അഭയാര്‍ത്ഥികളെ ഹൃദ്യമായി സ്വീകരിച്ചു കൊണ്ടാണ് തീവ്രവാദത്തെ ചെറുക്കേണ്ടതെന്ന് മാര്‍പാപ്പ

അഭയാര്‍ത്ഥികളെ ഹൃദ്യമായി സ്വീകരിച്ചു കൊണ്ടാണ് തീവ്രവാദത്തെ ചെറുക്കേണ്ടതെന്ന് മാര്‍പാപ്പ

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണ് അഭയാര്‍ത്ഥി പ്രശ്‌നമെന്നും, അഭയാര്‍ത്ഥികളെ ഹൃദയപൂര്‍വം വരവേല്‍ക്കുകയാണ് തീവ്രവാദത്തിനെതിരായുള്ള ഏറ്റവും വലിയ പ്രതിരോധമെന്നും ഫ്രാന്‍സിസ് പാപ്പാ. ആറര കോടിയോളം ജനങ്ങളാണ് സ്വന്തം നാടും വീടും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായിരിക്കുന്നത്.

‘ചരിത്രത്തിലെ നിര്‍ണായകമായ ഈ ഘട്ടത്തില്‍ നാം പാവങ്ങളുടെ നിലവിളി കേള്‍ക്കണം. കരുണയോടും ഔദാര്യത്തോടും കൂടി അവരെ സ്വീകരിക്കണം’ പാപ്പാ ആവശ്യപ്പെട്ടു. ഈശോ സഭ നടത്തുന്ന സ്‌കൂളുകളിലെയും സര്‍വകലാശാലകളിലെയും ബിരുദധാരികളോട് സംസാരിക്കുകയായിരുന്നു, പാപ്പാ.

‘നിങ്ങളുടെ ഭവനങ്ങളിലും സമൂഹങ്ങളിലും അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. യൂറോപ്പിന്റെ മണ്ണില്‍ ആദ്യമായി കാല്‍ കുത്തുമ്പോള്‍ അവര്‍ ആദ്യം അനുഭവിക്കുന്നത് തണുത്ത തെരുവുകളിലെ ഉറക്കമാകാതിരിക്കട്ടെ, മറിച്ച്, ഊഷ്മളമായ സ്വാഗതമാകട്ടെ!’ പാപ്പാ പറഞ്ഞു.

ആത്മാര്‍ത്ഥതയുള്ള ഉപചാരം സുവിശേഷ മൂല്യമാണെന്നും പാപ്പാ ഓര്‍മപ്പെടുത്തി. അതിനു മാത്രമേ സ്‌നേഹത്തെ വളര്‍ത്താനും തീവ്രവാദത്തിന്റെ വെറുപ്പു നിറഞ്ഞ മനോഭാവത്തെ പ്രതിരോധിക്കാനും കഴിയൂ എന്നും പാപ്പാ കുട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login