അദ്ഭുതങ്ങള്‍ ചൊരിയുന്ന മനിലയിലെ കറുത്ത ക്രിസ്തുരൂപം

അദ്ഭുതങ്ങള്‍ ചൊരിയുന്ന മനിലയിലെ കറുത്ത ക്രിസ്തുരൂപം

black christഫിലിപ്പൈന്‍സുകാര്‍ക്ക് ഈ ക്രിസ്തൂരൂപം അത്ഭുതങ്ങളുടെ കറുത്ത ക്രിസ്തുവാണ്. നാനൂറ് വര്‍ഷത്തിലേറെയായി ഫിലിപ്പിനോ കത്തോലിക്കരുടെ വിശ്വാസത്തിന്റെയും പോരാട്ടങ്ങളുടെയും ആവേശങ്ങളുടെയും പ്രതീകമാണ് ഈ കറുത്ത ക്രിസ്തുരൂപം. മനിലാ അതിരൂപതയിലെ ക്വിയോപ്പോ പള്ളി എന്നറിയപ്പെടുന്ന ബസിലിക്കയിലാണ് ഒരോത്ത മനുഷ്യന്റെ ഉയരമുള്ള ഈ സവിശേഷ രൂപത്തിന്റെ സ്ഥനം. രണ്ട് ഭൂകമ്പം, രണ്ടു തീപിടുത്തം വെള്ളപ്പൊക്കം എണ്ണമറ്റ കൊടുങ്കാറ്റുകള്‍, രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബാക്രമണം തുങ്ങി ഈ അത്ഭുതരൂപം അതിജീവിച്ച വെല്ലുവിളികള്‍ക്കു കണക്കില്ല!

ഈ രൂപം കുടികൊള്ളുന്ന പള്ളി ഉറങ്ങാറില്ല. അതിരാവിലെമുതല്‍ വൈകുന്നേരം വരെ ഭക്തജന പ്രവാഹമാണ്. പകല്‍ തുടര്‍ച്ചയായ കുര്‍ബാനകള്‍. രാത്രിയാകട്ടെ, ഈ പള്ളി വീടില്ലാത്തവരുടെ അഭയകേന്ദ്രവും. പുലര്‍ച്ചെ പള്ളി വൃത്തിയാക്കി വീണ്ടും തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കുന്നു.

ജനുവരി 9 നാണ് കറുത്ത നസ്രായന്റെ തിരുനാള്‍. ട്രാസ്ലാസിയോന്‍ എന്ന് പ്രാദേശിക ഭാഷയില്‍ അറിയപ്പെടുന്ന പ്രദക്ഷിണത്തില്‍ ഈ രൂപത്തിന്റെ ഒരു മാതൃക മനിലയിലെമ്പാടും സംവഹിക്കുന്നു. 1650 ല്‍ അന്നത്തെ പാപ്പാ ഇന്നസെന്റ് പത്താമന്‍ ഈ രൂപത്തോടുള്ള ഫിലിപ്പിനോകളുടെ ഭക്തിയെ അംഗീകരിച്ചതാണ്. ഈ രൂപം ഒന്നു തൊടാന്‍ മാത്രം ഏഴു മണിക്കൂര്‍ വരെ അവര്‍ ക്യൂവില്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്നു.

ഫിലിപ്പീന്‍സിലെ തന്നെ ഏറ്റവും ജനപ്രിയ ദേവാലയങ്ങളിലൊന്നാണ് ഇത്. ക്രിസ്തുവിന്റെ അത്ഭുത രൂപം തന്നെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ജനങ്ങളുടെ അസാമാന്യ ഭക്തി നേരിട്ടു കണ്ട വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഈ പള്ളിയെ മൈനര്‍ ബസിലിക്കയാക്കി ഉയര്‍ത്തി.

1606 ല്‍ മെക്‌സിക്കോയില്‍ നിന്നും മനിലയിലെത്തിയ അഗസ്റ്റീനിയന്‍ മിഷണറിമാരാണ് യേശു ക്രിസ്തുവിന്റെ കറുത്ത രൂപം മനിലയില്‍ കൊണ്ടു വന്നത്. വലിയൊരു കുരിശും വഹിച്ച് ഒരു മുട്ടുകാല്‍ ഊന്നി നില്‍ക്കുന്ന ക്രിസ്തുവിന്റേ രൂപമാണിത്. ആദ്യം ഈ രൂപം ലൂണേറ്റയിലെ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിലാണ് പ്രതിഷ്ഠിച്ചത്. 1606 ല്‍. രണ്ടു വര്‍ഷത്തിനു ശേഷം ഇത് വലിയൊരു പള്ളിയിലേക്കു മാറ്റി. ഒന്നര നൂറ്റാണ്ടിനു ശേഷമാണ്, 1767 ല്‍ ഇത് ക്വയാപ്പോ ദേവാലയത്തിലേക്ക് മാറ്റി സ്ഥാപിച്ചത്.

കറുത്ത നസ്രായന്റെ തിരുനാളില്‍ നടക്കുന്ന ട്രാസ്ലാസിയോന്‍ എന്ന പ്രദക്ഷിണത്തില്‍ കാല്‍വരിയേറിയ ക്രിസ്തുവിനെ പോലെ ഭക്തര്‍ നഗ്നപാദരായി നാലര മൈല്‍ ദൂരത്തോളം നടക്കുന്നു. 19 മണിക്കൂറോളം സമയമെടുക്കുന്ന മാരത്തണ്‍ പ്രദക്ഷിണമാണിത്. ഈ രൂപത്തില്‍ ഒന്നു സ്പര്‍ശിക്കാനും തങ്ങളുടെ വസ്ത്രങ്ങള്‍ അതിന്റെ സ്പര്‍ശനത്തിനായി എറിയാനും അവര്‍ ആവേശം കാണിക്കുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം 40 ലക്ഷത്തോളം ഭക്തജനങ്ങളാണ് തിരുനാള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം അത് 50 ലക്ഷമെത്തുമെന്ന് പ്രതീക്ഷപ്പെടുന്നു. ഓരോ മണിക്കൂറിലും ഇവിടെ വന്നു പോകുന്നവരുടെ എണ്ണം നോക്കിയാല്‍ ഒരു കോടിയിലധികം വരും..

You must be logged in to post a comment Login