അപ്പന്‍

അപ്പന്‍

അമ്മയെന്ന പുഴയെ ധ്യാനിച്ച് ധ്യാനിച്ച് അപ്പന്‍ എന്ന കടലിലെത്താന്‍ വൈകിപോയ കൈത്തോടാകുന്നു ഞാന്‍. അമ്മയുടെ സ്‌നേഹവും അമ്മയുമൊത്തുള്ള അനുഭവങ്ങളും വരികളില്‍ പെയ്തുതോരാതെ നിന്നു. അപ്പനെക്കുറിച്ച് ഒറ്റവരിയിലെഴുതിയതെല്ലാം ഇരട്ടവാക്കുകളായി വ്യാഖ്യാനിക്കപ്പെട്ടു.

അമ്മയുടെ സ്‌നേഹത്തിന് പുഴയുടെ തണുപ്പും കുളിരുമായിരുന്നു. എപ്പോള്‍ വേണമെങ്കിലും ഇറങ്ങിച്ചെല്ലാനും കൈക്കുടന്നയില്‍ കോരികുടിക്കാനും കഴിയും വിധത്തില്‍ അത് ആര്‍ദ്രമായിരുന്നു;പ്രാപ്യവും. പക്ഷേ അപ്പന്റെ സ്‌നേഹത്തിന് കടലിന്റെ തിരയിളക്കമായിരുന്നു; പ്രക്ഷുബ്ധവും.

തീരത്തുനിന്ന് നോക്കുന്ന ഒരാളെ അതെപ്പോഴും പരിഭ്രമിപ്പിക്കുന്നു.
അതിന്റെ ആഴങ്ങളെക്കുറിച്ചോ പരപ്പിനെക്കുറിച്ചോ ചിന്തിച്ചിരുന്നുമില്ല. ഇതെഴുതുമ്പോഴും എനിക്ക് അതിനെ തീരത്തുനിന്ന് അളക്കാനോ തിട്ടപ്പെടുത്താനോ കഴിയുന്നുവെന്ന് ഒരു ധാരണയുമില്ല..

അമ്മയ്ക്ക് മുഴുവന്‍ സ്‌നേഹവും പരിഗണനയും ശ്രദ്ധയും കൊടുക്കാനുള്ള ശ്രമത്തില്‍ അപ്പനെ ഞാനുള്‍പ്പെടെ മറ്റ് മക്കള്‍ വേണ്ട പോലെ പരിഗണിച്ചില്ലെന്ന തോന്നല്‍ ഒരു വെളിപാടുപോലെ കഴിഞ്ഞ ദിനങ്ങളിലെന്നോ ആണ് എനിക്ക് തോന്നിയത്.  ഒരു പക്ഷേ അപ്പനെക്കുറിച്ച് കണ്ട ഒരു ദു:സ്വപ്നത്തില്‍ നിന്നായിരിക്കാം അത്.

സ്വപ്നത്തില്‍ അപ്പന്‍ മരിച്ചുകിടക്കുകയായിരുന്നു. സെമിത്തേരിയില്‍ പണിതീര്‍ന്ന കല്ലറയ്ക്ക് സമീപം, അലങ്കരിച്ച ശവപേടകത്തിലായി… സംസ്‌കാരത്തിന് ഇനിയും ഏതാനും നിമിഷങ്ങളുണ്ടായിരുന്നുവെന്ന് തോന്നുന്നു. അവസാനത്തെ ചുംബനം എന്ന ഏറ്റവും വേദനാകരവും തിരിച്ചുപിടിക്കാന്‍ കഴിയാത്തതുമായ ഒരു അഭിശപ്ത നിമിഷത്തിന്റെ തികവില്‍ ഞാനപ്പനെ ഉമ്മ വച്ചു.

