അമാവാസിക്ക് ശേഷം പൗര്‍ണമി വരാതിരിക്കുമോ?

അമാവാസിക്ക് ശേഷം പൗര്‍ണമി വരാതിരിക്കുമോ?

Moonlit landscapeജനിച്ചതും വളര്‍ന്നതും റോമന്‍ കത്തോലിക്കരായിട്ട്.. വിദ്യാഭ്യാസം നടത്തിയത് ഈശോസഭ വൈദികരുടെ സ്ഥാപനങ്ങളില്‍.. എന്നിട്ടും ജീവിതത്തിന്റെ പെരുവഴികളില്‍ വിശ്വാസത്തിന്റെ അഗ്നിയെ ഊതിയണച്ചുകൊണ്ടായിരുന്നു ഈ സഹോദരന്മാരുടെ യാത്രകള്‍. അധികാരത്തിന്റെ ഉന്നതങ്ങളില്‍ എത്തിയപ്പോള്‍ അവര്‍ ആദ്യം ചെയ്തത് തങ്ങളുടെ രാജ്യത്തെ നിരീശ്വരരാജ്യമായി പ്രഖ്യാപിക്കുകയും വൈദികര്‍ക്കും മതസ്ഥാപനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയുമായിരുന്നു. ഏത് അമാവാസിയാണ് ഈ പൂര്‍ണ്ണചന്ദ്രമാരുടെ ആത്മാവിനെ വിഴുങ്ങിക്കളഞ്ഞത്?ഏത് അഗ്നിജ്വാലയാണ് ഇവരുടെ വിശ്വാസത്തിന്റെ നാളങ്ങളെ കെടുത്തിക്കളഞ്ഞത്?

പറഞ്ഞുവരുന്നത് ക്യൂബയെക്കുറിച്ചാണ്.. അവിടെത്തെ ഭരണാധികാരികളായ സഹോദരന്മാരെക്കുറിച്ചാണ്. അതെ, ഫിഡല്‍ കാസ്‌ട്രോയെയും റൗള്‍ കാസ്‌ട്രോയെയും കുറിച്ച്.. ജീവിതം യൗവനതീക്ഷ്ണവും ഹൃദയം ലൗകികഭരിതവുമായ ഒരു ഘട്ടത്തിലായിരുന്നു മേല്‍പ്പറഞ്ഞവിധം അവര്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ഇന്ന് കഥ മാറിയിരിക്കുന്നു. ജീവിതസായാഹ്നത്തിന്റെ നടുമുറ്റത്ത് നില്ക്കുകയാണ് ഇരുവരും ഇപ്പോള്‍. അധികാരപദവിയില്‍ നിന്ന് വിരമിച്ച ഫിഡല്‍ കാസ്‌ട്രോയ്ക്ക് എണ്‍പത്തിയൊന്‍പതും അധികാരത്തിലുള്ള റൗള്‍ കാസ്‌ട്രോയ്ക്ക് എണ്‍പത്തിനാലും ആണ് പ്രായം. ഫിഡല്‍ കാസ്‌ട്രോയുടെ ചുണ്ടുകളില്‍ ഇപ്പോള്‍ ഉതിരുന്നത് ക്രൈസ്തവമൂല്യങ്ങളെക്കുറിച്ചുള്ള അമൂല്യവചസുകള്‍.. ബ്രസീലിലെ വൈദികനും ബുദ്ധിജീവിയുമായ ഫ്രെയ് ബെറ്റോയാണ് അടുത്ത ചങ്ങാതി. റൗള്‍ കാസ്‌ട്രോ സഭാവക്താക്കളുമായുള്ള തുറന്ന ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയും മതച്ചടങ്ങുകള്‍ക്ക് അനുവാദം നല്കിയിരി്ക്കുകയുമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കുറ്റവാളികള്‍ക്ക് മോചനവും പ്രഖ്യാപിച്ചിരിക്കുന്നു.

ക്ഷമയുടെയും കരുണയുടെയും പ്രബോധനങ്ങള്‍ നടത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ കൂടുതല്‍ അംഗീകരിക്കുന്നതിന്റെയും സ്‌നേഹിക്കുന്നതിന്റെയും ഭാഗമായിട്ടുകൂടി ഇതിനെ കാണാന്‍ കഴിയും. റൗള്‍ കാസ്‌ട്രോ ഈ വര്‍ഷം ആരംഭത്തില്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി ചര്‍ച്ച നടത്തിയിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ ജ്ഞാനവും ലാളിത്യവും തന്നെ ഹഠാദാകര്‍ഷിച്ചിരിക്കുന്നു എന്നായിരുന്നു ആ സന്ദര്‍ശനത്തെക്കുറിച്ചുള്ള കാസ്‌ട്രോയുടെ സാക്ഷ്യപ്പെടുത്തല്‍. അതിനെത്തുടര്‍ന്നാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച പ്രസ്താവന അദ്ദേഹം നടത്തിയത്. ‘മാര്‍പാപ്പ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നത് തുടരുകയാണെങ്കില്‍ ഒട്ടും വൈകാതെ ഞാന്‍ പ്രാര്‍ത്ഥനകള്‍ പുനരാരംഭിക്കുകയും കത്തോലിക്കാസഭയിലേക്ക് മടങ്ങിവരുകയും ചെയ്യും’.

