അത്ഭുതങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന മെഡിക്കല്‍ വിഭാഗത്തിന് വത്തിക്കാന്റെ പുതിയ നിയമ നിര്‍ദ്ദേശങ്ങള്‍

അത്ഭുതങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന മെഡിക്കല്‍ വിഭാഗത്തിന് വത്തിക്കാന്റെ പുതിയ നിയമ നിര്‍ദ്ദേശങ്ങള്‍

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജീവിതം നയിച്ചവരുടെ മാധ്യസ്ഥം വഴി ലഭിക്കുന്ന അത്ഭുത രോഗശാന്തികളില്‍ ചരിത്രപരവും ശാസ്ത്രീയപരവുമായ കൃത്യത ഉറപ്പുവരുത്തന്നതിന്റെ ഭാഗമായി വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ നിയമങ്ങള്‍ നല്‍കി.

ഇതനുസരിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെട്രോ പരോളിനാണ് വിശുദ്ധരായി നാമകരണം ചെയ്യുന്നതിനുള്ള കോണ്‍ഗ്രിഗേഷന്റെ മെഡിക്കല്‍ ബോര്‍ഡിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പുതിയ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളുടെ മൂന്നില്‍ രണ്ട് (ഏഴില്‍ അഞ്ച്, ആറില്‍ നാല്) വോട്ടുകളും പോസിറ്റീവായി ലഭിച്ചാല്‍ മാത്രമേ പഠനത്തിനായി ബോര്‍ഡിന് ലഭിച്ചിരിക്കുന്ന വിഷയത്തെ അടുത്ത ഘട്ടത്തിലേക്ക് കടത്തിവിടാന്‍ കഴിയൂ. അതോടൊപ്പം അത്ഭുതങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള കൃത്യനിര്‍വഹണത്തില്‍ പ്രൊഫഷണല്‍ സ്വകാര്യത ഉറപ്പുവരുത്തുവാനും മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ ബാധ്യസ്ഥരാണ്.

ഇതിനു മുന്‍പ് ഏതാനും കുറച്ച് മെഡിക്കല്‍ വിദഗ്ദരുടെ വോട്ട് മാത്രം മതിയായിരുന്നു അമാനുഷിക സൗഖ്യത്തിന് സമ്മതം ലഭിക്കാന്‍. ഇതു കൂടാതെ മെഡിക്കല്‍ വിദഗ്ദര്‍ക്ക് ഇനിമുതല്‍ തങ്ങളുടെ പ്രതിഫലം പണമായല്ല, ബാങ്കി വഴി മാത്രമേ കൈമാറുകയുള്ളു.

മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനാണ് പുതിയ മാറ്റങ്ങളെന്ന് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ കോസസ് ഓഫ് സെയ്ന്റ്‌സിന്റെ സെക്രട്ടറിയായ ആര്‍ച്ച്ബിഷപ്പ് മാര്‍സെല്ലോ ബര്‍ട്ടോലൂസി പറഞ്ഞു.

അത്ഭുതമെന്ന് ആരോപിക്കപ്പെടുന്നവയെ മൂന്നില്‍ കൂടുതല്‍ പ്രാവശ്യം പുന:പരിശോധന ചെയ്യാന്‍ പാടില്ലെന്നും അഥവാ പുന: പരിശോധിക്കുമ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളില്‍ ഒന്‍പത് ആളുകള്‍ ഉണ്ടായിരിക്കണമെന്നും പുതുക്കിയ നിയമത്തില്‍ പറയുന്നു.

മെഡിക്കല്‍ ബോര്‍ഡ് പ്രസിഡന്റിനെ 10 വര്‍ഷം നീണ്ടു നില്‍ക്കുന്ന കാലപരിധിയിലേക്കാണ് തിരഞ്ഞെടുക്കുന്നത്. അത്ഭുതമെന്ന് ആരോപിക്കപ്പെടുന്നവയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഏഴ് അംഗങ്ങള്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളു. ഇതേ നിയമങ്ങള്‍ എല്ലാം തന്നെ വിശുദ്ധരുടെ മാധ്യസ്ഥം വഴി ലഭിക്കുന്ന അത്ഭുതങ്ങള്‍ക്കും ബാധകമാണ്.

നീതു മെറിന്‍

You must be logged in to post a comment Login