അടഞ്ഞവാതിലിനു മുമ്പില്‍ സങ്കടം നിറഞ്ഞ്..( സെലിന്റെ കഥ; മാര്‍ട്ടിന്റെയും)

ഒരു തീര്‍ത്ഥാടകസംഘത്തിനൊപ്പമാണ് മാര്‍ട്ടിനും മക്കളും റോമായിലേക്ക് യാത്ര പുറപ്പെട്ടത്. ലിസ്യൂ നഗരം നിദ്രയില്‍ ആയിരുന്ന സമയത്തായിരുന്നു അവരുടെ യാത്ര ആരംഭിച്ചത്. സെലിനും ആ യാത്രയിലുണ്ടായിരുന്നു. മാര്‍ട്ടിന്‍ വളരെ ആഹ്ലാദവാനായിരുന്നു.

യാത്രയാര്‍ക്കെല്ലാം ആ പിതാവിനോടും മക്കളോടും ഏറെ അടുപ്പവും മതിപ്പും തോന്നി. തീവണ്ടിയില്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ഓരോന്നിനും ഓരോ വിശുദ്ധന്റെ പേര് നല്കുന്ന പതിവുണ്ടായിരുന്നു അന്നത്തെ അത്തരം തീര്‍ത്ഥയാത്രകള്‍ക്ക്. മിക്കവാറും യാത്ര ചെയ്തിരുന്ന വൈദികരില്‍ ആരുടെയെങ്കിലും ബഹുമതിക്ക് അദ്ദേഹത്തിന്റെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഇടവകമധ്യസ്ഥന്റെയോ പേരായിരുന്നു നല്കിയിരുന്നത്.

എന്നാല്‍ മാര്‍ട്ടിനും മക്കളും സഞ്ചരിച്ചിരുന്ന കമ്പാര്‍ട്ട്‌മെന്റിന് ഐകകണ്ഠ്യമായി പേരുനല്കിയത് വിശുദ്ധ മാര്‍ട്ടിന്‍ എന്നായിരുന്നു. അത് തീര്‍ച്ചയായും മാര്‍ട്ടിനോട് കാണിച്ച ബഹുമാനാദരവുകളുടെ പ്രതിഫലനം കൂടിയായിരുന്നു. ശ്രീമാന്‍ സെന്റ് മാര്‍ട്ടിന്‍ എന്ന് ആ യാത്രയ്ക്കിടയില്‍ എല്ലാവരും മാര്‍ട്ടിനെ സംബോധന ചെയ്യാനും ആരംഭിച്ചു. യാത്രയ്ക്കിടയിലെല്ലാം തെരേസയുടെ കൈ മാര്‍ട്ടിന്‍ മുറുക്കിപിടിച്ചിട്ടുണ്ടായിരുന്നു. അപരിചിതമായ ദേശമല്ലേ..കുഞ്ഞിന് അത്രയും കരുതലും സ്‌നേഹവും അയാള്‍ ഉറപ്പുവരുത്തിയിരുന്നു. തീര്‍ത്ഥയാത്രയ്ക്കിടയില്‍ നീണ്ടു നില്ക്കുന്ന യാത്രയുടെ വിരസത മാറ്റാനായി ചിലയാത്രക്കാര്‍ ചീട്ടുകളിയിലേര്‍പ്പെട്ടു.

അവര്‍ തെരേസയെയും സെലിനെയും കളിയ്ക്ക് ക്ഷണിച്ചുവെങ്കിലും അവര്‍ പോയില്ല. ചീട്ടുകളി താല്പര്യമില്ലാതിരുന്നതുകൊണ്ട് മാത്രമായിരുന്നില്ല കാഴ്ചകള്‍ കാണുക എന്നതായിരുന്നു അവരുടെ സന്തോഷം എന്നതിനാലുമായിരുന്നു അത്. അതൊന്നും മനസ്സിലാക്കാതെ അവര്‍ കുട്ടികള്‍ക്ക് നേരെ ശബ്ദമുയര്‍ത്തി. അപ്പോള്‍ കുഞ്ഞുങ്ങളുടെ രക്ഷയ്ക്കായി മാര്‍ട്ടിന്‍ ഓടിയെത്തി. വിനോദം മാത്രമാകാതെ കുറച്ചുനേരം പ്രാര്‍ത്ഥിക്കുന്നത് കൂടി നല്ലതായിരിക്കുമെന്ന് മാര്‍ട്ടിന്‍ അവരോട് പറഞ്ഞു. ചീട്ടുകളി സംഘത്തിന് ആ പ്രതികരണം ഇഷ്ടമായില്ല.