ആ നിമിഷം തന്നെ ഞാനൊരു നിലവിളിയോടെ ചാടിയെണീറ്റു. എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അപ്പന്‍ എന്നേയ്ക്കുമായി എനിക്ക് നഷ്ടമായിരിക്കുന്നു ഈ ഭൂമിയില്‍ നിന്ന്… ഞാനപ്പനെ സ്‌നേഹിച്ചിരുന്നുവെന്നും ഒരു മൃദുമന്ത്രണമായി കഴിഞ്ഞ കുറെ കാലങ്ങളായി അപ്പനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ ഹൃദയജാലകങ്ങളില്‍ വന്നലയ്ക്കാറുണ്ടായിരുന്നുവെന്നും അപ്പനെ അറിയിക്കാതെ, അപ്പന് മനസ്സിലാവാതെ എന്റെ അപ്പന്‍ യാത്രയായിരിക്കുന്നു..
അപ്പോള്‍.. അപ്പോള്‍ എനിക്ക് തോന്നി, ഒരു പക്ഷേ അമ്മ മരിച്ചുപോയാല്‍ ഞാന്‍ ഇത്രമാത്രം തകരുകയോ തളരുകയോ ചെയ്യില്ലെന്ന്.

കാരണം ഈ ജന്മം കൊണ്ട് അമ്മയ്ക്ക് കൊടുക്കാവുന്ന സ്‌നേഹം മുഴുവന്‍, ഒരു മകനെന്ന നിലയില്‍ ചെയ്തുകൊടുക്കേണ്ടതെല്ലാം ഇതിനകം അമ്മയ്ക്ക് നല്കി കഴിഞ്ഞിരുന്നുവല്ലോ.
പക്ഷേ അപ്പന്‍… അപ്പന് ഞാനെന്തെങ്കിലും നല്കിയിട്ടുണ്ടോ..?

കൊടുക്കാതെ പോയ സ്‌നേഹങ്ങളെയോര്‍ത്ത് ഞാനിത്രമേല്‍ ഇതിന് മുമ്പൊരിക്കലും വേദനിച്ചിട്ടില്ല. തിരികെ കിട്ടാതെ പോയ സ്‌നേഹങ്ങള്‍ ഒരുപാടുണ്ടാവാം.. എങ്കിലും ചുറ്റിനും ബന്ധപ്പെട്ടിരുന്നവര്‍ക്ക്, അര്‍ഹതപ്പെട്ടിരുന്നവര്‍ക്ക് അത് നല്കാതെ പോയിട്ടില്ല..

അപ്പന്റെ സ്വരം കേള്‍ക്കാന്‍ എനിക്കപ്പോള്‍ അദമ്യമായി ആഗ്രഹം തോന്നി. മാത്രവുമല്ല ഞാന്‍ കണ്ടത് ഒരു സ്വപ്നം മാത്രമാണെന്ന് ആകുലമായ എന്റെ മനസ്സിനെ എനിക്ക് തൃപ്തിപ്പെടുത്തുകയും വേണമായിരുന്നു. കിലോമീറ്ററുകള്‍ക്കകലെ നിന്ന് ഞാനന്ന് പതിവില്ലാത്തവിധം അപ്പനോട് സംസാരിച്ചു.

അപ്പോഴെനിക്ക് ഓര്‍മ്മ വന്നത് കുറെനാള്‍ മുമ്പത്തെ ഒരു പിറന്നാള്‍ ദിനത്തില്‍ എനിക്ക് അപ്പന്‍ ഫോണ്‍ ചെയ്തതാണ്. അപ്പന്‍ സാധാരണയായി ഫോണ്‍ ചെയ്യുകയോ അറ്റന്റ് ചെയ്യുകയോ ഇല്ല.. അതുകൊണ്ട് പതിവില്ലാതെ അപ്പന്റെ ഫോണ്‍ വന്നപ്പോള്‍ എനിക്ക് പരിഭ്രമമായി.

