അച്ചാ, നമുക്ക് ഒരു പടം പിടിച്ചാലോ…!

സ്ഥലം തിരുവനന്തപുരം. ജയ് ഹിന്ദ് ടിവി ക്യാംപസ് ഷോര്‍ട്ട് ഫിലിം അവാര്‍ഡ്ദാനചടങ്ങ്. ആകാംക്ഷയോടും പ്രതീക്ഷയോടും കാത്തിരിക്കുന്ന കേരളത്തിലെ വിവിധ കലാലയങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍. അനേകായിരങ്ങളുടെ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ട് ഫലങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി. ‘ചോക്ക്’ അതായിരുന്നു ആ അവാര്‍ഡ് ദാനച്ചടങ്ങില്‍ എല്ലാവരും ഏറ്റവും കൂടുതല്‍ കേട്ട പേര്. മികച്ച ഷോര്‍ട്ട് ഫിലിം, മികച്ച സംഗീതം അങ്ങനെ നീളുന്നു ചോക്ക് എന്ന ഷോര്‍ട്ട് ഫിലിമിനു കിട്ടിയ അവാര്‍ഡുകള്‍. ചോക്കുമായി മത്സരത്തിനെത്തിയ ചങ്ങനാശ്ശേരി അസംഷന്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ സന്തോഷത്തിന് അന്ന് അതിരില്ലായിരുന്നു.

അന്ന് ആ വിദ്യാര്‍ത്ഥികള്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ അവര്‍ക്കൊപ്പം മറ്റൊരാളുടെ സാന്നിദ്ധ്യം കൂടി ആഗ്രഹിച്ചിരുന്നു. ചോക്കിന്റെ കഥയിലും സംവിധാനത്തിലും ശബ്ദത്തിലും എഡിറ്റിങ്ങിലും എന്നു വേണ്ട ഷോര്‍ട്ട് ഫിലിമിന്റെ എല്ലാ കാര്യത്തിലും അവര്‍ക്ക് ഒപ്പം നിന്ന ഒരാള്‍. ആ അതുല്യപ്രതിഭയുടെ കരസ്പര്‍ശവും ചോക്കിന് അവാര്‍ഡ് ലഭിക്കാന്‍ സഹായകമായി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പറഞ്ഞുവരുന്നത്, ഒരു സംവിധായകനെപ്പറ്റിയാണ്, ഒരു എഡിറ്ററെപ്പറ്റിയാണ്, ഒരു തിരക്കഥാ കൃത്തിനെപ്പറ്റിയാണ്, ക്യാമറാമനൊപ്പറ്റിയാണ്….. ഇതെല്ലാം കൂടിച്ചേര്‍ന്ന ഒരാളെപ്പറ്റിയാണ്. ഫാ.ഡയസ് തുരുത്തിപ്പള്ളി. എല്ലാവരുടെയും പ്രിയപ്പെട്ട ഡയസ്സ് അച്ചന്‍.

നല്ല വിശേഷം മറ്റുള്ളവര്‍ക്ക് പകര്‍ുന്ന നല്‍കുതാണ് തന്റെ ജീവിതത്തിലെ സുവിശേഷപ്രഘോഷണം എന്നാണ് ഡയസച്ചന്‍ പറയാറ്. കലയിലൂടെ സുവിശേഷം പ്രഘോഷണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കാനാണ് അച്ചന്‍ ശ്രമിക്കുന്നത്. ട്രന്‍ഡിനനുസരിച്ച് മാറുന്ന യുവജനങ്ങള്‍ക്ക് നന്മയുടെ വെളിച്ചം പകരാന്‍ അച്ചന്‍ സ്വീകരിക്കുന്നത് വേറിട്ട മാര്‍ഗങ്ങളാണ്. ആദ്യം ചിത്രങ്ങളിലൂടെ പിന്നീട് നാടകങ്ങളിലൂടെ ഇപ്പോള്‍ ഷോര്‍ട്ട് ഫിലിമുകളും സിനി ഡ്രാമകളുമാണ് സുവിശേഷപ്രഘോഷണത്തിനായുള്ള ഫാ.ഡയസ്സ് തുരുത്തിപ്പള്ളിയുടെ പുതിയ മാര്‍ഗങ്ങള്‍. എല്ലാ 

മേഖലകളിലും കൈവയ്ക്കുമ്പോഴും അച്ചന്റെ ലക്ഷ്യം ഒന്നുമാത്രം നല്ല വിശേഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്കുക.

സീറോ മലബാര്‍ സഭയിലെ മീഡിയ ആന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ മെമ്പറാണ് ഫാ.ഡയസ്സ്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞാങ്ങാട് ഉണ്ണിമിശിഹാ ദേവാലയത്തില്‍ അസി. വികാരിയും.

സെമിനാരിയില്‍ പഠിക്കുമ്പോഴാണ് ഡയസ് അച്ചന്‍ കലാരംഗത്തെ സ്‌നേഹിച്ചുതുടങ്ങിയത്. തലശേരിയിലെ വൈദിക പഠനത്തിനു ശേഷം കോട്ടയം ജില്ലയിലെ വടവാതൂര്‍ ഉള്ള സെമിനാരിയില്‍ ആയിരുന്നു ഡയസ് അച്ചന്‍ വൈദിക പഠനം നടത്തിയത്. സെമിനാരി ജീവിത കാലഘട്ടത്തില്‍ നാടകവും സംഗീതവും ചിത്രരചനയുമൊക്കെ കൂടെകൂട്ടി. വൈദികനായപ്പോഴും ഇവയിലൂടെ ഒക്കെ എങ്ങനെ ദൈവത്തെ പകര്‍ന്നു നല്കാം എന്ന ചിന്തയായിരുന്നു അച്ചന്. യുവജനങ്ങളിലേക്ക് നന്മയുടെ സന്ദേശം എത്തിക്കുക എതായിരുന്നു അച്ചന്റെ ലക്ഷ്യം.

