അങ്ങനെ ഒരാള്‍ കൂടി ക്രിസ്തുവിനെ സ്വന്തമാക്കി

നേപ്പാളിലെ ഗസല്‍ഗായികയും പ്ലേബാക്ക് സിംഗറുമായ അഞ്ജു പാണ്ഡ ഒടുവില്‍ ക്രിസ്തുവിനെ സ്വന്തമാക്കി. ഏറെ നാളത്തെ അലച്ചിലുകള്‍ക്കും ജീവിതസങ്കടങ്ങള്‍ക്കും ശേഷം ക്രിസ്തു മാത്രമാണ് ഏക രക്ഷകന്‍ എന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ ഈ ഗായിക..

ആദ്യം അവിടുത്തെ ദൈവരാജ്യം അന്വേഷിക്കുക .

അഞ്ജുവിന് പറയാനുള്ളത് അതുമാത്രം. പതിനെട്ട് സിനിമകളില്‍ പാടിയിട്ടുള്ള അഞ്ജുവിന്റേതായി നൂറുകണക്കിന് മെലഡി ഗാനങ്ങളുമുണ്ട്. 2002 ല്‍ ആയിരുന്നു നേപ്പാളിലെ തന്നെ പ്രശസ്തനായ ഗായകന്‍ മനോജ് രാജുമായുള്ള  വിവാഹം നടന്നത്. എന്നാല്‍ മറ്റ് പല സെലിബ്രറ്റികളുടേതും എന്നതുപോലെ അവരുടെ ദാമ്പത്യബന്ധവും സുഗമമായി മുന്നോട്ടുപോയില്ല. തല്‍ഫലമായി ഇരുവരും വേര്‍പിരിയുകയായിരുന്നു. വിവാഹമോചനത്തെ തുടര്‍ന്നാണ് അഞ്ജു ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്.

തന്റെ മതപ്പരിവര്‍ത്തനത്തിന്റെ അനുഭവം അഞ്ജു പരസ്യമാക്കിയത് ഹിന്ദുമതമൗലികവാദികളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. ഒരു ഫെസ്റ്റിവല്‍സോംഗ് ആലപിക്കാന്‍ അഞ്ജു വിസമ്മതം രേഖപ്പെടുത്തിയതാണ് സോഷ്യല്‍ മീഡിയ അവര്‍ക്കെതിരെ പരസ്യമായ വിമര്‍ശനം അഴിച്ചുവിടാന്‍ കാരണമായത്. ഹൈന്ദവഭക്തിയെ പ്രോത്സാഹിപ്പിക്കുന്ന വരികളായിരുന്നു അതിലുണ്ടായിരുന്നത് എന്നതാണ് ഗാനം ആലപിക്കുന്നതിനോട് നോ പറയാന്‍ അഞ്ജുവിനെ പ്രേരിപ്പിച്ചത്.

എന്നാല്‍ തനിക്ക് സുഖമില്ലാത്തതുകൊണ്ടാണ് അത് പാടാതിരുന്നത് എന്ന വിശദീകരണവും ഗായിക പിന്നീട് നല്കിയിരുന്നു.

“ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ക്രിസ്തുമതത്തിലേക്ക് വന്നതോടെ താന്‍ ആന്തരികസമാധാനം അനുഭവിക്കുന്നു. അഞ്ജു വ്യക്തമാക്കുന്നു. എന്നെ വിമര്‍ശിക്കുന്നവരോട് എനിക്ക് പ്രത്യേകമായി ഒന്നും പറയാനില്ല. ഇതെല്ലാം ദൈവത്തിന്റെ പദ്ധതിയായിരിക്കും. ഞാന്‍ ഇപ്പോള്‍ ദൈവത്തിന്റെ കൃപയ്ക്ക് കീഴിലാണ്. “

ഹൈന്ദവരാഷ്ട്രമാണ് നേപ്പാള്‍. 26.6 മില്യന്‍ ജനങ്ങളുള്ള നേപ്പാളില്‍ 81 ശതമാനവും ഹിന്ദുക്കളാണ്. 0.4% മാത്രമേ ക്രൈസ്തവരുള്ളൂ. അതില്‍ 7,200 പേര്‍ കത്തോലിക്കരാണ്.

“ഒരാള്‍ ക്രൈസ്തവനായിത്തീരുമ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. പ്രതിബന്ധങ്ങള്‍ അപമാനങ്ങളും വന്നുചേരുന്നു.” ഫാ. സിലാസ് ബോഗാറ്റി പറയുന്നു.” ദൈവത്തില്‍ അടിയുറച്ചുനില്ക്കുക. പ്രതിബന്ധങ്ങളെ നേരിടാന്‍ ദൈവം തന്നെ ശക്തിനല്കും”. അദ്ദേഹം നേപ്പാളിലെ ക്രൈസ്തവരെ ശക്തിപ്പെടുത്തുന്നു.

You must be logged in to post a comment Login