” എന്നാ അപ്പാ കാര്യം” എന്ന് ഉല്‍ക്കണ്ഠപ്പെട്ടപ്പോള്‍ ” ഇന്ന് നിന്റെ പിറന്നാളല്ലേടാ ” എന്നായിരുന്നു മറുപടി. അന്ന് വീട്ടിലെ ഫോണ്‍ കംപ്ലയ്ന്റ് ആയിരിക്കുകയായിരുന്നു.
അതുകൊണ്ട് അമ്മ പറഞ്ഞതിന്‍പ്രകാരം ബൂത്തില്‍ നിന്ന് വിളിച്ചതായിരുന്നു അപ്പന്‍.

മറ്റാരും എന്നെ വിളിക്കുകയോ എന്റെ ജന്മദിനം ഓര്‍ക്കാതിരിക്കുകയോ ചെയ്ത ആ ജന്മദിനത്തിലെ ആ വിളിക്ക് ഒരു പിറന്നാള്‍ സമ്മാനത്തിന്റെ ആനന്ദമുണ്ടായിരുന്നു.

കുട്ടിക്കാലത്ത് ദിനവും ഞാന്‍ അപ്പനെ കണ്ടതായി ഓര്‍ക്കുന്നതേയില്ല. കാരണം കച്ചവടക്കാരനായ അപ്പന്‍ വളരെ വൈകി മാത്രം കടയടച്ച് വീട്ടിലെത്തുമ്പോഴേക്കും ഞാന്‍ ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. അതിരാവിലെ കട തുറക്കാന്‍ പോകേണ്ടിയതുകൊണ്ട് ഞാന്‍ ഉണര്‍ന്നിട്ടുമുണ്ടാവില്ല. കൗമാരത്തിലെത്തിയപ്പോഴേക്കും അപ്പന്‍ വളരെ വൈകി മാത്രം കടയിലേക്ക് പുറപ്പെടുകയും വളരെ നേരത്തെ കടയടച്ച് വീട്ടിലെത്തുകയും ചെയ്തുകൊണ്ടിരുന്നു.

അപ്പോഴേക്കും അപ്പന്റെ കച്ചവടം പൊളിഞ്ഞുതുടങ്ങിയിരുന്നു. കാലിയായ മിഠായിഭരണികള്‍ക്കും തൊലിയുണങ്ങി അറ്റുവീഴാന്‍ പാകത്തില്‍ ഭൂരിഭാഗവും തീരാറായ പഴക്കുലകള്‍ക്കും ഇടയില്‍ പുകയുന്ന ബീഡിത്തുണ്ട് പോലെ അപ്പന്‍ നില്ക്കുന്നത് ഇന്നും ഞാന്‍ മറന്നിട്ടില്ല.

അനിയന്റെ കടയില്‍ ബീഡി തൊറുത്തുകൊടുത്താല്‍ ആഴ്ച തോറും കിട്ടുന്ന അഞ്ചുരൂപ കൊണ്ട് ഏകദേശം മുപ്പതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയും ആറുമക്കളുമടങ്ങുന്ന വലിയൊരു കുടുംബത്തെ അപ്പന്‍ എങ്ങനെ തീറ്റിപോറ്റിയെന്ന് ഇന്ന് ഞാനമ്പരക്കാറുണ്ട്.

