അച്ചന്‍ പറമ്പിലാണ്…

കോട്ടയം കുറുപ്പന്തറയിലുള്ള സെന്റ് സേവ്യേഴ്‌സ് പള്ളിയിലെത്തി വികാരിയച്ചനെ അന്വേഷിച്ച് പള്ളിയിലോ പള്ളിമേടയിലോ ചെല്ലുമ്പോള്‍ അവിടെ അദ്ദേഹം ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. കാരണം പള്ളിയിലെയും പള്ളിമേടയിലെയും ഉത്തരവാദിത്ത്വങ്ങള്‍ യഥോചിതം നിര്‍വഹിച്ചതിന് ശേഷം  ബാക്കിയുള്ള സമയം മുഴുവന്‍ അച്ചന്‍ ചെലവഴിക്കുന്നത് കൃഷിയിടത്തിലാണ്.

അതുകൊണ്ടുതന്നെ അച്ചനെ നേരിട്ടറിയാവുന്നവര്‍ ആദ്യം തന്നെ ചെല്ലുക ഈ കൃഷിയിടത്തിലേക്കായിരിക്കും. ചെളി പുരണ്ട മുണ്ടും ബനിയനുമിട്ട് തലയില്‍ ഒരു പാളത്തൊപ്പിയും വെച്ച് അച്ചന്‍ നില്‍പ്പുണ്ടാകും, മണ്ണിന്റെ മണമറിഞ്ഞ കര്‍ഷകനായി.

രണ്ടു വര്‍ഷം മുന്‍പാണ് ഫാ.ജോസഫ് പാനാമ്പുഴ എന്ന നമ്മുടെ കഥാനായകന്‍ കുറുപ്പന്തറയില്‍ ഇടവകാവികാരിയായി എത്തിയത്. പിന്നീടങ്ങോട്ട് കുറുപ്പന്തറയിലെ മണ്ണില്‍ പുതിയ കാര്‍ഷിക ചരിത്രം തന്നെ രചിച്ചു പാനാമ്പുഴയച്ചന്‍. കൃഷിയില്‍ നിന്ന് കാര്യമായ ലാഭമുണ്ടാക്കാതിരുന്ന കുറുപ്പന്തറയിലെ സാധാരണ ജനങ്ങള്‍ക്ക് പുതിയ ഉത്തേജകമായി അച്ചനും അച്ചന്റെ കാര്‍ഷിക വിപ്ലവവും.

അച്ചന്റെ വരവിനു മുന്‍പ് കാടു പിടിച്ചു കിടന്നിരുന്ന പള്ളിപ്പരിസരം ഇന്ന് ഫലഭൂയിഷ്ഠമായ കൃഷിയിടമാണ്. കോളിഫ്‌ളവര്‍, കാബേജ്, പയര്‍,കാരറ്റ്, ചോളം, ചേമ്പ്, ചേന, കോവല്‍, പപ്പായ, കപ്പ, ഇഞ്ചി, പല തരത്തിലുള്ള വാഴകള്‍, കച്ചോലം, മഞ്ഞള്‍ എന്നിങ്ങനെ സകലതും ഈ രണ്ടേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നു. അച്ചന്റെ സ്‌നേഹവും പരിചരണവും ഏല്‍ക്കാത്ത ഒരു പുല്‍ക്കൊടി പോലും ഈ പറമ്പിലുണ്ടാകില്ല.

ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച പാനാമ്പുഴയച്ചന്‍ ചെറുപ്പം മുതലേ നല്ലൊരു കൃഷിക്കാരനാണ്. ‘ബൈബിളിലെ ദൈവം കൃഷിക്കാരുടെ ദൈവമാണ്. കര്‍ഷകവൃത്തിയായിരുന്നല്ലോ ഇസ്രായേല്‍ക്കാരുടെ ജീവിതമാര്‍ഗ്ഗം തന്നെ’, വിളഭൂമിയിലേക്ക് ക്രിസ്തുവിനാല്‍ അയപ്പെട്ട വേലക്കാരനെന്നപോലെ അച്ചന്‍ പറയും.

പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന കൃഷിരീതിയാണ്  പാനാമ്പുഴയച്ചന്‍ അവലംബിച്ചിരിക്കുന്നത്. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള ഈ കൃഷിരീതി കൊണ്ടാകാം കുറുപ്പന്തറ ചന്തയിലെ ഏറ്റവും നല്ല കാര്‍ഷികോത്പന്നങ്ങള്‍ പള്ളിപ്പറമ്പിലേതാണെന്ന ഖ്യാതിയും നാടെങ്ങും പരന്നു. പലരും വിത്തിനങ്ങള്‍ വാങ്ങാന്‍ നേരിട്ടെത്തിത്തുടങ്ങി.  വെറുതേ തന്റെ കൃഷിയിടങ്ങള്‍ കാണാനെത്തുന്നവര്‍ക്കു പോലും പാനാമ്പുഴയച്ചന്‍ വിത്തുകളും തൈകളും സമ്മാനമായി കൊടുക്കും, ആവശ്യമെങ്കില്‍ മികച്ച കര്‍ഷകനാകാനുള്ള ടിപ്‌സും. ഞായറാഴ്ചകളില്‍ കുറുപ്പന്തറ പള്ളിമുറ്റത്ത് ലേലത്തിനു വെയ്ക്കുന്നതും പള്ളിപ്പറമ്പിലെ വിഷമയമില്ലാത്ത കാര്‍ഷികോത്പന്നങ്ങളാണ്. കുറുപ്പന്തറ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനും ഈ പച്ചക്കറികള്‍ തന്നെയാണ് നല്‍കുന്നത്.

കുറുപ്പന്തറയിലെ അള്‍ത്താര ബാലന്‍മാരും യുവജനങ്ങളും മുതിര്‍ന്നവരുമെല്ലാം ഇന്ന് സ്വന്തമായി കൃഷി ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്. എല്ലാവരുടേയും മാതൃക പാനാമ്പുഴയച്ചന്‍ തന്നെ. അച്ചന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായികളായി അസിസ്റ്റന്റ് വികാരി ഫാ.അലക്‌സ് പൈകടയും  ഔസേപ്പുചേട്ടനും ഒപ്പമുണ്ട്.

വെള്ളക്കോളര്‍ ജോലി മാത്രം ലക്ഷ്യം വെച്ച് കൃഷിയോടു മുഖം തിരിച്ചു നില്‍ക്കുന്ന പുതിയ തലമുറയോടും പാനാമ്പുഴയച്ചന് ചിലതു പറയാനുണ്ട്: ‘കൃഷിയെ അവഗണിക്കുന്ന ഒരു രാജ്യത്തിനും ഭക്ഷ്യ സ്വയം പര്യാപ്തത ഉണ്ടാവില്ല. ഇനിയൊരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയായിരിക്കും’.

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login