അപ്പന്റെ വീട്

appante veeduപുലർകാലം. പ്രാർത്ഥന അവസാനിക്കുകയാണ്. തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ചൊല്ലിത്തീർന്നശേഷം മിനി എന്നോടു ചോദിച്ചു: ”നമുക്ക് ഇനിയെങ്കിലും സ്വന്തമായി ഒരു വീടുണ്ടാവുമോ?”

ആറുമണിയായിട്ടില്ല; എന്നിട്ടും ജനാലയ്ക്കു പുറത്ത് ഇളംവെയിൽ. ഇംഗ്ലണ്ടിലെ വേനൽക്കാലം അങ്ങനെയാണ്; ദൈർഘ്യം കൂടിയ പകലുകൾ.
ഞങ്ങളുടെ വിവാഹത്തിന്റെ ഇരുപതാമത്തെ വർഷമാണിത്. ഇതിനിടയിൽ എത്രയെത്ര വാടകവീടുകൾ! സ്വന്തമല്ലാത്ത ഭവനങ്ങൾ. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മേൽവിലാസങ്ങൾ! ഞാൻ വിരലിൽ എണ്ണമെടുത്തു തുടങ്ങി.
”പ്രയാസപ്പെടേണ്ട. മൊത്തം 15 വാടകവീടുകൾ!” അവൾ ചിരിച്ചു. ഉണ്ട്, ആ ചിറിക്കോണിലുണ്ട് നേരിയൊരു നൊമ്പരം.
ഞാൻ സ്വർഗത്തിലുള്ള എന്റെ വീടിനെക്കുറിച്ചോർത്തു; അതിന്റെ ഭംഗിയെക്കുറിച്ചും.
”നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്കു സ്ഥലമൊരുക്കാൻ പോകുന്നുവെന്ന് ഞാൻ നിങ്ങളോടു പറയുമായിരുന്നോ? ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും” (യോഹ.14:1-3).
പിതാവിന്റെ ഭവനം! അവകാശത്തോടെ കടന്നുചെല്ലാവുന്ന ഒരേയൊരിടം അതുമാത്രം. നമ്മുടെ ഭാഷയിൽ ‘തറവാട്’ എന്ന മനോഹരമായൊരു വാക്കുകൊണ്ട് അതിന്റെ അടിത്തറ പണിതിരിക്കുന്നു. ദൈവത്തിന്റെ മക്കൾക്ക് അവിടുന്ന് മുൻകൂട്ടി തയാറാക്കിയിരിക്കുകയാണ് സ്വർഗത്തിലെ തറവാട്.
പൗലോസ് ശ്ലീഹാ ഈ അവകാശബോധം അരക്കിട്ടുറപ്പിക്കുന്നത് ഇങ്ങനെ:
”നാം ദൈവത്തിന്റെ മക്കളെന്ന് ഈ ആത്മാവ് നമ്മുടെ ആത്മാവിനോടു ചേർന്ന് സാക്ഷ്യം നൽകുന്നു. നാം മക്കളെങ്കിൽ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും” (റോമ 8:16-17).
സ്വർഗം നമ്മുടെ തറവാടാണെന്നു ചിന്തിക്കുന്നതുതന്നെ എത്രയോ സുകൃതപൂർണം. വിഭജിക്കപ്പെടാത്തൊരു തറവാടാണത്. പുത്രനും പുത്രനാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കും വേണ്ടി ലോകാരംഭത്തിനു മുൻപേ ഒരുക്കിയിരിക്കുന്ന തറവാടാണ് സ്വർഗം.
ഭൂമിയിൽ നാം പണിയുന്ന രമ്യഹർമ്മ്യങ്ങളുടെ ആയുസ് വർഷങ്ങൾ മാത്രം. എന്നാൽ നിത്യവിശ്രമത്തിനുള്ള ഭവനം അനശ്വരം. ഈ സ്വർഗീയ വസതിയിൽ എത്തിച്ചേരാൻ വെമ്പലോടെ കാത്തിരിക്കുന്നവരാണ് നാം. വിശുദ്ധ പൗലോസിന്റെ ജീവിതം ഇത്തരത്തിൽ സ്വർഗത്തിനുവേണ്ടിയുള്ള അടങ്ങാത്തൊരു വെമ്പലായിരുന്നു.