(അമ്മമാരുടെ ത്യാഗത്തെക്കുറിച്ചും സഹനത്തെക്കുറിച്ചും വ്യാകുലപ്പെടുന്ന നമ്മള്‍ എന്തുകൊണ്ടാണ് മക്കളുടെയും ഭാര്യയുടെയും എല്ലാ വിധ കാര്യങ്ങളും തങ്ങളാലാവുന്നവിധം നോക്കി നടത്താന്‍ ബദ്ധപ്പെടുന്ന പാവം കുടുംബനാഥന്മാരെക്കുറിച്ച് ആഴപ്പെടാത്തത്? ക്രിസ്തുവിന്റെ ജനനം മുതല്‍ മരണംവരെ താങ്ങായും തണലായും നിന്ന മേരിയെ നമ്മള്‍ ഹൃദയപൂര്‍വ്വം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ജോസഫിന്റെ സഹനയാനങ്ങളെ നമ്മള്‍ ആഴത്തില്‍ എത്രകണ്ട് മനസ്സിലാക്കിയിട്ടുണ്ട് ? എല്ലാ അമ്മമാരിലും മേരിയുണ്ടെന്ന പാഠമേ നമ്മള്‍ പഠിച്ചിട്ടുള്ളൂ. ഇനി മുതല്‍ നീതിനിഷ്ഠരും നിസ്സഹായരും ദുര്‍ബലരുമായ എല്ലാ കുടുംബനാഥന്മാരിലും ജോസഫുമുണ്ടെന്ന നവപാഠങ്ങള്‍ കൂടി നമ്മള്‍ പറഞ്ഞുകൊടുക്കണം).

തങ്ങള്‍ക്ക് കിട്ടാതെ പോവുന്ന സുഖസൗകര്യങ്ങളോയോര്‍ത്ത് പഴി പറയാനാവും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ താല്പര്യം. കുറ്റപ്പെടുത്തിയിട്ടുണ്ട്, മനസ്സിലും അല്ലാതെയും ഞാനപ്പനെ ഒരുപാട്.. ഇന്നെനിക്കറിയാം ഒരു കുടുംബം നടത്താനുള്ള ഒരാളുടെ പെടാപാട്.

അപ്പനെനിക്ക് ഒന്നും നിഷേധിച്ചിരുന്നില്ല . പ്രോഗസ് കാര്‍ഡില്‍ ഒന്നിലധികം വിഷയങ്ങള്‍ക്ക് താഴെ ചുവപ്പുവരയുമായി ഒപ്പിട്ടുകിട്ടുന്നതിനായി സമീപിക്കുമ്പോഴും മറുത്തൊന്നും പറയാതെ ഒപ്പിട്ടുതന്നിട്ടേയുള്ളൂ എന്റെ അപ്പന്‍. പിന്നെ കോളജ് വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ ദിനംതോറുമുള്ള രണ്ടുനേരത്തെ ബസ് യാത്രയ്ക്കായി ഇരുപത്തഞ്ചിന്റെയും പത്തിന്റെയുമായി കൃത്യം എഴുപതു പൈസ തന്നുവിടുന്നതിലും മുടക്കം വരുത്തിയിട്ടുമില്ല അപ്പന്‍..

ഇത്രയും കാലത്തെ ജീവിതം കൊണ്ട് ഭൂമിയിലെ ഒരു ബാങ്കിലും അപ്പന് നിക്ഷേപങ്ങളുണ്ടായിട്ടില്ല. എന്നിട്ടും നിക്ഷേപിക്കാനുള്ള ചെറിയ പാഠം അബോധപൂര്‍വ്വമായി എന്നെ പഠിപ്പിച്ചത് അപ്പനാണ്. അതെങ്ങനെയെന്നാല്‍ കച്ചവടക്കാരനായ അപ്പന് അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ചൂടുചോറുമായി പോകേണ്ടിയ ജോലി എനിക്ക് വന്നുപെടാറുണ്ടായിരുന്നു..
അത്തരം ദിവസങ്ങളില്‍ മടങ്ങാന്‍ തുടങ്ങുമ്പോള്‍ പണപ്പെട്ടിയില്‍ നിന്ന് പുതിയ ഒറ്റ രൂപനാണയം അപ്പനെനിക്ക് തരും; പോരുന്ന വഴിക്ക് തിന്നാനായി കപ്പലണ്ടി മിഠായിയും.