അവര്‍ മാര്‍ട്ടിനെ പരിഹസിച്ചു. പക്ഷേ മാര്‍ട്ടിന്‍ അതൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന മട്ടിലാണ് നിന്നത്. ആരോടും മുഖം കറുപ്പിച്ച് പറയുന്ന ശീലമേ മാര്‍ട്ടിന് ഉണ്ടായിരുന്നില്ല. എത്ര വലിയ അപമാനവും ദൈവസ്‌നേഹത്തെപ്രതി സ്വീകരിക്കാനും അയാള്‍ ഒരുക്കമായിരുന്നു.

ആറു ദിവസം റോം ചുറ്റിസഞ്ചരിച്ചതിന് ശേഷം ഏഴാം ദിവസമാണ് മാര്‍പാപ്പയുമായുള്ള അഭിമുഖം ലഭ്യമായത്. മാര്‍പാപ്പ കനിഞ്ഞെങ്കില്‍ മാത്രമേ കന്യാസ്ത്രീമഠം പ്രവേശനം കിട്ടുകയുള്ളൂ എന്ന് മാര്‍ട്ടിനും മക്കള്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് ആ അപ്പനും മക്കളും തീവ്രമായ പ്രാര്‍ത്ഥനയിലായിരുന്നു. അവസരം കിട്ടിയപ്പോഴേയ്ക്കും തെരേസവികാരവിക്ഷുബ്ധയായി.

എത്രയും പരിശുദ്ധ പിതാവേ അങ്ങയുടെ ജൂബിലിയുടെ ബഹുമാനത്തിനായി പതിനഞ്ചാം വയസില്‍ കര്‍മ്മല മഠത്തില്‍ പ്രവേശിക്കാന്‍ എന്നെ അനുവദിക്കണമേ എന്നായിരുന്നു തെരേസയുടെ അപേക്ഷ. നല്ല ദൈവം കനിയുന്ന പക്ഷം നീ പ്രവേശിക്കും എന്നായിരുന്നു മാര്‍പാപ്പയുടെ ആശംസ.

ആ വാക്കുകള്‍ തെരേസയ്ക്ക് വലിയ ഉന്മേഷം നല്കി. രണ്ട് കര്‍മ്മലീത്തരുടെ പിതാവ് എന്ന് പറഞ്ഞായിരുന്നു മാര്‍ട്ടിനെ മാര്‍പാപ്പയ്ക്ക് പരിചയപ്പെടുത്തിയത്. മാര്‍പാപ്പ വളരെ സന്തോഷത്തോടെ മാര്‍ട്ടിന്റെ ശിരസില്‍ കൈകള്‍ ചേര്‍ത്ത് അനുഗ്രഹിച്ചു.

സന്ദര്‍ശനം കഴിഞ്ഞ് തെരേസ കണ്ണീരൊലിപ്പിച്ചുകൊണ്ടാണ് മാര്‍ട്ടിന്റെ അടുക്കലെത്തിയത്. ആ കാഴ്ച മാര്‍ട്ടിനെ വളരെയധികം വ്യസനിപ്പിച്ചു. നല്ല വാക്കുകളാല്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും തെരേസയെ അതൊന്നും സമാധാനപ്പെടുത്തിയില്ല.

പക്ഷേ ലിയോന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ അന്വര്‍ത്ഥമായി. തെരേസയുടെ മഠപ്രവേശനത്തിനുള്ള എല്ലാ തടസ്സങ്ങളും യഥാസമയം മാറിക്കിട്ടി. ഒടുവില്‍ മഠത്തില്‍ പ്രവേശിക്കാനുള്ള ആ ദിനം വന്നെത്തി

ഏപ്രില്‍ ഒമ്പതാം തീയതി തിങ്കളാഴ്ചയായിരുന്നു തെരേസയുടെ കര്‍മ്മലമഠത്തിലേക്കുള്ള പ്രവേശനം നിശ്ചയിച്ചിരുന്നത്. തലേ ദിവസം വൈകുന്നേരം കുടുംബാംഗങ്ങളെല്ലാവരും ആ വീട്ടില്‍ ഒത്തുകൂടി. ഇനി തെരേസ ഇല്ലാത്ത ദിവസങ്ങളാണ് വരാന്‍ പോകുന്നത്. തെരേസയില്ലാത്ത വീട്.. അത് വല്ലാത്ത ശൂന്യതയായിരിക്കുമെന്ന് മാര്‍ട്ടിന്‍ മനസ്സിലാക്കിയിരുന്നു. അയാള്‍ ഒന്നും മിണ്ടിയില്ല. വാത്സല്യത്തോടെ തെരേസയെ നോക്കിക്കൊണ്ടിരിക്കുക മാത്രം.

