അപ്പോസ്തലന്മാരുടെ വീരമരണങ്ങള്‍

അപ്പോസ്തലന്മാരുടെ വീരമരണങ്ങള്‍

Caravaggio_-_Martirio_di_San_Pietroശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല എന്നു പറഞ്ഞത് യേശു ക്രിസ്തു തന്നെയാണ്. ചരിത്രത്തെ രണ്ടായി പകുത്ത അതുല്യമായ മരണമായിരുന്നു, അവിടുത്തേത്. ക്രിസ്തുവിനെ പിന്‍ചെല്ലുകയെന്നാല്‍ ധീരമായ ജീവിക്കുക മാത്രമല്ല, ധീരമായി മരിക്കുക കൂടിയാണെന്ന് കാണിച്ചു തന്നു ക്രിസ്തുവിന്റെ ശിഷ്യന്മാരും അനുയായികളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന കാലഘട്ടത്തില്‍ അപ്പസ്തലന്മാര്‍ വരിച്ച വീരമരണങ്ങളെ അറിയാം.

 

 

 

മത്തായി: എത്തിയോപ്യയില്‍ വച്ച് വാളിനിരയായി രക്തസാക്ഷിത്വം വരിക്കുകയായിരുന്നു ഈ സുവിശേഷകനായ ക്രിസ്തുശിഷ്യന്‍

മര്‍ക്കോസ്: ഈജിപ്തിലെ അലക്‌സാണ്‍ഡ്രിയയില്‍ വച്ചായിരുന്നു, മര്‍ക്കോസിന്റെ മരണം. മരണം വരെ ശത്രുക്കള്‍ അദ്ദേഹത്തെ കുതിരകളുടെ പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴക്കുകയായിരുന്നു.

ലൂക്ക: ഗ്രീസില്‍ സുവിശേഷം പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തെ ശത്രുക്കള്‍ പിടിച്ചു തൂക്കിലേറ്റി

യോഹന്നാന്‍: റോമാ സാമ്രാജ്യത്തിന്റെ കീഴിലുള്ള ക്രൈസ്തവ പീഡനത്തിന്റെ കാലത്ത് അദ്ദേഹത്തെ അവര്‍ പിടിച്ച് തിളയ്ക്കുന്ന എണ്ണയിലിട്ടു. എന്നാല്‍ അദ്ഭുതകരമായി ദൈവം യോഹന്നാനെ സംരക്ഷിച്ചു. തുടര്‍ന്ന് പാത്മോസ് ദ്വീപിലേക്കു നാടുകടത്തപ്പെട്ടു. ഇവിടെ വച്ചാണ് അദ്ദേഹം വെളിപാട് എഴുതിയത്. അവിടെ നിന്നും മോചിതനായി അദ്ദേഹം എഡേസ്സയിലെ മെത്രാനായി, അവസാനം ശാന്തമരണം വരിച്ചു. സ്വാഭാവിക മരണം വരിച്ച ഏക അപ്പസ്‌തോലനാണ് യോഹന്നാന്‍.

പത്രോസ്: തലകീഴായി കുരിശില്‍ തറയ്ക്കപ്പെടുകയായിരുന്നു, ആദ്യത്തെ മാര്‍പാപ്പ. ഗുരുവായ ക്രിസ്തുവിനെ പോലെ നേരെ ക്രൂശിതനാകാന്‍ താന്‍ യോഗ്യനല്ലെന്ന് പറഞ്ഞ് പത്രോസ് തന്നെ തലകീഴായി കുരിശില്‍ തറയ്ക്കാന്‍ കൊലയാളികളോട് ആവശ്യപ്പെടുകയായിരുന്നു.

