അമ്മമനസ്സുകള്‍ക്കായൊരു പ്രതിമ

സ്ലൊവാക്യ:ഇതൊരു വെറും പ്രതിമയല്ലെന്ന് ആദ്യ കാഴ്ചയില്‍ തന്നെ മനസ്സിലാകും. ലോകമെമ്പാടുമുള്ള അമ്മ മനസ്സുകളെ അത് സ്പര്‍ശിക്കും. ഭ്രൂണഹത്യ ചെയ്തവര്‍ തങ്ങളുടെ തെറ്റിനെയൊര്‍ത്ത് പശ്ചാത്തപിക്കും.

അമ്മയും കുട്ടിയുമാണ് പ്രതിമയിലെ കഥാപാത്രങ്ങള്‍. പശ്ചാത്താപത്താല്‍ കൈകൊണ്ട് മുഖം മറച്ച് തല കുമ്പിട്ടിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാനെത്തുന്ന കുട്ടി. കുട്ടിയുടെ കൈ നീളുന്നത് അമ്മയുടെ നേരെയാണ്. സാരമില്ലമ്മേ എന്നു വിളിച്ചു പറയും പോലെ…

സ്ലൊവാക്യയിലെ മാര്‍ട്ടിന്‍ ഹുഡാക്ക് ആണ് ‘ജനിക്കാതെ പോയ ഓരോ കുഞ്ഞിനും വേണ്ടി’, എന്നു പേരിട്ടിരിക്കുന്ന ശില്‍പം നിര്‍മ്മിച്ചത്. ശില്‍പത്തെ പ്രശംസിച്ചു സംസാരിച്ചാല്‍ താനല്ല, തന്നിലൂടെ ദൈവമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു പറയും മാര്‍ട്ടിന്‍. പലരും ശില്‍പം കണ്ട് കണ്ണീരൊഴുക്കിയെന്നും മാര്‍ട്ടിന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഭ്രൂണഹത്യയെപ്പറ്റി ചിന്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു പ്രതിമയുണ്ടാക്കൂ എന്ന സുഹൃത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ശില്‍പനിര്‍മ്മാണം. ഇതേ മാതൃകയിലുള്ള ശില്‍പം വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ കണ്ടപ്പോള്‍ മാര്‍ട്ടിന്‍ അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു.

You must be logged in to post a comment Login