അത്ഭുതങ്ങള്‍ തോര്‍ന്നിട്ടില്ല, അടയാളങ്ങള്‍ തീര്‍ന്നിട്ടില്ല..

മെക്‌സിക്കോ: സിംമെനാ ഗ്വാഡലൂപ്പെ മഗാല്ലന്‍ ഗാല്‍വസെ ജനിച്ചിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഒരു ദിനം സാഹുയോയിലേക്ക് മാതാപിതാക്കള്‍ കുഞ്ഞുമായി ഒരു യാത്ര നടത്തി. ആ യാത്രയ്ക്കിടയില്‍ കുഞ്ഞിന് പനിയുള്ളതായി അവര്‍ തിരിച്ചറിഞ്ഞു. സ്ഥിരമായി കുട്ടിയെ പരിശോധിക്കുന്ന ഡോക്ടര്‍ ഇത്തവണ കുഞ്ഞിനെ ചികിത്സിക്കാന്‍ തയ്യാറായില്ല.

ന്യൂമോണിയ പോലെ ഗൗരവതരമായ എന്തോ അസുഖമാണ് കുട്ടിക്ക് പിടിച്ചിരിക്കുന്നത് എന്ന ധാരണയിലാണ് ഡോക്ടര്‍ അതിന് തയ്യാറാകായിരുന്നത്. എക്‌സറേ എടുത്ത് നോക്കിയിട്ടും കുട്ടിയെ പരിശോധിക്കാന്‍ തയ്യാറില്ലാത്ത അവസ്ഥയിലായിരുന്നു ഡോക്ടര്‍.

ഈ സാഹചര്യത്തില്‍ രണ്ടാമതൊരു അഭിപ്രായത്തിനായി അവര്‍ മറ്റൊരു ഡോക്ടറെ സമീപിച്ചു. ന്യൂമോണിയ ആണെന്ന് ആ ഡോക്ടറും സ്ഥിരീകരിച്ചു. പക്ഷേ കുട്ടി മരുന്നുകളോട് പ്രതികരിക്കാത്തത് ചികിത്സയെ വലിയൊരു പ്രതിസന്ധിയിലാക്കി.

മറ്റൊരു ഡോക്ടറുടെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ബാക്ടീരിയ ഇന്‍ഫക്ഷനാണ് കുഞ്ഞിന് എന്നാണ്. അതായത് വിവിധതരം രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ കുഞ്ഞിന്റെ ശരീരത്തില്‍ കടന്നു കൂടിയിരിക്കുന്നു. മെനിഞ്ചെറ്റീസ്. ന്യൂമോണിയ..

അതോടൊപ്പം വലതുവശത്തെ ശ്വാസകോശത്തില്‍ ദ്രാവകം നിറഞ്ഞിരിക്കുകയുമാണ്.  ഓപ്പറേഷന്‍ മാത്രമേ കരണീമായിട്ടുള്ളൂ. പക്ഷേ ഇത്ര ചെറുപ്രായത്തില്‍ ഒരു കുട്ടിയെ ഓപ്പറേഷന്‍ ചെയ്യുക എന്നത് അതിലേറെ റിസ്‌ക്കാണ് താനും. രക്തസ്രാവം ഉണ്ടാകാനും മരിക്കാനും വരെ സാധ്യത. ഇക്കാര്യം അറിയിച്ചിട്ട് ഡോക്ടേഴ്‌സ് മാതാപിതാക്കളുടെ സമ്മതം ചോദിച്ചു. എന്താണ് ചെയ്യേണ്ടത്.?

എല്ലാം ദൈവകരങ്ങളില്‍ ഏല്പിക്കുക മാത്രമേ നിസ്സഹായരായ ആ മാതാപിതാക്കള്‍ക്ക് കഴിയുമായിരുന്നുള്ളൂ. എന്തായാലും കുഞ്ഞിനെ ഓപ്പറേഷന് മുമ്പ് മാമ്മോദീസാ മുക്കാന്‍ അവര്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ വിജയകരമായിരുന്നു. പക്ഷേ ക്ഷയരോഗാണുക്കള്‍ ശ്വാസകോശത്തില്‍ ഡോക്ടേഴ്‌സ് കണ്ടെത്തി.

ഓപ്പറേഷന്‍ കഴിഞ്ഞതിന് ശേഷം കുട്ടി ഒന്നിനോടും പ്രതികരിക്കാതിരുന്നത് അവസ്ഥ കൂടുതല്‍ ഭയാനകമാക്കി. എല്ലായ്‌പ്പോഴും ചിരിച്ചുകൊണ്ടിരുന്ന കുട്ടി ചിരികളോട് യാത്ര പറഞ്ഞതുപോലെയായത് മാതാപിതാക്കളെ പരിഭ്രാന്തരാക്കി.