ഡോ ഗ്വെരിന്റെ ഭാര്യ ഇടയ്ക്കിടെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. തെരേസയെ വേര്‍പിരിയുന്ന കാര്യം അവര്‍ക്ക് അത്രമേല്‍ ഹൃദയഭേദകമായിരുന്നു. അത്താഴം കഴിഞ്ഞു. എല്ലാവരും ഉറങ്ങാന്‍ കിടന്നു. മാര്‍ട്ടിന് മാത്രം ഉറങ്ങാനായില്ല. സങ്കടവും സന്തോഷവും ആ മനസ്സില്‍ മാറിമാറിനിറഞ്ഞു. തെരേസ പോകുന്നതോര്‍ത്ത് സങ്കടം. ദൈവം തന്റെ മക്കളെ ഓരോരുത്തരെയും പ്രത്യേകമായ വിളിയിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നത് ഓര്‍ത്ത് സന്തോഷം.. വിവിധ വികാരങ്ങള്‍..

പ്രഭാതമെത്തി. യാത്രയ്ക്കുള്ള സമയമായി. അവസാനമായി തെരേസ വീടിനെ നോക്കി. അവളുടെ മനസ്സിലും സങ്കടങ്ങളുടെ വേലിയേറ്റമുണ്ടായിരുന്നു. പക്ഷേ പുറമേയ്ക്ക് കാണാതെ അവളത് ചേര്‍ത്തുപിടിച്ചിരുന്നു. മാര്‍ട്ടിന്റെ കൈപിടിച്ചാണ് അവള്‍ വീടിന്റെ പടി ഇറങ്ങിയത്. ആ കൈപിടിച്ചാണ് അവള്‍ കര്‍മ്മലമഠത്തിന്റെ പടികള്‍ കയറിയതും. മഠത്തിന്റെ വാതില്ക്കലേക്ക് ചെല്ലാന്‍ സമയമായി എന്നറിയിപ്പ് കിട്ടിയപ്പോള്‍ തെരേസയ്ക്ക് തന്റെ ചങ്കിടിപ്പ് പെരുകി താന്‍ മരിച്ചുപോകുമോ എന്ന് പോലും തോന്നി.

ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് തെരേസയ്ക്ക് തോന്നി. തെരേസ തന്റെ പ്രിയപ്പെട്ടവരെയെല്ലാം കെട്ടിപിടിച്ചു. എല്ലാവരും അവളെ തങ്ങളോട് ചേര്‍ത്തുനിര്‍ത്തി കണ്ണീരിലൂടെ അനുഗ്രഹിച്ചു. ഒടുവില്‍ തെരേസ മാര്‍ട്ടിന്റെ മുമ്പില്‍ കരഞ്ഞുകൊണ്ട് മുട്ടുകുത്തി..

അപ്പച്ചാ എന്നെ അനുഗ്രഹിക്കണേ
മാര്‍ട്ടിനും പൊട്ടിക്കരഞ്ഞു. എന്റെ പൊന്നുമോളേ..

മാര്‍ട്ടിനും മുട്ടുകുത്തി. വിറയ്ക്കുന്ന കരങ്ങള്‍ അയാള്‍തെരേസയുടെ ശിരസില്‍ വച്ചു. പിന്നെ ആകാശങ്ങളിലേക്ക് മുഖമുയര്‍ത്തി. അതില്‍ എല്ലാമുണ്ടായിരുന്നു. പ്രാര്‍ത്ഥനയും സന്തോഷവും നെടുവീര്‍പ്പും സങ്കടവും എല്ലാം…

ആ കാഴ്ചകണ്ട് ആകാശങ്ങളിലിരുന്ന് മാലാഖമാര്‍ സന്തോഷിച്ചു. തനിക്കുണ്ടായിരുന്ന സമസ്തവും ദൈവത്തിന് സമര്‍പ്പിച്ച ഒരു പിതാവിന്റെ ത്യാഗപൂര്‍ണ്ണതയുടെ മഹാമനസ്‌ക്കതയോര്‍ത്ത്..

വിശ്വാസത്തിന്റെ പേരില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിശ്വാസികളുടെ പിതാവായ അബ്രാഹത്തെപോലും കവച്ചുവയ്ക്കുന്ന ത്യാഗവും സമര്‍പ്പണവുമല്ലേ മാര്‍ട്ടിന്‍ നടത്തിയത്..

മാര്‍ട്ടിന്‍ വാത്സല്യത്തോടെ തെരേസയുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. കണ്ടുനിന്നിരുന്നവരൊക്കെ കണ്ണ് തുടച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം തെരേസയെ മഠത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആ കൂറ്റന്‍ വാതില്‍ അടഞ്ഞു.

അടഞ്ഞ വാതിലിന് മുമ്പില്‍ ഒറ്റപ്പെട്ടുപോയ സങ്കടം കണക്കെ മാര്‍ട്ടിന്‍ നിന്നു.

( തുടരും)

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login