”ഞങ്ങൾ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാൽ നിർമിതമല്ലാത്തതും ശാശ്വതവും ദൈവത്തിൽ നിന്നുള്ളതുമായ സ്വർഗീയഭവനം ഞങ്ങൾക്കുണ്ടെന്നു ഞങ്ങൾ അറിയുന്നു.
വാസ്തവത്തിൽ ഞങ്ങൾ ഇവിടെ നെടുവീർപ്പിടുകയും സ്വർഗീയ വസതി ധരിക്കുവാൻ വെമ്പൽ കൊള്ളുകയുമാണ്” (2 കോറി.5:1-2).
അതാണു സത്യം. ഭൂമിയിൽ പണിതുയർത്തുന്ന ഒരു ഭവനവും സ്ഥായിയല്ല. സ്വർഗത്തിൽ ഒരു ഭവനം നമുക്കുണ്ടെന്ന ഉറപ്പുണ്ടെങ്കിൽ ഭൗമികമായ വസതികളെച്ചൊല്ലി ഇനിയെന്തിനാണ് വേവലാതികൾ?
ഞങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികളിലധികവും ആവർത്തിച്ചു ചോദിക്കുന്ന ചോദ്യമിതാണ്: ”വീട് വാങ്ങിയോ?” യൂറോപ്പിലും അമേരിക്കയിലുമൊക്കെ വീടു വാങ്ങാൻ ഇതാണ് പറ്റിയ കാലം എന്നവർ ഉപദേശിക്കുകകൂടി ചെയ്യാറുണ്ട്.
വേണമെങ്കിൽ ഒരു വീടു വാങ്ങാവുന്നതേയുള്ളൂ. അരിഷ്ടിച്ചു പിടിച്ചാൽ അതത്ര പ്രയാസമുള്ള കാര്യവുമല്ല. പക്ഷേ, ഉന്നത വിദ്യാഭ്യാസത്തിനു പണമില്ലാതെ വിഷമിക്കുന്ന ചില മിടുക്കരായ കുട്ടികൾ, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ വിഷമിക്കുന്ന ചില അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ, കടബാധ്യതകൊണ്ടു പുളയുന്ന ചില കുടുംബങ്ങൾ. അവർക്കായി നൽകുന്നതിൽനിന്ന് എടുത്തുവേണം ഒരു വീടു വാങ്ങാൻ. വേണ്ട, ഞങ്ങൾക്ക് സ്വന്തമായൊരു വീടു വേണ്ട!
അവന്റെ വാഗ്ദാനം നമുക്കു പ്രത്യാശ നൽകുന്നുണ്ട്: ”എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവൻ നിത്യജീവൻ അവകാശമാക്കുകയും ചെയ്യും” (മത്തായി 19:29).
നമ്മുടെ ചില സ്വകാര്യസുഖങ്ങൾ വേണ്ടെന്നു വയ്ക്കുമ്പോ ൾ ആരും തുണയില്ലാത്ത ചില കരങ്ങൾക്കു സാന്ത്വനമാകും. കണ്ണീരുണങ്ങാത്ത ചില കവിൾത്തടങ്ങൾ പുഞ്ചിരികൊണ്ടു തുടുക്കും. നിശബ്ദമായ ചില പ്രാർത്ഥനകൾ നമുക്കുവേണ്ടിയുയരും. ഇതാണ് നമുക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ ‘നൂറിരട്ടി!’
”ഈ ചെറിയവരിൽ ഒരുവന്, ശിഷ്യൻ എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്ന് സത്യമായി ഞാൻ നിങ്ങളോടു പറയുന്നു” (മത്തായി 10:42).
നമ്മുടെ ജീവിതത്തിലെ പല ആകുലതകളും ബാലിശങ്ങളാണ്. വേണ്ടതിൽ ഏറെ വെട്ടിപ്പിടിക്കാനുള്ള ആർത്തിയിൽ നിന്നാണ് ആകുലതകളേറെയും വളർന്നുപൊന്തുന്നത്. യാത്രയുടെ സുഖം കളയുന്നവയാണ് മാറാപ്പുകളുടെ ഭാരം; നല്ല വീട്, ആഡംബര കാർ, അയൽക്കാരനെക്കാളേറെ സൗകര്യങ്ങൾ. മാറാപ്പുകളിൽ കുമിഞ്ഞു കൂടുകയാണ് സ്വർഗഭവനത്തിലേക്ക് ഉയർത്താനാവാത്ത ‘പാഴ്‌നിക്ഷേപങ്ങൾ.’