ക്യൂബയിലെ ഭരണകൂടത്തിന്റെ മനോഭാവങ്ങളില്‍ മാറ്റം വന്നുതുടങ്ങിയിരിക്കുന്നുവെന്ന് സാന്റിയാഗോ ആര്‍ച്ച് ബിഷപ് ഗ്രാസിയ പറയുന്നു. എല്ലാ മതങ്ങളുടെയും കാര്യത്തില്‍ പുരോഗതിയുണ്ട്. എല്ലാ മതങ്ങളോടും അധികാരികള്‍ സഹിഷ്ണുത കാണിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പറയുന്നു. ക്യൂബയുടെ ഈ മാനസാന്തരത്തിന് ആദ്യം വഴിതെളിച്ചത് ജോണ്‍ പോള്‍ രണ്ടാമന്റെ ചരിത്രപ്രസിദ്ധമായ ക്യൂബന്‍ സന്ദര്‍ശനത്തോടെയാണ്. 1988 ല്‍ ആയിരുന്നു അത്. 2012 ല്‍ ബെനഡിക്ട് പതിനാറാമനും ക്യുബ സന്ദര്‍ശിച്ചു. ഇരുസന്ദര്‍ശനവും കൊണ്ട് ചരിത്രപ്രധാനമായ ഓരോ നേട്ടങ്ങളുമുണ്ടായി. ജോണ്‍ പോളിന്റെ സന്ദര്‍ശനത്തോടെ ക്യൂബയില്‍ ക്രിസ്മസ് പൊതുഅവധി ദിനമായി പ്രഖ്യാപിക്കപ്പെട്ടു. ബെനഡിക്ട് പതിനാറാമന്റെ വരവോടെ ഈസ്റ്ററും. 1959 ന് ശേഷം പുതിയതായി രണ്ട് പള്ളികള്‍ പണിയാനും അനുവാദം ലഭിച്ചു. കാസ്‌ട്രോമാര്‍ക്ക് മാറ്റം സംഭവിച്ചുകഴിഞ്ഞുവെന്നാണ് ഹാവന്ന യൂണിവേഴ്‌സിറ്റിയിലെ മതചരിത്രകാരന്‍ ലോപ്പസ് ഒലിവിയ അഭിപ്രായപ്പെടുന്നത്.

ക്യൂബയും അമേരിക്കയും തമ്മിലുള്ള മഞ്ഞുരുകലിന് പ്രധാനപങ്ക് വഹിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു. അതിനുള്ള നന്ദി സൂചകമായിട്ടായിരുന്നു റൗള്‍ കാസ്‌ട്രോയുടെ വത്തിക്കാന്‍ സന്ദര്‍ശനവും. മാര്‍പാപ്പയുടെ ക്യൂബന്‍ സന്ദര്‍ശത്തില്‍ ഫിഡല്‍ കാസ്‌ട്രോയുമായും കണ്ടുമുട്ടുമെന്നാണ് പുതിയ വിവരം. ഇത് മിക്കവാറും കാസ്‌ട്രോയുടെ ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തിലായിരിക്കുകയും ചെയ്യും. എന്തായാലും ക്യൂബയില്‍ ഇനി ഉണ്ടാകാന്‍ പോകുന്നത് ആത്മീയവസന്തത്തിന്റെ വിളവെടുപ്പായിരിക്കുമെന്ന് ഉറപ്പാണ്.. ജോണ്‍ പോള്‍ വിത്തുപാകിയാണ് കടന്നുപോയത്. പല കാലങ്ങളിലൂടെ അത് മുളച്ചുപൊന്തുകയും ഫലം നല്കിത്തുടങ്ങുകയും ചെയ്തിരിക്കുന്നു.ഇനി വിളവെടുപ്പിന്റെ സമയമാണ്… അല്ലെങ്കില്‍ അമാവാസികള്‍ക്ക് ശേഷം പൗര്‍ണ്ണമി ഉണ്ടാകാതിരിക്കില്ലല്ലോ അല്ലേ?

You must be logged in to post a comment Login