ക്ഷയരോഗത്തിന് ചികിത്സ ആരംഭിച്ചു. പക്ഷേ ആരോഗ്യം അനുദിനം വഷളായിക്കൊണ്ടിരുന്നു. അപ്പോഴാണ് കുഞ്ഞിന് സ്‌ട്രോക്ക് സംഭവിച്ചതായി അറിഞ്ഞത്. അതിന്റെ ആഘാതം കനത്തതായിരുന്നു മാതാപിതാക്കള്‍ക്ക്. തലച്ചോറിന്റെ തൊണ്ണൂറ് ശതമാനവും മൃതമായിരിക്കുന്നു. തന്റെ മകളെ ഒന്നുകാണാന്‍ ആ അമ്മ ആഗ്രഹിച്ചു. പക്ഷേ ഡോക്ടേഴ്‌സ് അതിനും സമ്മതിച്ചില്ല. ഏറെ ഗുരുതരാവസ്ഥയില്‍ അത്തരമൊരു സന്ദര്‍ശനം സാധ്യമല്ലെന്നായിരുന്നു അവരുടെ മട്ട്..

ആ അമ്മയ്ക്ക് കരയാനും പിന്നെ പ്രാര്‍ത്ഥിക്കാനും മാത്രമേ കഴിയുമായിരുന്നുള്ളൂ. എല്ലാ ദിവസവും മാതാപിതാക്കള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. അതിനിടയില്‍ വാഴ്ത്തപ്പെട്ട ജോസ് ലൂയിസ് സാന്‍ച്ചെസ് ദെ റിയോയുടെ മാധ്യസ്ഥം ചോദിക്കുകയും ചെയ്തു.

വാഴ്ത്തപ്പെട്ട ജോസ് 1920 ലെ ക്രിസ്‌റ്റേറോ യുദ്ധകാലത്ത് രക്തസാക്ഷിത്വം വരിച്ച കൗമാരക്കാരനാണ്. ജോസിന്റെ മാധ്യസ്ഥം തേടി പ്രാതഥിച്ച ആ നിമിഷം തന്നെ കുഞ്ഞ് കണ്ണ് തുറന്ന് പുഞ്ചിരിക്കാന്‍ തുടങ്ങി.. കഴിഞ്ഞ അനേകം ദിവസങ്ങളായി പുഞ്ചിരിക്കാന്‍ മറന്നുപോയ കുട്ടിയുടെ മുഖത്ത് മാലാഖമാരുടേതുപോലെയുള്ള പുഞ്ചിരി..

ഡോക്ടേഴ്‌സിന് അത് വിശ്വസിക്കാനായില്ല..ഇതെങ്ങനെ സംഭവിച്ചു. ഇതൊരു അത്ഭുതംഎന്നാണ് പറഞ്ഞത്. അവര്‍ കൂടുതല്‍ തെളിവുകള്‍ക്കായി സിറ്റി സ്‌കാനും മറ്റ് ചില പരിശോധനകളും നടത്തി. എണ്‍പത് ശതമാനം തലച്ചോറും സുഖം പ്രാപിച്ചിരിക്കുന്നു എന്നായിരുന്നു പരിശോധനാഫലം.

അടുത്ത ദിവസം വീണ്ടും അതേ പരിശോധന. തലച്ചോര്‍ പൂര്‍ണ്ണമായും സൗഖ്യപ്പെട്ടിരിക്കുന്നു.! എന്നിട്ടും മാതാപിതാക്കളെ തളര്‍ത്തുന്ന മറ്റൊരു വിവരം ഡോക്ടേഴ്‌സ് അറിയിച്ചു. താല്ക്കാലികമായി ബ്രെയിന് ഡാമേജ് സംഭവിച്ചതുമൂലം കുട്ടിക്ക് ഇനിയൊരിക്കലും ഭക്ഷണം കഴിക്കാനോ നന്നായി നടക്കുവാനോ കഴിയുകയില്ല. മാത്രവുമല്ല സംസാരിക്കാനോ കാണുവാനോ കേള്‍ക്കുവാനോ കഴിയുകയുമില്ല.

പക്ഷേ അവളുടെ അമ്മ ആശുപത്രിയില്‍ വച്ച് തന്നെ കുഞ്ഞിന് ഒരു കുപ്പി പാല്‍ കുടിക്കുവാന്‍ നല്കി. എട്ട് ഔണ്‍സ് പാല്‍ കുഞ്ഞ് കുടിച്ചതോടെ ഡോക്ടേഴ്‌സ് വീണ്ടും അത്ഭുതപരതന്ത്രരായി. ഇത് ദൈവത്തിന്റെ ഇടപെടല്‍ എന്ന് അവര്‍ തീര്‍ത്തുപറഞ്ഞു.

അത്ഭുതകരമായ ഈ രോഗസൗഖ്യമാണ്‌ വാഴ്ത്തപ്പെട്ട ജോസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള അത്ഭുതരോഗസൗഖ്യമായി വത്തിക്കാന്‍ അംഗീകരിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ 2016 ജനുവരി 21 ഇത് സംബന്ധിച്ച് ഒപ്പുവച്ചു. വിശുദ്ധ പദപ്രഖ്യാപനതീയതി മാര്‍ച്ചില്‍ അറിയിക്കും.

You must be logged in to post a comment Login