അന്ന് വിയറ്റ്‌നാം അഭയാര്‍ത്ഥി, ഇന്ന് പരമാട്ട രൂപതാ ബിഷപ്പ്

അന്ന് വിയറ്റ്‌നാം അഭയാര്‍ത്ഥി, ഇന്ന് പരമാട്ട രൂപതാ ബിഷപ്പ്

സിഡ്‌നി: ജന്മനാടായ വിയറ്റ്‌നാമിനെ തകര്‍ത്തു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നിന്ന് ഓടിരക്ഷപെടാനാണ് അന്നാ കൗമാരക്കാരന്‍ ബോട്ട് കയറിയത്. ചെന്നെത്തിയതോ, അഭയാര്‍ത്ഥിയായി ഒരന്യനാട്ടിലും.

കാലം കടന്നു പോയി. കൗമരക്കാരന്‍ വളര്‍ന്നു. അദ്ദേഹമിന്ന് ഓസ്‌ട്രേലിയായിലെ പരമാട്ടാ രൂപതയിലെ നാലാമത്തെ കത്തോലിക്കാ ബിഷപ്പായി നിയുക്തനായിരിക്കുകയാണ്.

ജൂണ്‍ 16-ാം തീയ്യതി പരമാട്ടാ രൂപത ബിഷപ്പായി അവരോധിക്കുന്ന ചടങ്ങിനിടെയാണ് തന്റെ ദുരിതം നിറഞ്ഞ കൗമാരകാലഘട്ടത്തെക്കുറിച്ച്ബിഷപ്പ് മനസ്സ് തുറക്കുന്നത്.

1961ല്‍ വിയറ്റ്‌നാമിലെ ഡോങ്ങ് നായില്‍ ജനിച്ച നെഗ്യൂയെന്‍ ക്‌സുവാന്‍ ലോക് രൂപതയിലെ സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു പഠിക്കുമ്പോളാണ് ജീവിതത്തിലെ വഴിത്തിരിവായ പല സംഭവങ്ങളും നടക്കുന്നത്.

1975ല്‍ സെയ്ഗന്റെ പതനത്തോടെ കമ്യൂണിസ്റ്റ് അധികാരികള്‍ സെമിനാരി കെട്ടിടങ്ങളില്‍ നിന്നും എല്ലാ സെമിനാരിയന്‍സിനെയും പുറത്താക്കി പട്ടാളത്താവളത്തിലേക്ക് നയിക്കാന്‍ തുടങ്ങി. സമരവും പീഡനവും അഭയാര്‍ത്ഥി ദുരിതത്തിലേക്ക് നയിച്ചു. പലരും വീടുകള്‍ ഉപേക്ഷിച്ച് ബോട്ടുകളില്‍ പാലായനം നടത്തി. ഇവര്‍ ബോട്ടു മനുഷ്യര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

18-ാം വയസ്സില്‍ നെഗ്യൂയെന്‍ ഭൂരിഭാഗം കുടുംബാഗങ്ങളില്‍ നിന്നും വേര്‍പെട്ടു. പിന്നീട് ഏതാനും കുടുംബാഗങ്ങളും അഭയാര്‍ത്ഥികളും ഉള്‍പ്പെടുന്ന 146 പേരോടൊപ്പം 55 അടി നീളമുള്ള ബോട്ടില്‍ രക്ഷപെടാന്‍ ശ്രമിച്ചു.

ലക്ഷ്യം എങ്ങോട്ടെന്നറിയാതെയുള്ള ബോട്ട് യാത്ര അപകടം നിറഞ്ഞതായിരുന്നു. ആളുകള്‍ തിങ്ങി നിറഞ്ഞ ബോട്ടില്‍ വെള്ളവും ഭക്ഷണവുമില്ലാതെ അവര്‍ക്ക് വലയേണ്ടതായി വന്നു. എല്ലാ അപകടഘട്ടങ്ങളെയും തരണം ചെയ്ത് ബോട്ട് യാത്രികര്‍ മലേഷ്യയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിച്ചേര്‍ന്നു.

ഒരു വര്‍ഷത്തിനു ശേഷം നെഗ്യൂഗെന്‍ ഓസ്‌ട്രേലിയക്ക് യാത്രയായി. അവിടെ ഫ്രിയാര്‍സ് മൈനര്‍ കണ്‍വെന്‍ച്ചുവല്‍ സന്യാസ വിഭാഗത്തില്‍ ചേര്‍ന്നു. 1989 ഡിസംബര്‍ മാസത്തില്‍ വൈദികനായി.

ബിഷപ്പായി അഭിഷിക്തനാകുന്ന ചടങ്ങില്‍ രാജ്യത്തിലെ ആളുകള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. മുറിവേറ്റപ്പെട്ടവര്‍ക്ക് സ്ഥലം കൊടുത്താല്‍ മാത്രമേ സഭയ്ക്ക് നല്ല ഭാവിയുണ്ടാവുകയുള്ളു എന്നും പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login