അഞ്ചിതള്‍ പൂക്കള്‍( സെലിന്റെ കഥ, മാര്‍ട്ടിന്റെയും 7)

അഞ്ചിതള്‍ പൂക്കള്‍( സെലിന്റെ കഥ, മാര്‍ട്ടിന്റെയും 7)

നാലു കുഞ്ഞുങ്ങളു090419_133354ടെ മരണത്തിന് ശേഷം ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഓര്‍ത്ത് ആ കുടുംബത്തിലെ എല്ലാവര്‍ക്കും നല്ല ഉത്കണ്ഠയുണ്ടായിരുന്നു. എന്നാല്‍ അവരുടെ  ഉത്കണ്ഠകളെ അസ്ഥാനത്താക്കിക്കൊണ്ടാണ് തെരേസ പിറന്നത്. കൊഴുത്തു മെഴുത്തൊരു ഓമനക്കുഞ്ഞായിരുന്നു തെരേസ. ആര്‍ക്കും ഓമനത്തം തോന്നുന്ന രൂപം. എട്ട് റാത്തല്‍ തൂക്കം  വരുമെന്ന് കണ്ടവരെല്ലാം പറഞ്ഞു. ആറു റാത്തലെങ്കിലും കാണുമെന്ന് സെലിന്‍ ഊഹിച്ചു.  1873 ജനുവരി മൂന്നാം തീയതി വ്യാഴാഴ്ച രാത്രി പതിനൊന്നു മണിക്കായിരുന്നു തെരേസയുടെ ജനനം. ജ്ഞാനസ്‌നാനം ശനിയാഴ്ച നല്കാമെന്നാണ് സെലിനും മാര്‍ട്ടിനും ചേര്‍ന്ന് തീരുമാനിച്ചത്. സെലിനോട് ചേര്‍ന്നു കിടന്നുറങ്ങുന്ന തെരേസയെ കണ്ടപ്പോള്‍ മാര്‍ട്ടിന്‍ ദൈവത്തിന് ഒരുപാട് നന്ദി പറഞ്ഞു, തങ്ങള്‍ ഭയപ്പെട്ടതുപോലെയൊന്നും സംഭവിക്കാതെ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചുവല്ലോ? മക്കള്‍ അഞ്ചും പെണ്‍കുട്ടികളായി പോയതോര്‍ത്തും ആ മാതാപിതാക്കള്‍ സങ്കടപ്പെട്ടില്ല..  മക്കള്‍ക്കു വേണ്ടി ജീവിച്ച മാതാപിതാക്കളായിരുന്നു അവര്‍.. ആ മക്കളായിരുന്നു അവരുടെ സന്തോഷത്തിന്റെ കാരണവും. മക്കളെ ഏത് അവസ്ഥയിലും സ്വീകരിക്കാനും സ്‌നേഹിക്കാനും ആ മാതാപിതാക്കള്‍ക്കു കഴിഞ്ഞത് മക്കളെ നല്‍കുന്നത് ദൈവമാണ് എന്ന ഉറച്ച ബോധ്യം ഉള്ളതുകൊണ്ടായിരുന്നു.   ഓരോ മക്കളെയും ഓമനപ്പേരിട്ട് വിളിക്കുന്നതില്‍  സന്തോഷം കണ്ടെത്തിയ പിതാവായിരുന്നു മാര്‍ട്ടിന്‍. മൂത്ത മകള്‍ മാര്ട്ടിന് ഡയമണ്ടായിരുന്നു. പൗളിന് മുത്ത്. ലെയോണിയെ എന്റെ നല്ല ഹൃദയം എന്ന് വിശേഷിപ്പിച്ച മാര്ട്ടിന് സെലിനെ വിളിച്ചത് നിര്‍ഭയ എന്നായിരുന്നു.കൊച്ചുത്രേസ്യായെ  രാജകുമാരിയെന്നും. അഞ്ചുമക്കള്‍ പൂത്തുമ്പികളെ പോലെ മുറ്റത്തും തൊടിയിലും പാറിനടക്കുന്നത് ആ മാതാപിതാക്കള്‍് സ്വപ്നം കണ്ടു.