നിനക്കു വേണ്ടതെന്താണെന്നു നിന്റെ പിതാവിന് നന്നായറിയാം. ”നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും. അതിനാൽ നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി” (മത്തായി 6:33-34).
ഇത്രയേറെ മഹത്തായ വാഗ്ദാനങ്ങൾ ദൈവം നമുക്ക് നൽകിയിട്ടും ആകുലതകൾക്കു മാത്രം നമുക്ക് പഞ്ഞമില്ല. അതിമനോഹരമായ നമ്മുടെ ജീവിതങ്ങളെ പുകച്ചു തീർക്കുകയാണ് ആകുലതകൾ. പലപ്പോഴും മുകളിലേക്കു മാത്രം നോക്കി നെടുവീർപ്പിടുന്ന വേഴാമ്പലുകൾ ആകുന്നു നാം.
ഒരിക്കലും താഴേക്കൊന്നു നോക്കാൻ നമുക്ക് മടിയാണ്. നമ്മുടെ മുകൾത്തട്ടുകളിലുള്ളവന്റെ ജീവിതത്തിന്റെ ഗ്രാഫ് കണ്ട് അന്തംവിട്ടിരിക്കുകയാണ് നാം. ഒരു നിമിഷം താഴേക്കൊന്നു നോക്കിയാൽ അവിടെ കാണാം വിശപ്പു കത്തിക്കാളുന്നവന്റെ മുഖങ്ങൾ, ഒട്ടിയ ഒരു പറ്റം വയറുകൾ, ദൈന്യതയുടെ ചോർന്നൊലിക്കുന്ന കൂരകൾ, ആശുപത്രിയുടെ തിണ്ണകളിൽ പുഴുവരിച്ചു കിടക്കുന്നവന്റെ ‘ഗ്ലിസറിൻ’ പുരളാത്ത കണ്ണുനീർ!
ഇവരും നമ്മോടൊപ്പം ദൈവത്തിന്റെ അവകാശികൾ തന്നെ. അവർക്കുള്ളതുകൂടി ആരൊക്കെയോ ചേർന്ന് കവർന്നതെടുത്തതുകൊണ്ടാണ് ആഡംബരത്തിന്റെ നെറുകയിൽ നമ്മുടെ ഈ എഴുന്നെള്ളത്തുകൾ.
നമ്മുടെ കർത്താവിന്റെ ഭവനം തകർന്നു കിടക്കുമ്പോൾ മണിമാളികകളിൽ വസിക്കാനെങ്ങനെ മനസു വരുന്നെന്നു നെഞ്ചുപൊട്ടി ചോദിക്കുകയാണ് പ്രവാചകനായ ഹഗ്ഗായി.
”ഈ ആലയം തകർന്നു കിടക്കുന്ന ഈ സമയം നിങ്ങൾക്കു മച്ചിട്ട ഭവനങ്ങളിൽ വസിക്കാനുള്ളതാണോ? അതുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുവിൻ. നിങ്ങൾ ഏറെ വിതച്ചു; കുറച്ചുമാത്രം കൊയ്തു. നിങ്ങൾ ഭക്ഷിക്കുന്നു, ഒരിക്കലും തൃപ്തരാകുന്നില്ല. നിങ്ങൾ പാനം ചെയ്യുന്നു, തൃപ്തി വരുന്നില്ല. നിങ്ങൾ വസ്ത്രം ധരിക്കുന്നു, ആർക്കും കുളിരു മാറുന്നില്ല. കൂലി ലഭിക്കുന്നവന് അത് ഓട്ടസഞ്ചിയിൽ ഇടാൻ മാത്രം” (ഹഗ്ഗായി 1:4-6).
ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും നാം എന്നാണോ അന്വേഷിച്ചു തുടങ്ങുന്നത്, അന്നാണ് നമ്മുടെ ജീവിതത്തിൽ ദൈവകൃപയുടെ സമൃദ്ധി നിറയുന്നത്..

You must be logged in to post a comment Login