യുവജനങ്ങളെ കൂട്ടുപിടിച്ച് നല്ല സന്ദേശം നല്കുന്ന ഷോര്‍ട്ട് ഫിലിമുകളും നാടകങ്ങളും തയ്യാറാക്കാന്‍ തുടങ്ങി. നന്മയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി. ഈശോയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സന്ദേശം ഡയസ് അച്ചന്റെ എല്ലാ കലകളിലും ഉണ്ട്. ഇരുന്ന് തീരാതെ പൊടിഞ്ഞു തീരുക എതായിരുന്നു ചോക്ക് എന്ന ഷോര്‍ട്ട് ഫിലിമിന്റെ സന്ദേശം. ‘ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്’ എന്ന് ഈശോ പറഞ്ഞത് ചോക്ക് എന്ന ഒരു ചെറിയ വസ്തുവിലൂടെ ഡയസ് അച്ചന്‍ ദൃശ്യവല്‍ക്കരിച്ചു. ഈശോയുടെ ആ മാതൃക തുടരാന്‍ അനേകര്‍ക്ക് അത് പ്രേരണയാവുകയും ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ കാര്‍ത്തികപുരത്ത് കൃഷിക്കാരനായ തുരുത്തിപ്പള്ളി ജോസഫിന്റെയും അന്നമ്മയുടേയും മകനായിട്ടായിരുന്നു ഡയസ്സ് അച്ചന്റെ ജനനം.

ഫോട്ടോഗ്രാഫിയാണ് ഡയസ് അച്ചന്റെ മറ്റൊരു പ്രധാന വിനോദം. ഹിമാലയവും കാശ്മീരുമെല്ലാം സഞ്ചരിച്ചതും  ഫോട്ടോയോടുള്ള ഇഷ്ടം കൊണ്ടാണ്. ഫോട്ടോഗ്രഫിയും എഡിറ്റിങ്ങും സൗണ്ട് മിക്‌സിംങ്ങും ഒന്നും ഡയസച്ചനെ ആരും പഠിപ്പിച്ചിട്ടില്ല. എല്ലാം സ്വന്തം പഠിച്ചു. വലിയ ചെലവുകള്‍ ഒന്നുംമില്ലാതെ നല്ല രീതിയില്‍ ഷോര്‍ട്ട് ഫിലിമുകളിലൂടേയും നാടകങ്ങളിലൂടേയും നല്ല സന്ദശങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനാണ് അച്ചന്‍ ശ്രമിക്കുന്നത്.

ഭൂമിയിലെ ഏതൊരു വസ്തുവില്‍ നിന്നും ഒരു സന്ദേശം ലോകത്തിനു നല്കാനാകുമൊണ് ഡയസച്ചന്റെ വിശ്വാസം. ചോക്ക് എന്ന വസ്തുവില്‍ നിന്നു പോലും ഒരു വലിയ സന്ദേശം ഉണ്ടാക്കാനായി എന്നതാണ് ഏറ്റവും വലിയ ഉദാഹരണം.

എന്തിനാണ് ഇത്തരം ഷോര്‍ട്ട് ഫിലിമുകളും നാടകങ്ങളും ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ അച്ചനു പറയാനുള്ള മറുപടി ഇങ്ങനെ ‘നല്ല സന്ദേശങ്ങള്‍ ആളുകളില്‍ എത്തിച്ചാല്‍ അവരുടെ ചിന്താഗതികളില്‍ മാറ്റം വരും. ആ മാറ്റം പ്രവൃത്തികളിലും പ്രകടമാകും. അത്തരമൊരു മാറ്റമാണ് സമൂഹത്തിന് ആവശ്യം.’ ഒരോ ഷോര്‍ട്ടു ഫിലിമും നാടകവും ഒക്കെ ചെയ്യുമ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ടെങ്കിലും അത് കണ്ടു കഴിയുമ്പോഴുള്ള സാധാരണക്കാരുടേയും യുവജനങ്ങളുടേയും മുഖത്തെ  ഭാവവ്യത്യാസമാണ് തനിക്കു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം എന്നും ഡയസ് അച്ചന്‍ പറയുന്നു.

അടുത്ത മാസം തലശ്ശേരി രൂപതയില്‍ നടക്കാന്‍ പോകുന്ന സംസ്ഥാന കെ.സി.വൈ.എം യുവജനോത്സവത്തിനു വേണ്ടിയുള്ള സിനി-ഡ്രാമയുടെ പണിപ്പുരയിലാണ് ഫാ.ഡയസ് ഇപ്പോള്‍. സിനിമയ്ക്ക് യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താനാവും. സിനിമയും നാടകവും കൂട്ടിക്കലര്‍ത്തി, സിനി-ഡ്രാമ എന്ന് പുതിയ കലാരൂപത്തിലൂടെ നന്മയുടെ വലിയൊരു സന്ദേശം നല്കാനാകുമെന്നാണ് ഫാ.ഡയസ് തുരുത്തിപ്പള്ളിയുടെ പ്രതീക്ഷ.

ലെമി തോമസ്‌

You must be logged in to post a comment Login