അന്ധ ബാലികയെ ദത്തെടുക്കാന്‍ പ്രചോദനം നല്കിയത് മദര്‍ തെരേസ

അന്ധ ബാലികയെ ദത്തെടുക്കാന്‍ പ്രചോദനം നല്കിയത് മദര്‍ തെരേസ

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്‍ പോളക്ക് കൊല്‍ക്കൊത്തയിലേക്ക് യാത്രയായത് മദര്‍ തെരേസയ്‌ക്കൊപ്പം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയായിരുന്നു. ആ പരിചയവും അടുപ്പവും ആന്‍ പോളക്കിനെ നയിച്ചത് ഗുരുതരമായ ശാരീരികവൈകല്യമുളള ഒരു കുട്ടിയെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രങ്ങളില്‍ ഒന്നില്‍ നിന്ന് ദത്തെടുക്കുന്നതിലേക്കായിരുന്നു.

ഒരു അന്ധബാലികയെ ദത്തെടുക്കുക എന്ന് പറയുന്നത് അത്ര നിസ്സാരമായ കാര്യമായിരുന്നില്ല. ആന്‍ ഓര്‍മ്മിക്കുന്നു.

പതിനാറ് വര്‍ഷം മുമ്പായിരുന്നു ആന്‍ അന്ധബാലികയെ ദത്തെടുത്തത്. 1995 ല്‍ ആയിരുന്നു പോളക്ക് മദര്‍ തെരേസയെ കാണാനും ശുശ്രൂഷകളില്‍ രണ്ടാഴ്ചക്കാലത്തോളം പങ്കെടുക്കാനുമായി യാത്രയായത്.

ആദ്യ മാത്രയില്‍ തന്നെ മദറിന്റെ ജീവിതം പോളക്കിനെ ആഴത്തില്‍ സ്പര്‍ശിച്ചു. പിന്നീട് പല തവണ മദറിനെ കാണാനായി ആന്‍ കൊല്‍ക്കൊത്തയിലെത്തിയിട്ടുണ്ട്. മദര്‍ തെരേസ മരിക്കുന്നതിന് ഒരു മാസം മുമ്പു വരെ ആന്‍ അവിടെയെത്തിയിരുന്നു.

അന്ധയായ ഒരു പെണ്‍കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ജോലിയായിരുന്നു അവിടെ ആന്‍ പോളക്കിന് ലഭിച്ചത്. രേഖയെന്നായിരുന്നു ആ കുട്ടിയുടെ പേര്. അന്ധതയ്ക്ക് പുറമെ ബുദ്ധിവളര്‍ച്ചയെത്തിയിട്ടില്ലാത്ത കുട്ടികൂടിയായിരുന്നു രേഖ.

എപ്പോഴും പുഞ്ചിരിക്കുന്ന മുഖമായിരുന്നു രേഖയുടേത്. ആദ്യമാത്രയില്‍ തന്നെ ആന്‍ രേഖയുമായി അടുപ്പത്തിലായി. അന്ധയാണെങ്കിലും അവളുടെ സാധ്യതകളെ കണ്ടെത്താനും വികസിപ്പിച്ചെടുക്കാനും കഴിയുമെന്ന് ആന്‍ കരുതി.

ഒരു വര്‍ഷം കഴിഞ്ഞ് തിരികെയെത്തിയപ്പോഴും രേഖ അവിടെ തന്നെയുണ്ടായിരുന്നു. അന്ധതയും ബുദ്ധിമാന്ദ്യവും ഒരേപോലെയുള്ളതുകൊണ്ട് ആരും ദത്തെടുക്കാനില്ലാതെ കഴിയുകയായിരുന്നു രേഖ. അപ്പോഴാണ് ആന്തരികമായ ഒരുപ്രചോദനം പോളക്കിന് ലഭിച്ചത്. രേഖയെ ദത്തെടുക്കുക.

മറ്റൊരു പരിഹാരമാര്‍ഗ്ഗവും എനിക്ക് മുമ്പിലുണ്ടായിരുന്നില്ല. ഒരു അഭിമുഖത്തില്‍ ആന്‍ വ്യക്തമാക്കി.

