അദ്ധ്യാപക പാക്കേജ്: സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് ഫാദര്‍ ജേക്കബ് പാലക്കാപ്പിള്ളി

തിരുവനന്തപുരം: അദ്ധ്യാപക പാക്കേജ് സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാടുകളോടു യോജിക്കാനാവില്ലെന്ന് കെസിബിസി വിദ്യാഭ്യാസ സെക്രട്ടറിയും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടറുമായ ഫാദര്‍ ജേക്കബ് പാലക്കാപ്പിള്ളി. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സെക്രട്ടറിയേറ്റിനു മുന്‍പില്‍ നടത്തിയ പട്ടിണിസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അദ്ധ്യാപകരുടെ സേവനങ്ങളെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാനാവില്ല. വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അദ്ധ്യാപകരുണ്ട്. അവരുടെ ആവശ്യങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. അദ്ധ്യാപരുടെ ആത്മരോഷത്തെ സര്‍ക്കാര്‍ അവഗണിക്കരുത്. ഇതു വിദ്യാഭ്യാസ സമൂഹത്തോടു കൂടിയുള്ള വെല്ലുവിളിയാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രഖ്യാപിച്ചതാണ് അദ്ധ്യാപക പാക്കേജ്. ഈ സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അപ്പോഴും ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല. 2009 ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഫാദര്‍ ജേക്കബ് പാലക്കാപ്പിള്ളി കുറ്റപ്പെടുത്തി.

കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള ആയിരക്കണക്കിന് അദ്ധ്യാപകര്‍ പട്ടിണിസമരത്തില്‍ പങ്കെടുത്തു.

You must be logged in to post a comment Login