അണ്വായുധങ്ങളില്ലാത്ത ഒരു ലോകമാണ് നമുക്കു വേണ്ടത്: ബിഷപ്പ് കാന്റൂ

അണ്വായുധങ്ങളില്ലാത്ത ഒരു ലോകമാണ് നമുക്കു വേണ്ടത്: ബിഷപ്പ് കാന്റൂ

Bishop_Oscar_Cantu_Credit_Rendon_Photography__Fine_Art_Courtesy_of_Archdiocese_of_San_Antonio_2_CNA_US_Catholic_News_1_10_13അണ്വായുധങ്ങളില്ലാത്ത ലോകമാണ് താന്‍ സ്വപ്‌നം കാണുന്നതെന്നും അതിനായി അമേരിക്ക മുന്‍കൈയെടുക്കണമെന്നും ന്യൂ മെക്‌സിക്കോ ആര്‍ച്ച്ബിഷപ്പ് മാര്‍ ഓസ്‌കാര്‍ കാന്റൂ. ഹിരോഷിമ ദിനമായ ആഗസ്റ്റ് 6 ന് ജപ്പാനിലെത്തിയപ്പോളാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആദ്യമായാണ് ബിഷപ്പ് കാന്റൂ ജപ്പാന്‍ സന്ദര്‍ശിക്കുന്നത്. അദ്ദേഹത്തോടു സംസാരിച്ച കത്തോലിക്കരും ഇതേ ആഗ്രഹമാണ് പ്രകടിപ്പിച്ചത്.

‘നാളുകളായി അമേരിക്കയും ജപ്പാനും ശത്രുതയിലായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നാം ശത്രുത വെടിഞ്ഞ് ഒന്നായി പ്രവര്‍ത്തിക്കണം. ആണവനിരായുധീകരണം ഇന്നിന്റെ ആവശ്യമാണ്’ ബിഷപ്പ് കാന്റൂ പറഞ്ഞു. ഹിരോഷിമാ സന്ദര്‍ശനത്തിനു ശേഷം അമേരിക്ക ആറ്റംബോംബു വര്‍ഷിച്ച നാഗസാക്കിയും അദ്ദേഹം സന്ദര്‍ശിച്ചു. ഒരു അമേരിക്കന്‍ പൗരനെന്ന നിലയില്‍ ദുരന്തത്തില്‍ തനിക്ക് അഗാധമായ ദു:ഖവും പശ്ചാാത്താപവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ മരിച്ചവരുടെ സ്മരണാര്‍ത്ഥം ജപ്പാനിലെ കാത്തലിക് മെമ്മോറിയല്‍ കത്തീഡ്രലില്‍ ബിഷപ്പ് കാന്റൂ പ്രത്യേകം ദിവ്യബലിയും അര്‍പ്പിച്ചു. വീണ്ടും ഒരു ഹിരോഷിമയോ നാഗസാക്കിയോ ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുഎസ് ബിഷപ്പുമാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെന്നും 1991ലെ ശീതയുദ്ധത്തിനു ശേഷം അണ്വായുധങ്ങള്‍ ഉപയോരിക്കുന്ന കാര്യത്തില്‍ അമേരിക്ക ഒരു പുനര്‍വിചിന്തനം നടത്തിയിട്ടുണ്ടെന്നും ബിഷപ്പ് കാന്റൂ പറഞ്ഞു. യുക്രൈനു നേരെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിക്കുമെന്ന റഷ്യയുടെ പ്രഖ്യാപനത്തെ ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login