ലെങ്കില്‍ കൂടി പീറ്റര്‍ സ്റ്റാന്‍ഫോര്‍ഡിനെ സ്വാഗതം ചെയ്ത ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സന്യാസിനി യൂദാസിനെപ്പറ്റി യാതൊന്നും പറയാതാതിരുന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. സന്ദര്‍ശകര്‍ ഇവിടേക്കു വരുന്നതു തന്നെ ഒറ്റിക്കൊടുത്ത യൂദാസിന്റെ പാത പിന്തുടരാന്‍ ഇടയാക്കരുതേ എന്ന പ്രാര്‍ത്ഥനയോടെയാകണം.

സഭയുടെ ചരിത്രപഠന വിഭാഗം തലവനായിരുന്ന കര്‍ദ്ദിനാല്‍ ജോസഫ് വാള്‍ട്ടര്‍ ബ്രാന്‍ഡ് മുള്ളര്‍ ഗൗരവമായ ഒരു ചോദ്യം ഉന്നയിച്ചിരുന്നു. ഒരു വഞ്ചകനായാണോ അതോ ദൈവഹിതം നിറവേറ്റാന്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്ന നിലയിലാണോ യൂദാസിനെ നാം കാണേണ്ടത് എതിനെക്കുറിച്ച്. വി. ഒനോഫ്രിസയിനെ കുറിച്ച് വളരെ കുറച്ച്, അവ്യക്തമായ വിവരങ്ങളേ ഉള്ളൂ. അതു കൊണ്ടു കൂടിയാകണം, ഇവിടെ സന്ദര്‍കര്‍ വളരെ കുറവ്. ചാപ്പലിന്റെ ഇരുള്‍ വീണ കോണുകളില്‍ ഗ്രന്ഥകാരന്‍ പൊടി പിടിച്ച ഒരു വിഗ്രഹം കണ്ടെത്തി. 1912 ലെ, ഓവല്‍ടിന്‍ നിറമുള്ള മാര്‍ബിള്‍ പാളിക്കു പിന്നില്‍ ഒളിപ്പിച്ച വിഗ്രഹം. അതില്‍ ഉത്ഥിതനായ ക്രിസ്തുവിനോടൊപ്പം യൂദാസിന്റെ ഹക്കല്‍ദാമയിലേക്കുള്ള യാത്ര മൂന്ന് ഭാഗങ്ങളായി മുദ്രണം ചെയ്തിരുന്നു. ധാര്‍മികതയുടെയും വിശുദ്ധിയുടെയും കുറവിനെ സൂചിപ്പിക്കാന്‍ യൂദാസിനെ യേശുവിനെക്കാള്‍ ഉയരം കുറഞ്ഞ ആളായാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ രംഗത്തില്‍ കാണുന്നത് ജൂതന്‍മാരുടെ കയ്യില്‍ നിന്നു വാങ്ങിയ വെള്ളിക്കാശ് എറിഞ്ഞു കൊടുത്തു മടങ്ങുന്ന യൂദാസിനെയും. എന്നാല്‍ മൂന്നാമത്തെ രംഗം തികച്ചും വ്യത്യസ്തമാണ്. മാലാഖയില്‍ നിന്നും വി.ഒനോഫ്രിയസ് വി.കുര്‍ബാന സ്വീകരിക്കുന്നതായാണ് അവസാനഭാഗത്ത് ചിത്രീകരിച്ചിരിക്കുന്നത്.

നാലു സുവിശേഷകന്‍മാരും അന്ത്യത്താഴവേളയില്‍ യൂദാസ് സന്നിഹിതനായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സഭയുടെ സ്ഥാപന വേളയില്‍ ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ സാന്നിദ്ധ്യം ഇന്നും ദൈവശാസ്ത്ര പണ്ഡിതരെ കുഴക്കുന്ന ഒരു സമസ്യയാണ്. എന്നാല്‍ ചിത്രകാരന്‍ ബോധപൂര്‍വ്വം യൂദാസ് വി. കുര്‍ബാന സ്വീകരിക്കുന്ന രംഗം ഒഴിവാക്കി അവിടെ വി. ഒനോഫ്രിയസിനെ പ്രതിഷ്ഠിക്കുകയായിരുന്നു എന്നാണ് സ്റ്റാന്‍ഫോര്‍ഡ് പറയുന്നത്.

സാത്താന്റെ അനുചരന്‍ എന്ന പേര് ചാര്‍ത്തിക്കിട്ടിയപ്പോഴും നരകജീവിതം പ്രതീക്ഷിച്ചു കൊണ്ടല്ല യൂദാസ് സ്വജീവന്‍ വെടിഞ്ഞതൊണ് ഗ്രന്ഥകാരന്റെ പക്ഷം. ഇടയ്‌ക്കെപ്പഴൊക്കെയോ എത്തുന്ന ചുരുക്കം ചില സന്ദര്‍ശകരെ ഒഴിച്ചു നിര്‍ത്തിയാല്‍ ഹക്കല്‍ദാമ ഇപ്പോഴും ഒറ്റിക്കൊടുത്തവന്റെ സ്ഥലമാണ്. അധികമാരും അറിയാന്‍ ആഗ്രഹിക്കാത്ത, പഠിക്കാനാഗ്രഹിക്കാത്ത ഒറ്റുകാരന്റെ അവസാന സ്ഥലം..

You must be logged in to post a comment Login