പക്ഷേ…ആരോഗ്യമുള്ള കുഞ്ഞിനെ ലഭിച്ചു എന്ന  ആ മാതാപിതാക്കളുടെ സന്തോഷത്തിന് അധിക ദൈര്‍ഘ്യം ഉണ്ടായിരുന്നില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തെരേസയ്ക്ക് ഉദരരോഗം പിടിപെട്ടു. മൂന്നു മാസം കഴിഞ്ഞപ്പോള്‍ വളുടെ സ്ഥിതി ഗുരുതരാവസ്ഥയിലായി. ചെന്തീപ്പോലുള്ള മാലാഖ മരണത്തിന്റെ വാളുമായി തങ്ങളുടെ വീടിന് നേര്‍ക്ക് വീണ്ടും വരുമോയെന്ന് അവര്‍ ഭയപ്പെട്ടു. വേദനയാല്‍ പിടയുന്ന കുഞ്ഞിന്റെ ചിത്രം മാര്‍ട്ടിന്റെയും സെലിന്റെയും ഹൃദയം തകര്‍ത്തു. ഇനിയുമൊരു സന്താന നഷ്ടം ആ മാതാപിതാക്കള്‍ക്ക് സഹിക്കാവുന്നതിന്റെ അപ്പുറമായിരുന്നു. മകളുടെ ജീവനു വേണ്ടി അവര്‍ പ്രാര്ത്ഥനകളോടെ ദൈവതിരുമുമ്പില്‍ ുട്ടുകുത്തി. അവളെ രക്ഷിക്കണമേയെന്ന് പ്രാര്ത്ഥിക്കുമ്പോഴും ദൈവഹിതം എന്താണോ അത് സംഭവിക്കട്ടെയന്ന് ആശ്വാസം കണ്ടെത്താനും അവര്‍ ശ്രമിച്ചു.

ദിനം പ്രതി തെരേസയുടെ സ്ഥിതി വഷളായി വന്നുകൊണ്ടിരുന്നു. അവള്‍ക്ക്  മൂന്നുമാസം പ്രായമെത്തിയിരുന്നു അപ്പോഴേയ്ക്കും. ഒടുവില്‍ ഡോക്ടര്‍ ഒരു പോംവഴിയാണ് നിര്‍ദ്ദേശിച്ചത് കുഞ്ഞിന്റെ ആരോഗ്യപരിപാലനത്തിനായി വിശ്വസ്തയായ ഒരു ആയയുടെ പക്കല്‍ കുഞ്ഞിനെ ഏല്പിക്കുക. സെലിന്റെ ആരോഗ്യസ്ഥിതി ദുര്‍ബലമായിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും. ഡോക്ടറുടെ നിര്‌ദ്ദേശം സെലിന്റെ മാതൃഹൃദയത്തെ ഉലച്ചുകളഞ്ഞു. കൈക്കുഞ്ഞിനെ വേര്‍പിരിഞ്ഞ് എങ്ങനെ ജീവിക്കും? മകളെ പിരിയാന്‍ വേദനയുണ്ടായിരുന്നുവെങ്കിലും അത് പുറമേയ്ക്ക് കാണിക്കാതെ മാര്‍ട്ടിന് സെലിനെ ആശ്വസിപ്പിച്ചു. നമ്മുടെ കുഞ്ഞിന്റെ ആയുസിന് വേണ്ടിയല്ലേ.?  നീ സന്തോഷത്തോടെ കുഞ്ഞിനെ യാത്ര അയക്കൂ..

സെമയയേ എന്ന ഗ്രാമത്തിലേക്കായിരുന്നു തെരേസയെ കൊടുത്തുവിട്ടത്. അവിടെ പ്രഗത്ഭയായ ഒരു പരിചാരികയുണ്ടായിരുന്നു. റോസ് തയ്യേ എന്നായിരുന്നു അവരുടെ പേര്.. അവള്‍ ശിശുപരിപാലനത്തില്‍ മികവ് കാണിച്ചവളായിരുന്നു. റോസയുടെ കയ്യില് തെരേസയുടെ ആരോഗ്യം സുരക്ഷിതമായിരിക്കുമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. പിന്നെ സെലിന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. എവിടെയാണെങ്കിലും തന്റെ കുഞ്ഞ് ആരോഗ്യത്തോടെ ജീവിച്ചുകണ്ടാല്‍ മാത്രം മതിയെന്നായിരുന്നു അവളുടെ പ്രാര്‍ത്ഥന. അമ്മയുടെ കയ്യില്‍ നിന്ന് വേര്‍പ്പെട്ടതിന്റെ വേദന മനസ്സിലാക്കിയെന്നോണം കുഞ്ഞുതെരേസ വാവിട്ടുുനിലവിളിച്ചു. ആ നിലവിളി സെലിന്റെ ഹൃദയം തകര്‍ത്തു. എവിടെയാണെങ്കിലും എന്റെ കുഞ്ഞേ നീ സുരക്ഷിതയായിരിക്കട്ടെ.. നീ മടങ്ങിവരുവാനായി  പ്രാര്ത്ഥനകളോടെ ഞാന്‍ കാത്തിരിക്കും. തെരേസയുടെ  മൂര്‍ദ്ധാവില്‍ ഉമ്മ വച്ചുകൊണ്ട് സെലിന്‍ പറഞ്ഞു.. അവളുടെ ചുടുകണ്ണീര്‍ തെരേസയുടെ നെറ്റിത്തടത്തിലേക്ക് വീണു.
മക്കളെ വേര്‍പിരിഞ്ഞു ജീവിക്കുന്ന അമ്മമാരുടെ മനസ്സിന്റെ വേദന ആരറിയാന്‍.. എന്നും മക്കളെയോര്‍ത്ത് വേദന തിന്നുവാനാണല്ലോ അമ്മമാരുടെ വിധി..( തുടരും)

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login