ആ നാണയം പ്രിയപ്പെട്ടതായിരുന്നുവെങ്കിലും അത്തരം യാത്രകളെ ഞാന്‍ വെറുത്തിരുന്നു. കാരണം ഞാന്‍ വരുമ്പോള്‍ കട എന്നെയേല്പിച്ച് അപ്പന്‍ അത്യാവശ്യകാര്യങ്ങള്‍ക്കായി എങ്ങോട്ടെങ്കിലും പോകും. ആ നേരത്ത് കച്ചവടം വല്ലതും നടന്നാല്‍ കണക്കുകൂട്ടി പൈസ വാങ്ങാനോ സാധനം എടുത്തുകൊടുക്കാനോ എനിക്കറിയില്ല. അതുകൊണ്ടാണ് അത്തരം യാത്രകളെ ഞാന്‍ വെറുത്തതും അതില്‍ നിന്ന് കഴിയുന്നതും ഒഴിഞ്ഞുമാറിയതും. ഈ നശിച്ച കട ഒന്നടച്ചുപൂട്ടിയിരുന്നെങ്കിലെന്ന് ഞാനന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്.

എന്റെ പ്രാര്‍ത്ഥന കൊണ്ടൊന്നുമായിരിക്കില്ല പിന്നെയും ഒരുപാട് കാലം അപ്പന് കച്ചവടിക്കാനായില്ല. വാടകപോലും കൃത്യമായി കൊടുത്തുവീട്ടാന്‍ കഴിയാതെ വന്നപ്പോള്‍, കടം വാങ്ങിയും കട നടത്തിക്കൊണ്ടുപോവാന്‍ കഴിയില്ലെന്ന് തീര്‍ച്ചയായപ്പോള്‍, ഇനി ഒരദ്ഭുതവും വഴിവക്കില്‍ അപ്പനെ കാത്തുനില്ക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍, അനിവാര്യമായ ഒരു ദുരന്തം പോലെ അപ്പന് കട ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു.

അങ്ങനെ ഒരു തിരുവോണനാള്‍ ഒഴിഞ്ഞ മിഠായിഭരണികളും കാലിയായ പണപ്പെട്ടിയും പിന്നെ ഒരു മുറുക്കാന്‍കടയിലെ പരിമിതമായ സാധനസാമഗ്രികളുമായി അപ്പന്‍ വീട്ടിലേക്ക് വന്നപ്പോള്‍ വീടുകള്‍ പുകയാറുണ്ടെന്നും അതിന് ശ്വാസം മുട്ടാറുണ്ടെന്നും എനിക്കാദ്യമായി മനസ്സിലായി. ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഓണമായിരുന്നുവതെന്ന് ഞാനിന്നും ഓര്‍ക്കുന്നു.

ജീവിതം തുടങ്ങിയ പഴയ പണിയിലേക്ക് അപ്പന്‍ ഗതികേടുകൊണ്ട് മടങ്ങുന്നത് ഒട്ടൊരു അപമാനത്തോടെയാണ് ഞാന്‍ നോക്കിനിന്നത്. വെട്ടിയൊരുക്കിയ പ്രത്യേക ആകൃതിയുള്ള ബീഡിയിലകള്‍ പുരയിലെ മുറിയില്‍ അപ്പന് ചുറ്റും, നിറയ്ക്കാനുള്ള ചുക്കായ്ക്കും ചുറ്റിവരിയാനുള്ള നൂലുണ്ടയ്ക്കുമായി കാത്തുകിടന്നു. അതാരെങ്കിലും അറിയുന്നത് വലിയ നാണക്കേടായി ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നി.

മുറ്റത്തുപതിയുന്ന കരിയിലയൊച്ചകള്‍ പോലും ഞങ്ങളെ പതിവില്ലാത്തവിധം ജാഗരൂകരാക്കി. കാഴ്ചയുടെ തെളിമയ്ക്കായി അപ്പന്‍ ബീഡിമുറവുമായി വരാന്തയിലേയ്‌ക്കെങ്ങാനും നീങ്ങുന്നതു കണ്ടാല്‍ ഞാന്‍ വിറളി പിടിക്കും… നാണക്കേട്..

