അമേരിക്കന്‍ മലയാളികള്‍ പുളിമാവ് പോലെ

അമേരിക്കന്‍ മലയാളികള്‍ പുളിമാവ് പോലെ

കൊച്ചി: അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ അമേരിക്കന്‍ സംസ്‌കാരത്തെ അതീവ സമ്പന്നമാക്കുന്ന പുളിമാവുപോലെയാണെന്നു ന്യൂയോര്‍ക്ക് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ തിമോത്തി എം. ഡോളന്‍. ആലുവ മംഗലപ്പുഴ സെമിനാരിയിലെത്തിയ കര്‍ദിനാള്‍ വൈദികാര്‍ഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

സുദൃഢമായ കുടുംബബന്ധങ്ങളും അയല്‍പ്പക്കബന്ധങ്ങളും വിശ്വാസവും പ്രാര്‍ഥനയും ഭക്തിയും പുലര്‍ത്തുന്ന മലയാളികള്‍ ആ മൂല്യങ്ങള്‍ അമേരിക്കന്‍ സമൂഹത്തില്‍ സന്നിവേശിപ്പിക്കുന്നതിലൂടെ വലിയ സേവനമാണു ചെയ്യുന്നത്. അമേരിക്കന്‍ ജനത യുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനു നിസ്തുലമായ സംഭാവനകള്‍ നല്കുന്ന മലയാളികളായ മിഷണറിവൈദികരുണ്ട്.

അമേരിക്കയിലേക്കു വന്ന കുടിയേറ്റക്കാരെ കത്തോലിക്കാസഭ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആഗോളജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളൊന്നും ബോംബോ കത്തിയോ വിദേശ ഇടപെടലുകളോ മറ്റെന്തങ്കിലുമോ കൊണ്ടു പരിഹരിക്കാനാകില്ല. മനുഷ്യന്‍ ഇന്നു പ്രശ്‌നപരിഹാരത്തിനായി ദൈവത്തിലേക്കു തിരിയുന്ന കാഴ്ച എവിടെയും പ്രകടമാണെന്നും കര്‍ദിനാള്‍ ഡോളന്‍ അഭിപ്രായപ്പെട്ടു.

എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, സെമിനാരി റെക്ടര്‍ റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, വൈസ് റെക്ടര്‍ റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, ഡീക്കന്‍ ആന്റണി തേക്കാനത്ത് എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login