അങ്ങനെയൊരു തീരുമാനമെടുത്തതോടെ നിരവധി പ്രശ്‌നങ്ങള്‍ ആന്‍ പോളക്കിന് മുമ്പില്‍ ഉരുണ്ടുകൂടി. അപ്പോഴും ആന്‍ ആശ്രയിച്ചത് മദര്‍ തെരേസയോടുള്ള നൊവേന പ്രാര്‍ത്ഥനയെ. വൈകാതെ ദത്തെടുക്കലിനുള്ള കടമ്പകള്‍ പൂര്‍ത്തിയായി.

ഏഴര വയസായിരുന്നു അന്ന് രേഖയ്ക്ക്. ഇന്ന് അവള്‍ക്ക് 23 വയസായി. ജന്മനാ കണ്ണുകള്‍ ഇല്ലാതെ ജനിച്ചതുകൊണ്ട് രേഖയുടെ കാര്യത്തില്‍ ഒരു അത്ഭുതവും ആന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഓട്ടിസവും ബുദ്ധിമാന്ദ്യവും കാരണം പതിനഞ്ചാം വയസിലാണ് രേഖ സംസാരിച്ചുതുടങ്ങിയത്.

ആദ്യമായി സംസാരിച്ചുതുടങ്ങിയപ്പോള്‍ പലവാക്കുകളും അവള്‍ക്ക് കിട്ടുന്നതുപോലുമുണ്ടായിരുന്നില്ല. തുടര്‍ച്ചയായി രേഖയ്ക്ക് ഫിറ്റ്‌സും വരുന്നുണ്ടായിരുന്നു. ഈ ഫിറ്റ്‌സ് വരുന്നത് ആവശ്യങ്ങളോട് പ്രതികരിക്കാനുള്ള കഴിവില്ലായ്മയുടെ ഭാഗമായിട്ടാണെന്ന് ആന്‍ പോളക്കിന് മനസ്സിലാകുന്നുണ്ടായിരുന്നു. അരക്ഷിതാവസ്ഥയും ഹോര്‍മോണ്‍ വ്യതിയാനവും എല്ലാം കൂടിയാണ് അവളുടെ ജീവിതത്തെ ഇങ്ങനെ താറുമാറാക്കിയിരിക്കുന്നതെന്നും.

ഫിറ്റ്‌സ് ഉണ്ടാകുമ്പോള്‍ അക്രമാസക്തയായിരുന്ന രേഖ ഇപ്പോള്‍ വളരെ ശാന്തയായി കഴിഞ്ഞിരിക്കുന്നു. അത് ഉണ്ടാകുന്നതിന്റെ എണ്ണവും തീവ്രതയും കുറഞ്ഞിട്ടുമുണ്ട്.

വീട്ടുകാരുടെയോ കൂട്ടുകാരുടെയോ പിന്തുണ രേഖയെ ദത്തെടുക്കുന്ന കാര്യത്തില്‍ ആന്‍ പോളക്കിന് ലഭിച്ചിട്ടുണ്ടായിരുന്നില്ല. സ്വന്തം ജീവിതം നശിപ്പിക്കുകയാണ് എന്നായിരുന്നു ആത്മസുഹൃത്തിന്റെ പോലും കുറ്റപ്പെടുത്തല്‍.

പക്ഷേ അതിലൊന്നും ആന്‍ തകര്‍ന്നില്ല. മദര്‍തെരേസയാണ് തനിക്ക് ഇത്തരമൊരു പ്രചോദനവും ധൈര്യവും നല്കിയതെന്ന് ആന്‍ വിശ്വസിക്കുന്നു.

മദര്‍ തെരേസയുമായുള്ള കണ്ടുമുട്ടല്‍ എന്നെ മറ്റൊരു വഴിയിലൂടെയാണെങ്കിലും രേഖയിലെത്തിക്കുകയായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആന്‍ പറയുന്നു.

മദര്‍ തെരേസയുടെ വിശുദ്ധ പദപ്രഖ്യാപന ചടങ്ങില്‍ രേഖയും ആന്‍ പോളക്കും പങ്കെടുത്തിരുന്നു.

ബിജു

You must be logged in to post a comment Login