അമേരിക്കയ്ക്ക് പുതിയ വത്തിക്കാന്‍ സ്ഥാനപതി

അമേരിക്കയ്ക്ക് പുതിയ വത്തിക്കാന്‍ സ്ഥാനപതി

വത്തിക്കാന്‍: മോണ്‍സിഞ്ഞോര്‍ ക്രിസ്റ്റഫ് പിയറിയെ അമേരിക്കയിലെ പുതിയ വത്തിക്കാന്‍ സ്ഥാനപതിയായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. 2007 മുതല്‍ മെക്‌സിക്കോയിലെ പേപ്പല്‍ ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. അമേരിക്കയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് കാര്‍ലോ മാരിയ വയഗ്നോ സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ നിയമനം.

കാനന്‍ നിയമമനുസരിച്ച് 75 വയസ്സായാല്‍ ബിഷപ്പുമാര്‍ ഇത്തരം സ്ഥാനങ്ങള്‍ ഒഴിഞ്ഞുകൊണ്ട് ഫ്രാന്‍സിസ് പാപ്പക്ക് രാജി സമര്‍പ്പിക്കണം. കഴിഞ്ഞ ജനുവരിയില്‍ കര്‍ദ്ദിനാള്‍ വയഗ്നോക്ക് 75 വയസ്സ് പൂര്‍ത്തിയായിരുന്നു. 2011 ലാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്.

ഫ്രാന്‍സിലെ റെന്നിസില്‍ 1946 ജനുവരി 30 നാണ് മോണ്‍സിഞ്ഞോര്‍ ക്രിസ്റ്റഫ് പിയറിയുടെ ജനനം. ഫ്രാന്‍സില്‍ തന്നെയായിരുന്നു വിദ്യാഭ്യാസകാലഘട്ടവും. 1970 ല്‍ പൗരോഹിത്യം സ്വീകരിച്ചു.

പുതിയ വത്തിക്കാന്‍ സ്ഥാനപതിയായി തിരഞ്ഞെടുക്കപ്പെട്ട മോണ്‍സിഞ്ഞോര്‍ ക്രിസ്റ്റഫ് പിയറിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും യുഎസ് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ജോസഫ് കേര്‍ട്ട്‌സ് പറഞ്ഞു. മെക്‌സിക്കോയില്‍ അദ്ദേഹം സേവനം ചെയ്തുകൊണ്ടിരുന്നപ്പോഴുള്ള അടുപ്പം തങ്ങള്‍ തമ്മിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎസിലെ ക്രൈസ്തവ സംസ്‌കാരത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയ മുന്‍ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് കാര്‍ലോ മാരിയ വയഗ്നോയുടെ സേവനങ്ങളെയും ആര്‍ച്ച്ബിഷപ്പ് ജോസഫ് കേര്‍ട്ട്‌സ് അനുസ്മരിച്ചു.

ഒരു രാജ്യത്തെ വത്തിക്കാന്‍ സ്ഥാനപതി എന്നാല്‍ അവിടുത്തെ വത്തിക്കാന്റെ അംബാസഡര്‍ എന്നാണര്‍ത്ഥം. മാര്‍പാപ്പയുടെ ആ രാജ്യത്തെ പ്രതിനിധിയാണ് അദ്ദേഹം. പരിശുദ്ധ സിഹാസനവും പ്രസ്തുത രാജ്യവുമായുള്ള നയതന്ത്രബന്ധങ്ങള്‍ക്ക് മാദ്ധ്യസ്ഥം വഹിക്കുന്നത് വത്തിക്കാന്‍ സ്ഥാനപതിയാണ്.

You must be logged in to post a comment Login