അടയാളങ്ങള്‍

അടയാളങ്ങള്‍
വിനായക് നിര്‍മലിന്റെ ലേഖനം: അടയാളങ്ങള്‍
വിനായക് നിര്‍മലിന്റെ ലേഖനം: അടയാളങ്ങള്‍

അടയാളങ്ങള്‍ പതിപ്പിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? എവിടെയെങ്കിലും തന്റെ അടയാളം പതിയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പണ്ടാരോ എഴുതിയതുപോലെ ഒരു മല കയറി അതിന്റെ മുകളില്‍ എത്തിക്കഴിഞ്ഞ് നാം ആ പാറയില്‍ നമ്മുടെ പേരെഴുതിവയ്ക്കുന്നു. നാളെ ആരെങ്കിലും വന്നാല്‍ അവരോര്‍ക്കണം..ഇവിടെ ഇങ്ങനെയൊരാള്‍ വന്നിരുന്നു എന്ന്….

പബ്ലിക്ക് ടോയ്‌ലറ്റുകളുടെ വൃത്തിഹീനമായ ചുമരുകളില്‍, സിനിമാതീയറ്ററുകളിലെ ടിക്കറ്റ് കൗണ്ടറുകളുടെ ഭിത്തികളില്‍, ബസിന്റെ സീറ്റിന് പിന്‍വശം…വെയ്റ്റിംങ് ഷെഡ്ഡുകള്‍ എവിടെയെല്ലാമാണ് നാം നമ്മുടെ ഓര്‍മ്മയ്ക്കായി പേരെഴുതി ഒപ്പിടുന്നത്? എന്തിന് കറന്‍സിനോട്ടുകളില്‍ പോലും കാണാറില്ലേ ചില മുദ്രകള്‍..
നമ്മള്‍ ഓരോ കാര്യങ്ങള്‍ ചെയ്യുന്നത്, പറയുന്നത് എല്ലാം നാളെ ഒരടയാളമായി മാറും എന്ന് കരുതിക്കൊണ്ടാണ്..എഴുത്തുകാരന്‍ കരുതുന്നു താന്‍ എഴുതിയവ നാളെ തന്നെ അടയാളപ്പെടുത്തുമെന്ന്..ഗായകന്‍ കരുതുന്നു തന്റെ ശബ്ദം നാളെയെ അടയാളപ്പെടുത്തുമെന്ന്.. അടയാളപ്പെടുവാനും അടയാളപ്പെടുത്തുവാനുമാണ് നമ്മുടെ ഓരോ നീക്കങ്ങളും. അടയാളപ്പെടുത്തുവാന്‍ ഒന്നും ആഗ്രഹിക്കുന്നില്ലെങ്കില്‍ നാളെയ്ക്കായി നാം ഒന്നും രേഖപ്പെടുത്തിവയ്ക്കുകയില്ലായിരുന്നു.
വര്‍ത്തമാനകാലത്തില്‍ ഒരടയാളവും പതിപ്പിക്കാതെ പോയവര്‍ ഭാവിയില്‍ വലിയ അടയാളങ്ങള്‍ തീര്‍ത്തവരായി മാറിയിരിക്കുന്നതും നമ്മള്‍ കാണുന്നുണ്ട്. വാന്‍ഗോഗ് തന്നെ മികച്ച ഉദാഹരണം. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ഭേദപ്പെട്ട വിലയ്ക്ക് വിറ്റുപോകുകയുണ്ടായിട്ടില്ല. എന്നാല്‍ മരിച്ചുകഴിഞ്ഞപ്പോഴോ.. ചരിത്രം തന്നെ അദ്ദേഹത്തെ മാറ്റിയെഴുതിക്കൊണ്ട് അടയാളപ്പെടുത്തി.
വിജയിെയയും പരാജിതനെയും കാലം ഒരേ രീതിയില്‍ അടയാളപ്പെടുത്തുകയില്ല. പക്ഷേ വിജയിയും പരാജിതനും ദു:ഖിതനും സന്തോഷവാനും പുരുഷനും സ്ത്രീയും എല്ലാം ഓരോരോ രീതിയില്‍ ഈലോകത്തില്‍ അടയാളപ്പെടുന്നുണ്ട്. ഹിറ്റ്‌ലറും മുസോളിനിയും ചരിത്രത്തെ അടയാളപ്പെടുത്തിയവര്‍ തന്നെ. പക്ഷേ മഹാത്മാഗാന്ധിയെയോ അബ്രഹാം ലിങ്കണെയോ പോലെയെല്ല ഇരുവരും കാലത്തില്‍ അടയാളപ്പെടുത്തപ്പെട്ടത് എന്നത് വേറെ കാര്യം.
ഏതുരീതിയിലാണ് നാം അടയാളപ്പെടുവാന്‍ ആഗ്രഹിക്കുന്നത് ആ രീതിയില്‍ ജീവിക്കാന്‍ ശ്രമിക്കുന്നത് നിസ്സാരകാര്യമല്ല. എങ്ങനെ ജീവിച്ചിരുന്നുവെങ്കില്‍ എന്ന് മരണസമയത്ത് നാം വിചാരിക്കുമോ അതുപോലെ ജീവിക്കുക എന്നാണ് ഒരു മഹദ്വചനം.
