അങ്കിള്‍ ആ ഇഷ്ടം ദൈവത്തിന് സമര്‍പ്പിച്ചു; പാപ്പയെ കുറിച്ച്‌ അറിയപ്പെടാത്ത രഹസ്യങ്ങളുമായി അനന്തിരവന്‍.

അങ്കിള്‍ ആ ഇഷ്ടം ദൈവത്തിന് സമര്‍പ്പിച്ചു; പാപ്പയെ കുറിച്ച്‌ അറിയപ്പെടാത്ത രഹസ്യങ്ങളുമായി അനന്തിരവന്‍.

popeഒരു വസന്തകാലമായിരുന്നു അത്. അങ്കിള്‍ സുഹൃത്തുക്കളുമൊത്ത് ഒരു പിക്‌നിക്കിന് പോയി. ആ ദിവസമാണ് അദ്ദേഹം ചിന്തിക്കുന്നത് താന്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയോട് തനിക്കുള്ള ഇഷ്ടം വെളിപ്പെടുത്തിയാലോയെന്ന്. ബ്യൂണസ് അയേഴ്‌സിലെ സെന്റ് ജോസഫ് പള്ളിയുടെ മുമ്പിലൂടെ നടന്നുപോകേണ്ടിവന്നപ്പോള്‍ പെട്ടെന്ന് അദ്ദേഹം തീരുമാനം മാറ്റി. അങ്കിള്‍ പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു, കുമ്പസസാരിച്ചു. വൈദികനുമായി സംസാരിച്ചു. അപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി തനിക്കുള്ള യഥാര്‍ത്ഥ ഇഷ്ടം ഈശോയോടാണെന്ന്…അങ്കിളിന്റെ ദൈവവിളിതിരഞ്ഞെടുപ്പില്‍ ഈ സംഭവം വളരെ പ്രധാനപ്പെട്ടതാണ്.. ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സഹോദരി മരിയ ഏലേനയുടെ മകന്‍ ജോസ് ഇഗ്നേഷ്യോ ബെര്‍ഗോളിയോയുടെ വാക്കുകളാണിത്. സ്പാനീഷ് ന്യൂസ് പേപ്പര്‍ എബിസി പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ജോസ് തന്റെ അങ്കിളിനെക്കുറിച്ച് വാചാലനാകുന്നത്.

വല്യമ്മച്ചിക്ക് അങ്കിളിന്റെ ദൈവവിളിയെ തുടക്കത്തില്‍ വേണ്ട വിധം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് മറ്റൊന്നും കൊണ്ടായിരുന്നില്ല. അച്ചനാകാന്‍ പോയാല്‍ തനിക്ക് തന്റെ മൂത്ത മകനെ നഷ്ടമാകുമല്ലോയെന്ന് വല്യമ്മച്ചി ഭയന്നു. മെഡിസിന്‍ പഠനം ആരംഭിക്കാമെന്ന് അങ്കിള്‍ വല്യമ്മച്ചിക്ക് വാക്ക് കൊടുത്തു. പക്ഷേ അവസാനം അദ്ദേഹം ആത്മാക്കളെ ചികിത്സിക്കുന്ന ഡോക്ടറായി.. ഒരു നാള്‍ അമ്മച്ചി അങ്കിളിന്റെ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് മനസ്സിലായത് സെമിനാരിയില്‍ പ്രവേശനം കിട്ടുന്നതിനായുള്ള പഠനത്തിന്റെ തിരക്കിലാണ് മകനെന്ന്. തിയോളജി പുസ്തകങ്ങളായിരുന്നു മുറിയില്‍. നീയെന്നോട് നുണ പറഞ്ഞുവല്ലേ എന്ന് വല്യമ്മച്ചി ചോദിച്ചപ്പോള്‍ അങ്കിള്‍പറഞ്ഞു, ഇല്ല അമ്മേ, ഞാന്‍ ആത്മാക്കള്‍ക്ക് മരുന്നു കൊടുക്കുന്നത് എങ്ങനെയെന്നാണ് പഠിക്കുന്നത്.. രണ്ടും ചികിത്സയാണല്ലോ.. എന്തായാലും വല്യമ്മച്ചി മകന്റെ തീരുമാനത്തെ സസന്തോഷം സ്വീകരിച്ചു. ജോസ് പറഞ്ഞു.
നല്ല ഒരു പാചകക്കാരനുമാണ് അങ്കിള്‍. പ്രത്യേകിച്ച് ഇറ്റാലിയന്‍ ഫുഡ്. സുഹൃത്തുക്കള്‍ക്കായി പാകം ചെയ്യാനും അദ്ദേഹത്തിന് താല്പര്യമുണ്ട്. പുലര്‍ച്ചെ നാലുമണിക്ക് ഉറക്കമുണരും. പ്രാര്‍ത്ഥിക്കും. പിന്നെ ഉത്തരവാദിത്തങ്ങളില്‍ മുഴുകും. നല്ല നല്ല ഉപദേശങ്ങള്‍ നല്‍കാനും കഴിവുണ്ട്. ഞങ്ങളുമായി അങ്കിള്‍ എപ്പോഴും നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. അടുത്തുള്ളപ്പോഴും അകലെയായിരുന്നപ്പോഴും. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട രാത്രിയിലും അങ്കിള്‍ എന്റെ അമ്മയെ വിളിച്ചിരുന്നു. എനിക്ക് നിരസിക്കാന്‍ കഴിഞ്ഞില്ല.. അതായിരുന്നു തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചുള്ള അങ്കിളിന്റെ പ്രതികരണം.
പരിശുദ്ധാത്മാവ് അദ്ദേഹത്തില്‍ നല്ലതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. അതാണ് അദ്ദേഹത്തെ ഇത്രയധികം സന്തുഷ്ടനും സ്വതന്ത്രനും ഉത്സാഹിയുമാക്കുന്നത്. ജോസ് അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login