അത്ഭുതശിശു ഇപ്പോഴും ചിരിക്കുന്നു…

അത്ഭുതശിശു ഇപ്പോഴും ചിരിക്കുന്നു…

miracle baby2013 മാര്‍ച്ച് 10 നാണ് അവന്‍ പിറന്നത്. ജനിക്കുമ്പോഴേ അവന്റെ വിധി ഡോക്ടര്‍മാര്‍ എഴുതി, ഇനി അധികനേരം ജീവിക്കില്ല, കാരണം, വൈദ്യശാസ്ത്രം ഹൈപോക്‌സിക്ക് – ഇസ്‌കീമിക് ബ്രെയ്ന്‍ ഇഞ്ചുറി എന്നു വിളിക്കുന്ന മാരകാവസ്ഥയിലാണ് അവന്‍ പിറന്നത്. കൂടെക്കൂടെ ചുഴലിവന്നതു പോലെ അവന്‍ പിടയുകയും തലച്ചോറില്‍ രക്തപ്രവാഹമുണ്ടാവുകയും ചെയ്തിരുന്നു.

ഈസ്റ്റന്‍ എന്നാണ് അവന്റെ മാതാപിതാക്കള്‍ അവനു നല്‍കിയ പേര്. കാന്‍ഡീസ്, ഡാനി. അവരായിരുന്നു, ഈസ്റ്റന്റെ മാതാപിതാക്കള്‍. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ മാത്രം ജീവിച്ചു കൊണ്ടിരുന്ന ഈസ്റ്റന്‍ ഒകാലയിലെ മണ്‍റോ റീജയണല്‍ മെഡിക്കല്‍ സെന്ററില്‍ നിന്ന് ഗെയ്ന്‍സ്വില്ലേയിലെ യുഎഫ് ഹെല്‍ത്ത് ഷാന്‍ഡ്‌സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഐ സി യുവിലേക്ക് മാറ്റപ്പെട്ടു. ഈസ്റ്റന്റെ തലച്ചോറിന്റെ പകുതി ഭാഗം മൃതമായിക്കൊണ്ടിരിക്കുകയാണെന്നും മറ്റേ ഭാഗം രക്തം കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും എം ആര്‍ ഐ സ്‌കാന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഗ്ലാസിട്ട മുറിയില്‍ ജീവനും മരണത്തിനുമിടയില്‍ കിടക്കുന്ന കുഞ്ഞിനെ മാതാപിതാക്കള്‍ നിസഹായരായി നോക്കി നിന്നു. അഞ്ചു ദിവസം യാതൊരു മാറ്റവുമില്ലാതെ കടന്നു പോയി. ജീവിച്ഛവം പോലെ ജീവിക്കുന്ന കുഞ്ഞിന്റെ ഭാവി ഓര്‍ത്തപ്പോള്‍ അവര്‍ അവസാനം തീരുമാനിച്ചു, ഇനി ബ്രീത്തിംഗ് ട്യൂബ് മാറ്റാം.

ഇനി ഈസ്റ്റന്‍ വിട പറയും ഈ ലോകത്തില്‍ നിന്നും. അതിനു മുമ്പ് അവസാനമായി ഡാനിയും കാന്‍ഡിസും അവന്റെ അടുത്തു ചെന്നു. ഡാനി മകനെ കൈയിലെടുത്ത് കവിളില്‍ മുത്തം വച്ചു. എന്നിട്ട് അമ്മയ്ക്കു കൈമാറി.

‘അവര്‍ ബ്രീത്തിംഗ് ട്യൂബ് എടുത്തു മാറ്റിയ ഉടനെ അവന്റെ ശ്വാസം നിലച്ചു.’ കാന്‍ഡിസ് ഓര്‍ത്തെടുക്കുന്നു. ‘ഞാന്‍ ആടുന്ന ആ കസേരയില്‍ അവനെ കൈയില്‍ പിടിച്ച് ഇരുന്നു. ഡാനി എന്നെ ചുറ്റിപ്പിടിച്ചു. രണ്ടു നിമിഷം. ഈസ്റ്റന്‍ വീണ്ടും ശ്വസിക്കാന്‍ തുടങ്ങി. സ്വന്തം പ്രയത്‌നത്താല്‍!’