ശരിയാണ്, നാളെ നിന്നെ എങ്ങനെ അടയാളപ്പെടുത്തണമെന്ന് നീ ആഗ്രഹിക്കുന്നുവോ അതുപോലെ നീ ജീവിക്കുക. ഒരാളുടെ പോലും ഹൃദയത്തില്‍ സ്‌നേഹത്തിന്റെ അടയാളം തീര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാമൊക്കെ ഇത്രവര്‍ഷം ജീവിച്ചിരുന്നു എന്ന് പറഞ്ഞിട്ട് എന്തുവിശേഷമാണുള്ളത്? മറ്റെവിടെയും അടയാളം തീര്‍ത്തില്ലെങ്കിലും ഒരാളുടെയെങ്കിലും ഹൃദയത്തില്‍ അടയാളം തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍പരം എന്തു ദുര്യോഗമാണുള്ളത്?
ഹൃദയത്തിലാണ് അടയാളങ്ങള്‍ പതിപ്പിക്കേണ്ടത്. ഹൃദയത്തിലില്ലാത്ത അടയാളങ്ങള്‍ സ്‌നാനഘട്ടങ്ങളിലെ പുഴകളില്‍ ഒലിച്ചുപോകും. അഭിജ്ഞാനശാകുന്തളത്തിലെ ശകുന്തളയ്ക്ക് സംഭവിച്ചതുപോലെ.. ശരീരത്തിന്റെ ആസക്തികളില്‍ മാത്രം അഭിരമിച്ചുപോയവര്‍ക്ക് സംഭവിക്കാവുന്ന ദുരന്തമാണത്.
കണ്ട മാത്രയില്‍ പ്രണയം.. പ്രണയം കൊണ്ട മാത്രയില്‍ ശാരീരികസമര്‍പ്പണം. ബാഹ്യമായ അടയാളങ്ങള്‍ കൊണ്ട് സ്‌നേഹബന്ധങ്ങളെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നവര്‍.. ദുഷ്യന്ത സന്നിധിയിലേക്കുള്ള യാത്രയില്‍ പുഴയിലെ സ്‌നാനത്തില്‍ ശകുന്തളയ്ക്ക് ദുഷ്യന്തന്‍ സമ്മാനിച്ച മോതിരം ഒലിച്ചുപോകുകയാണ്. അതുകൊണ്ടുതന്നെ രാജസന്നിധിയില്‍ എത്തുമ്പോള്‍ ശകുന്തളയ്ക്ക് അടയാളം കാണിക്കാന്‍ ഇല്ലാതെയാകുന്നു.
തല്‍ഫലമായി ദുഷ്യന്തന്‍ അവളെ തള്ളിപ്പറയുകയും ചെയ്യുന്നു. അനേകംപേരില്‍ നിന്ന് നമ്മെ മാറ്റിനിര്‍ത്തുന്നത്, നാം ശ്രദ്ധിക്കപ്പെടുന്നത് നാം പതിപ്പിക്കുന്ന അടയാളങ്ങള്‍ കൊണ്ടാണ്..
വിരലടയാളം നമുക്കറിയാം. ഈ ലോകത്തിലെ കോടിജനങ്ങളെയും വ്യത്യസ്തരാക്കുന്നത് അവരുടെ വിരലടയാളമാണ്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. വ്യതിരിക്തം. നമ്മുടെ ഐഡന്റിറ്റി അതിലുണ്ടാവണം. നമുക്ക് മാത്രം പതിപ്പിക്കാന്‍ കഴിയുന്നത്..
ഒരാള്‍ ഉപയോഗിക്കുന്ന ഭാഷ, അയാള്‍ വിന്യസിപ്പിക്കുന്ന വാക്കുകള്‍ എല്ലാം അയാളുടെ അടയാളങ്ങളാണ്.. അയാളുടെ ഹൃദയത്തിന്റെ അടയാളങ്ങള്‍. അടയാളങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നാണ് ദുഷ്യന്ത-ശകുന്തള കഥ നമ്മോട് പറയുന്നത്. അത് സൂക്ഷിക്കേണ്ടിയിരിക്കുന്നു.
ഓര്‍മ്മിക്കേണ്ടവയെ പലതും ഓര്‍മ്മിക്കാതെ നാം മറന്നുപോകുന്നു.താന്‍ പതിപ്പിച്ച അടയാളങ്ങളെ പോലും. അതെത്രമേല്‍ ഭീകരമായിരിക്കും!