യാക്കോബ്: ജെറുസലേം സഭയുടെ അധിപനായിരുന്ന യാക്കോബ് ദേവാലയത്തിന്റെ തെക്കുകിഴിക്കേ ഗോപുരമുകളില്‍ നിന്നും നൂറടി താഴേക്ക് എറിയപ്പെട്ടു. എന്നിട്ടും മരിച്ചില്ല എന്നു കണ്ട് അദ്ദേഹത്തെ അവര്‍ ഗദ കൊണ്ടടിച്ചു കൊന്നു.
സെബദിയുടെ പുത്രനായ യാക്കോബ്: അദ്ദേഹം ജെറുസലേമില്‍ വച്ച് ശിരച്ഛേദം ചെയ്യപ്പെട്ടു. അദ്ദേഹത്തെ വിചാരണ ചെയ്ത റോമന്‍ സൈന്യാധിപന്‍ അദ്ദേഹത്തിന്റെ ദൈവിക ചൈതന്യം കണ്ട് മാനസാന്തരപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഈ സൈന്യാധിപനും മരണം വരിച്ചു.

ബര്‍ത്തലോമിയോ: നഥാനിയേല്‍ എന്നു കൂടി പേരുള്ള അദ്ദേഹം ഏഷ്യയിലെ പ്രേഷിതനായിരുന്നു. ഇന്നത്തെ തുര്‍ക്കിയില്‍ പ്രേഷിത വേല ചെയ്യുന്നതിനിടെ അര്‍മേനിയയില്‍ വച്ച് അദ്ദേഹത്തെ ശത്രുക്കള്‍ തൊലിയുരിഞ്ഞ് ചാട്ട കൊണ്ടടിച്ചു കൊന്നു.

അന്ത്രയോസ്: എക്‌സ് എന്ന ഇംഗ്ലീഷ് അക്ഷരമാലയുടെ രൂപത്തിലുള്ള കുരിശിലാണ് അന്ത്രയോസിനെ ക്രൂശിച്ചത്. ഗ്രീസിലെ പാത്രാസില്‍ വച്ച്. കുരിശില്‍ കെട്ടിയിട്ട് ഏഴ് പടയാളികള്‍ അദ്ദേഹത്തെ തുടര്‍ച്ചായി മര്‍ദിച്ചു. കുരിശിലേക്കു നയിക്കപ്പെട്ടപ്പോള്‍ അന്ത്രയോസ് ആനന്ദത്തോട് പറഞ്ഞു: ഞാന്‍ കാത്തിരുന്ന ആ സൗഭാഗ്യനിമിഷം ഇതാ എത്തി! മരിക്കും വരെ അദ്ദേഹം തന്റെ മര്‍ദ്ദകരോട് സുവിശേഷം പ്രസംഗിച്ചു കൊണ്ടിരുന്നു.

തോമസ് : ഇന്ത്യയിലെ പ്രേഷിതപര്യടനത്തില്‍ മൈലാപ്പൂരില്‍ വച്ച് കുന്തത്താല്‍ കുത്തപ്പെട്ട് രക്തസാക്ഷിത്വം വരിച്ചു.

യൂദാ തദേവൂസ്: ക്രിസ്തുവിനെ തള്ളിപ്പറയാനുള്ള ആജ്ഞയെ ചെറുത്ത യൂദായെ ശത്രുക്കള്‍ അമ്പെയ്തു കൊന്നു.

മത്തിയാസ്: യൂദാസ് സ്‌കറിയോത്തയ്ക്ക്ു പകരമായി തെരഞ്ഞെടുക്കപ്പെട്ട മത്തിയാസിനെ കല്ലെറിഞ്ഞ ശേഷം ശിരച്ഛേദം ചെയ്തു കൊന്നു.

പൗലോസ്: നീറോ ചക്രവര്‍ത്തിയുടെ കാലത്ത്, പൗലോസ് അപ്പോസ്തലന്‍ ശിരച്ഛേദം ചെയ്യപ്പെട്ടു.

ഫിലിപ്പോസ് : ഫ്രീജിയയില്‍ സുവിശേഷം പ്രഘോഷിച്ചു കൊണ്ടിരിക്കെ ശത്രുക്കളായ യഹൂദര്‍ അദ്ദേഹത്തെ മര്‍ദിച്ച് തലകീഴായി കുരിശില്‍ തറച്ചു കൊന്നു.

You must be logged in to post a comment Login