ഒരു മണിക്കൂര്‍ കടന്നു പോയി, പിന്നെ രണ്ട്… മകന്‍ ഏതു നിമിഷവും മരിക്കാം എന്ന അവബോധത്തടെ, കണ്ണീരോടെ അവര്‍ ഇരുന്നു. അഞ്ചു മണിക്കൂര്‍! അപ്പോഴേക്കും ഈസ്റ്റന്റെ ശ്വാസനില സാധാരണ നിലയിലായി തീര്‍ന്നിരുന്നു.

‘ഇനി രണ്ടു ദിവസത്തിനുള്ളില്‍ അവന്‍ മരിക്കുമെന്നായി ഡോക്ടര്‍.’ കാന്‍ഡിസ് ഓര്‍ക്കുന്നു.’ഡാനി എന്റെ തോളില്‍ ചാഞ്ഞി കിടന്നു കരഞ്ഞു. ഞാനും സര്‍വ നിയന്ത്രണവും വിട്ടു കരഞ്ഞു. ഞാന്‍ ഈസ്റ്റനോട് പറഞ്ഞു കൊണ്ടിരുന്നു: ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, കുഞ്ഞേ! നീ സങ്കടപ്പെടാതെ പോയ്‌ക്കൊള്ളൂ! ദൈവത്തിന് നിന്നെ വേണമെങ്കില്‍ തടയാന്‍ ഞങ്ങളാരാണ്. നിനക്കു മാലാഖമാരുടെ ചിറക് മുളയ്ക്കാന്‍ സമയമായെങ്കില്‍, വാവേ, നീ പോയ്‌ക്കോളൂ!’

രണ്ടു ദിവസം കഴിഞ്ഞു. ഈസ്റ്റന്‍ പിന്നെയും ജീവിച്ചു. പിന്നെയും ഏറെ ദിനങ്ങള്‍ കടന്നു പോയി. ഇനി ഈസ്റ്റന്‍ എവിടെയും പോകില്ല എന്നുറപ്പായി!

എല്ലാ ജീവന്‍ രക്ഷാ ഉപകരണങ്ങളും നീക്കാനുള്ള സമ്മതപത്രത്തില്‍ ഡാനിയും കാന്‍ഡിസും ഒപ്പുവച്ചു. അന്നു മുതല്‍ ഈസ്റ്റന് ഒരിക്കലും ചുഴലി വന്നിട്ടില്ല. അവന്‍ നന്നായി ശ്വസിക്കുന്നു. അവന്‍ കണ്ണുകള്‍ തുറന്നു, പുഞ്ചിരിച്ചു…

ഏതു നിമിഷവും ഈസ്റ്റന്‍ മരിച്ചേക്കുമെന്ന ഭയത്തോടെയാണ് ഡാനിയും കാന്‍ഡിസും അവനെ വീട്ടിലേക്കു കൊണ്ടു പോയത്. അവര്‍ മനസ്സു കൊണ്ട് തയ്യാറായിരുന്നു, ദൈവകരങ്ങളില്‍ എല്ലാം സമര്‍പ്പിച്ച്… പക്ഷേ, ദൈവം അവരെ കൈവിട്ടില്ല.

മാര്‍ച്ച് 10 ന് അവന്റെ രണ്ടാം ജന്മദിനം ആഘോഷിച്ചു. ഈസ്റ്റന്‍ ആരോഗ്യവാനായിരിക്കുന്നു. മധുരമായി പുഞ്ചിരിക്കുന്നു….

You must be logged in to post a comment Login