അന്തോഖ്യായിലെ ക്രൈസ്തവര്‍ പൗലോസ് പത്രോസ് ശ്ലീഹന്മാരുടെ തിരുനാള്‍ കേവ് ചര്‍ച്ച് ഓഫ് പീറ്ററില്‍ ആഘോഷിക്കും

അന്തോഖ്യായിലെ ക്രൈസ്തവര്‍ പൗലോസ് പത്രോസ് ശ്ലീഹന്മാരുടെ തിരുനാള്‍ കേവ് ചര്‍ച്ച് ഓഫ് പീറ്ററില്‍ ആഘോഷിക്കും

അന്റാക്കിയ: അന്തോഖ്യായിലെ ക്രൈസ്തവര്‍ -കത്തോലിക്കരും ഓര്‍ത്തഡോക്‌സും- ഈ വര്‍ഷം പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ഒരുമിച്ച് ആഘോഷിക്കുന്നത് കേവ് ചര്‍ച്ച് ഓഫ് പീറ്ററില്‍.  ഏറ്റവും പുരാതനമായ കേവ് ചര്‍ച്ചായ ഇത് വര്‍ഷങ്ങള്‍ നീണ്ടുനിന്ന പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2015 ലാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ജൂണ്‍ 29 നാണ് തിരുനാള്‍ ആഘോഷിക്കുന്നത്.

അന്തോഖ്യായില്‍ വച്ചാണ് ക്രൈസ്തവര്‍ ആപേരില്‍ ആദ്യമായി അറിയപ്പെട്ടുതുടങ്ങിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളുകളില്‍ പങ്കെടുക്കാന്‍ പാത്രിയാര്‍ക്കമാരും മെത്രാന്മാരും സന്നിഹിതരാകാറുണ്ട്.

സാമൂഹ്യവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍ വളരെ ചരിത്രപ്രധാനമായ ഈ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് തീര്‍ത്ഥാടകരെ പിന്നിലേക്ക് വലിക്കുന്നുവെന്ന് ഇടവക വൈദികനും കത്തോലിക്കാ സഭാംഗവുമായ ഫാ. ഡൊമനിക് ഓഎഫ്എം ക്യാപ് പറയുന്നു.

2011 ല്‍ എണ്‍പതിനായിരത്തോളം തീര്‍ത്ഥാടകര്‍ ഇവിടെ സന്ദര്‍ശിച്ചുവെങ്കില്‍ 2015 ല്‍ അത് പതിനായിരത്തില്‍ മാത്രമായി ഒതുങ്ങി. അഭയാര്‍ത്ഥികളുടെ പ്രവാഹവും മറ്റൊരു പ്രശ്‌നമാണ്. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും മാധ്യസ്ഥം തേടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login