ചുംബനം ഒരടയാളമാണ്. ക്രിസ്തുവിനെ ഒറ്റുകൊടുക്കാന്‍ യൂദാസ് ഉപയോഗിച്ചത് ആ അടയാളമാണ്. ഒറ്റുകാരന്‍ അവര്‍ക്ക് ഈ അടയാളം നല്കിയിരുന്നു. ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന്‍ തന്നെ. അവനെ പിടിച്ചുകൊള്ളുക( ലൂക്ക26;47)
ക്രൈസ്‌വവന് കുരിശ് ഒരടയാളമാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്‌നേഹത്തിന്റെയുമായ അടയാളം. ഒറ്റപ്പെട്ടുപോയവരും പരിത്യക്തരും എല്ലാം ആ കുരിശിനെ നോക്കി ധൈര്യം സംഭരിച്ചവരാണ്.. അവര്‍ക്കത് രക്ഷയുടെ അടയാളമാണ്. ഇതേ അടയാളത്തെയല്ലേ സാത്താനിക ആരാധകര്‍ വികലമായും അപഹാസ്യമായും ജുഗുപ്‌സാവഹമായും ഉപയോഗിക്കുന്നത്. ?
അപ്പോള്‍ അടയാളങ്ങള്‍ കൊണ്ടല്ല അതിനെ ഉപയോഗിക്കുന്ന രീതികൊണ്ടാണ് ഏതൊരു അടയാളവും ശ്രദ്ധേയമാകുന്നതും നിന്ദിക്കപ്പെടുന്നതും. അല്ലെങ്കില്‍ രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുമെന്ന് പറയുന്നതൊക്കെ വെറുതെയാണ്. എത്രയോ വട്ടം നാം പലരെയും ചുംബിച്ചിട്ടുണ്ടാവും ഇതിനകം. എന്നിട്ടെന്തേ ലോകത്തിനല്ല നമുക്ക് തന്നെ ആന്തരികപ്പരിവര്‍ത്തനം സംഭവിക്കാത്തത്? തൊലിപുറമേയ്ക്ക് അപ്പുറം അതിന് വേരുകളില്ലാതെ പോയതുകൊണ്ടുതന്നെ.
അടയാളങ്ങള്‍ വഴികാട്ടികളാണ്.. ഒരു യാത്രയ്ക്കിടയില്‍ നമ്മെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത് ഈ അടയാളങ്ങളാണ്. പക്ഷേ അടയാളങ്ങള്‍ വഴിതെറ്റിക്കരുത്. അന്ന് ബദ്‌ലഹേമിലെ പുല്‍ക്കൂട്ടിലേക്ക് പൂജ്യരാജാക്കന്മാരെ നയിച്ചുകൊണ്ടുപോയ നക്ഷത്രം ഒരടയാളമായിരുന്നു..വഴികാട്ടിയായിരുന്നു. ആരെയും വഴിതെറ്റിക്കുന്ന അടയാളങ്ങളായി നാം മാറരുത്. കാരണം ഒരാളെയും ചിലപ്പോള്‍ നന്മയിലേക്ക് തിരിക്കാന്‍ കഴിയുന്ന അടയാളമായി മാറാന്‍ നമുക്ക് കഴിയണമെന്നില്ല. വഴിവെട്ടുന്നതിനെക്കാള്‍ എളുപ്പമാണ് വഴി തിരിച്ചുവിടുന്നത്. വഴിയില്‍ കാവല്‍ നില്ക്കുന്ന അടയാളങ്ങളായി മാറാന്‍ വിളിക്കപ്പെട്ടവരാണ് നമ്മളോരോരുത്തരും. ഒരാളുടെയും വഴികളിലെ അടയാളങ്ങളെ വഴിതിരിച്ചുവിടാതിരിക്കാന്‍ നമുക്ക് കഴിയട്ടെ. . ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം. പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.( ലൂക്ക 2; 12).
ക്രിസ്തു ഒരു അടയാളമാണ്..ലോകത്തിനുള്ള ഏറ്റവും സുന്ദരമായ, മധുരമായ അടയാളം…അതില്‍ സ്‌നേഹമുണ്ട്..കാരുണ്യമുണ്ട്.. ലാളിത്യമുണ്ട്.. വിശുദ്ധ കുര്‍ബാന പോലും ഒരടയാളമാണ്. ക്രിസ്തു നമ്മെ സ്‌നേഹിക്കുന്നു എന്നതിന്റെ അടയാളം.
ഓര്‍മ്മിക്കപ്പെടാനുള്ള സ്‌നേഹത്തിന്റെ സ്മാരകങ്ങളാണ് ഓരോ അടയാളങ്ങളും. അടയാളങ്ങള്‍ നാളേയ്ക്കുള്ള സ്മാരകങ്ങളാണ്.. ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളാണ്..എന്റെ ഹൃദയത്തില്‍ നിന്ന് നിന്റെ ഹൃദയത്തിലേക്കുള്ള സ്‌നേഹത്തിന് എനിക്ക് ഒരു അടയാളം വേണം. നിന്റെ ഹൃദയത്തില്‍ നിന്ന് എന്റെ ഹൃദയത്തിലേക്കുള്ള സ്‌നേഹത്തിന് നിനക്കും വേണം ഒരടയാളം.

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login