വിറയ്ക്കുന്ന കരങ്ങള്‍കൊണ്ടും മൂടല്‍ വന്നു തുടങ്ങിയ കാഴ്ചകൊണ്ടും അപ്പന്‍ ബീഡി തെറുക്കുന്നതും അത് നൂറിന്റെയും അമ്പതിന്റെയും രണ്ടുതരം കെട്ടുകളായി വേര്‍തിരിക്കുന്നതും പിന്നെ വൈകുന്നേരങ്ങളില്‍ അത് പൊതിഞ്ഞുകെട്ടി വില്ക്കാനായി പോകുന്നതും കണ്ണീരിന്റെ തിളക്കത്തോടെ ഞാന്‍ ഇന്നും കാണുന്നു. മടങ്ങിവരുമ്പോള്‍ ഒരുനേരത്തെയെങ്കിലും വകയുണ്ടാവും അപ്പന്റെ കൈയില്‍.

ജീവിതവും ഭാവിയും എന്നെ ഇത്രമേല്‍ അസ്വസ്ഥപ്പെടുത്തിയ മറ്റൊരു കാലമില്ല. ബീഡിയിലകളുടെ നനവുഗന്ധം ഇന്നും നാസാരന്ധ്രങ്ങളില്‍ എന്നെ അസ്വസ്ഥപ്പെടുത്തുന്നു. അങ്ങനെ എത്ര നാളുകള്‍…

പിന്നെ കാലത്തിന്റെ ആശ്വാസംപോലെ അപ്പന്റെ മടിയില്‍ നിന്ന് ബീഡിമുറം എന്നേയ്ക്കുമായി താഴെയിറങ്ങി. അന്നത്തെ ചുറ്റുപാടില്‍ അപ്പാ, ഞാന്‍ അപ്പനെ വെറുത്തിട്ടുണ്ടെന്ന് ഏറ്റുപറയുന്നു. ഏതു മകനും അവന്റെ ജീവിതത്തിലെ ചില പ്രത്യേകഘട്ടങ്ങളില്‍ അച്ഛന്‍ വെറുക്കപ്പെട്ടവനാകാറുണ്ടെന്ന ചില പാഠങ്ങള്‍ മാത്രമാണ് അതില്‍ നിന്നെന്നെ കുറച്ചെങ്കിലും ആശ്വസിപ്പിക്കുന്നത്.

അവന്റെ വെറുക്കലിന് അടിസ്ഥാനങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് വളരെ വൈകിയായിരിക്കും തിരിച്ചറിവും ഉണ്ടാകുക. ഞാനിപ്പോള്‍ അത്തരമൊരു തിരിച്ചറിവിലാണ്. അപ്പനെന്നെ മനസ്സിലാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം അപ്പനും ഈ പ്രായം കടന്നാണല്ലോ വന്നത്?

അപ്പനോടെന്നാണ് എനിക്കേറ്റവും കൂടുതല്‍ ബഹുമാനം തോന്നിയത്? ചേട്ടന്‍ വിവാഹിതനായപ്പോഴായിരുന്നു അതെന്ന് തോന്നുന്നു. അപ്പന്‍ അന്ന് അമ്മയോട് പറഞ്ഞത് ഇതാണ്, ” ഇനി മുതല്‍ നമുക്ക് നാലല്ല അഞ്ചാണ് പെണ്‍മക്കള്‍..”

അപ്പന്‍ സ്‌നേഹിച്ചിട്ടില്ല, അപ്പന് സ്‌നേഹിക്കാനറിയില്ല എന്നൊക്കെയുള്ള മിഥ്യാധാരണകള്‍, ചേട്ടന്റെ കുഞ്ഞുമക്കള്‍ക്ക് സ്‌നേഹത്തിന്റെ ഉത്സവങ്ങളോടെ അപ്പന്‍ ആറാട്ടുനടത്തുന്നത് കാണുമ്പോള്‍ തകര്‍ന്നുവീഴുകയാണെന്നില്‍.

