അന്ന് പ്ലാന്‍ഡ് പേരന്റ് ഹുഡ് സാരഥി, ഇന്ന് പ്രോലൈഫ് പ്രചാരക…

അന്ന് പ്ലാന്‍ഡ് പേരന്റ് ഹുഡ് സാരഥി, ഇന്ന് പ്രോലൈഫ് പ്രചാരക…

ടെക്‌സാസിലെ പ്ലാന്‍ഡ് പേരന്റ്ഹുഡ് ക്ലിനിക്കിന്റെ ഡയറക്ടര്‍ ആയിരുന്നു ആബി ജോണ്‍സണ്‍. കുറ്റബോധത്തിന്റെ ചെറുലാഞ്ഛന പോലുമില്ലാതെയാണ് അവര്‍ മനുഷ്യജീവനെ ഇല്ലാതാക്കുക എന്ന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു പോന്നത്. എട്ടു വര്‍ഷത്തോളം ആബി ജോണ്‍സണ്‍ പ്ലാന്‍ഡ് പേരന്‍ഹുഡ് ക്ലിനിക്കിന്റെ ഡയറക്ടര്‍ ആയിരുന്നു.

2009 ലാണ് ആബിയുടെ പിന്നീടുള്ള ജീവിതത്തെ മാറ്റിമറിച്ച സംഭവമുണ്ടായത്. അള്‍ട്രാ സൗണ്ട് സംവിധാനങ്ങളോടു കൂടി 13 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ അബോര്‍ഷനിലൂടെ ഇല്ലാതാക്കിയപ്പോള്‍ അതുവരെ ഇല്ലാതിരുന്ന തിരിച്ചറിവും കുറ്റബോധവും ആബിയെ പൊതിഞ്ഞുനിന്നു. ആ കുറ്റബോധത്തില്‍ അവള്‍ വെന്തു നീറി.

അബോര്‍ഷന്‍ നടത്തുമ്പോള്‍ സത്രീയുടെ ഉദരത്തിലുള്ള ഭ്രൂണത്തിന് വികാരങ്ങളൊന്നുമുണ്ടാകില്ലെന്നാണ് ആബി അന്നുവരെ കരുതിയിരുന്നത്. എന്നാല്‍ 13 ആഴ്ച പ്രായമുള്ള ആ ഭ്രൂണം ഉദരത്തിലിരുന്ന് പിടക്കുന്നതും അബോര്‍ഷനുപയോഗിച്ചിരുന്ന വാക്വം ട്യൂബില്‍ നിന്നും ഏതുവിധേനയും രക്ഷപെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും ആബി കണ്ടു. സ്വന്തം മകളെയാണ് ആബിക്ക് അപ്പോള്‍ ഓര്‍മ്മ വന്നത്.

ഇനിയൊരിക്കലും ഈ ഹീനകൃത്യത്തില്‍ ഏര്‍പ്പെടുകയില്ലെന്ന് അവിടെ വെച്ചുതന്നെ ആബി തീരുമാനിച്ചു. അധികം വൈകാതെ തന്നെ പ്ലാന്‍ഡ് പേരന്റ്ഹുഡ് ക്ലിനിക്കിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അവള്‍ രാജി വെച്ചു. ഒരു അബോര്‍ഷന്‍ നടത്തിയാല്‍ ക്ലിനിക്കിന് 350 ഡോളര്‍ ലാഭം ലഭിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. മോഹനവാഗ്ദാനങ്ങള്‍ പലതും നല്‍കി പലരും ആബിയുടെ ചുറ്റും കൂടി. എന്നാല്‍ തീരുമാനത്തില്‍ നിന്നും അവള്‍ വ്യതിചലിച്ചില്ല.

‘ഹൃദയം ഒന്നാകെ ശുദ്ധീകരിക്കപ്പെട്ടതായി തനിക്കു തോന്നി’ എന്നാണ് ആത്മകഥാപരമായ ‘അണ്‍പ്ലാന്‍ഡ്’ എന്ന പുസ്തകത്തില്‍ രാജിവെച്ച നിമിഷത്തെക്കുറിച്ച് ആബി ജോണ്‍സണ്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂത്ത മകളുടെ ജനനത്തിനു മുന്‍പ് താന്‍ രണ്ട് അബോര്‍ഷന് വിധേയയാട്ടുണ്ടെന്നും ആബി പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

രാജി വെച്ച് ഉടന്‍ തന്നെ ആബി പ്രോലൈഫ് സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ‘ആന്‍ഡ് ദെന്‍ ദേര്‍ വേര്‍ നണ്‍’ (ATTWN) എന്ന പേരില്‍ ഒരു പ്രോലൈഫ് മിനിസ്ട്രിയും ഇന്ന് ആബിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സതേണ്‍ ബാപ്റ്റിസ്റ്റ് സഭാംഗമായിരുന്ന ആബി താനുള്‍പ്പെട്ട സഭ പ്ലാന്‍ഡ് പേരന്റ്ഹുഡിനെ എതിര്‍ത്തിരുന്നതിനാല്‍ വിശ്വാസമുപേക്ഷിക്കുകയായിരുന്നു. ലൂഥറൈന്‍ സഭാംഗമായിരുന്ന ഭര്‍ത്താവും വിശ്വാസമുപേക്ഷിച്ച് ആബിയോടൊപ്പം ചേര്‍ന്നു. ഇരുവരും പിന്നീട് ഭ്രൂണഹത്യയെക്കുറിച്ച് ഉദാരനിലപാടുകളുള്ള എപ്പിസ്‌കോപ്പല്‍ സഭയില്‍ ചേര്‍ന്നു. എന്നാല്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും വിശ്വാസത്തില്‍ ആഴപ്പെടുകയും ചെയ്തതോടെ 2012ല്‍ ആബിയും ഭര്‍ത്താവ് ഡൗഗും റോമന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

ആബിക്കും ഡൗഗിനും ഇന്ന് അഞ്ച് മക്കളാണുള്ളത്. മാനസാന്തരത്തില്‍ നിന്നും ആരും അകലെയല്ല, കാരണം ക്രിസ്തുവില്‍ നിന്നും ആരും അകറ്റിനിര്‍ത്തപ്പെടുന്നില്ല എന്നാണ് ആബി പറയുന്നത്. ആളുകള്‍ അബോര്‍ഷനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ദിവസമാണ് ആബി സ്വപ്‌നം കാണുന്നത്.

You must be logged in to post a comment Login