രാത്രികാലങ്ങളില്‍ ജോലിസ്ഥലത്തേക്ക് യാത്ര തിരിക്കുമ്പോള്‍ വണ്ടി കയറ്റിവിടാനായി മഴയെന്നും മഞ്ഞെന്നും ഇരുട്ടെന്നും നോക്കാതെ കൂടെ വരുമ്പോള്‍, മഴയത്ത് കുടയെടുക്കാതെ പോയതറിഞ്ഞ് വെയ്റ്റിംങ്‌ഷെഡില്‍ കുടയുമായി കാത്തുനില്ക്കുമ്പോള്‍, അപ്പന്റെ സ്‌നേഹത്തിന്റെ മഴക്കുളിര് ഞാനറിയുന്നു. ആ കടലില്‍ ഞാന്‍ സ്‌നാനപ്പെടുന്നു. മക്കള്‍ സ്‌നേഹിച്ചാലും സ്‌നേഹിച്ചില്ലെങ്കിലും പരാതിപറയുകയോ ഒന്നും നല്കിയില്ലെങ്കിലും കൈ നീട്ടുകയോ മക്കളോടുള്ള സ്‌നേഹത്തിന്റെ മേല്‍ അവകാശവാദങ്ങളോ വാദപ്രതിവാദങ്ങളോ ഉന്നയിക്കുകയോ ചെയ്യാതെ എന്റെ അപ്പന്‍ പുഴപോലെ നിശ്ശബ്ദം ഒഴുകുന്നു..

അവധിക്ക് വീട്ടിലെത്തിയപ്പോള്‍ അപ്പന്‍ കളിയായെന്നോണം എന്നോടു പറഞ്ഞു.
”നിന്റെയത്ര പഠിപ്പുണ്ടായിരുന്നെങ്കില് നിന്നെക്കാള്‍ നന്നായി ഞാനെഴുതുമായിരുന്നു..”

കേട്ട മാത്രയില്‍ ചിരിയാണ് തോന്നിയത്. പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി, സത്യം.. അപ്പന്റെ ഭാവനയ്ക്കും സങ്കല്പങ്ങള്‍ക്കും കഴിവുകള്‍ക്കും പരിധി നിശ്ചയിക്കാനാവില്ല.

അപ്പാ, അപ്പനെഴുതാതെ പോയത് ഞാനെഴുതുന്നുവെന്നേയുള്ളൂ.. ഒടുവില്‍ ഞാനെഴുതിയതും അപ്പന്‍ എഴുതാത്തതും ഒന്നാകും.. എഴുതാതെ പോയ അപ്പന്റെ നിത്യഓര്‍മ്മയ്ക്കായി എഴുതി പോയ ഈ മകന്റെ കുറിപ്പുകള്‍ ഞാനിവിടെ രേഖപ്പെടുത്തട്ടെ..

ഒടുവില്‍ ഹൃദയം തുറന്ന് മറ്റൊന്നുകൂടി പറഞ്ഞുകൊള്ളട്ടെ…നന്ദിയുണ്ട്, അകാലത്തില്‍ ജന്മം തന്നതിനും അതുകൊണ്ടുതന്നെ പിറക്കാന്‍ അനുവദിച്ചതിനും. എന്റെ ജന്മനിയോഗം എന്തായിരുന്നുവെന്ന് എനിക്കിപ്പോള്‍ മനസ്സിലാവുന്നു. അത് അപ്പനെക്കുറിച്ച് ഇത്രയുമെങ്കിലും എഴുതുക എന്നതായിരുന്നു.

അപ്പന്മാരെ ജീവിതത്തില്‍ ഒരിക്കലെങ്കിലും വെറുക്കുകയും സ്‌നേഹിക്കാന്‍ വൈകിപോവുകയും ചെയ്ത എല്ലാ മക്കള്‍ക്കുവേണ്ടിയും ഒത്തിരി സ്‌നേഹത്തോടെ…

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login