അമ്മയില്ലാത്ത വീട്

അമ്മയില്ലാത്ത വീട്

വീട്ടില്‍ അമ്മ കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ഏതൊരുവന്റെയും വീട്ടിലേക്കുള്ള യാത്രകളെ പ്രകാശമാനമാക്കുന്നത്. ഏതു മഴകൊണ്ടും എത്ര വെയിലേറ്റും ഏതു നേരത്തും കയറിവന്ന് വാതിലില്‍ മുട്ടുമ്പോഴും മുമ്പില്‍ കൊളുത്തിവച്ച ദീപംപോലെ അമ്മ നില്ക്കുമെന്ന തിരിച്ചറിവ് തന്നെ.

വീടുകളിലെ അമ്മമാര്‍ സിനിമകളിലെ ‘പൊന്നമ്മ’മാരല്ല. മനുഷ്യോചിതമായ എല്ലാവിധ വികാരവിചാരങ്ങളുമുള്ള സാധാരണക്കാരായ അമ്മമാരാണ് നമുക്കുള്ളത്. അവര്‍ ദ്വേഷിക്കും, കോപിക്കും, അസൂയപ്പെടും, ശാസിക്കും, ശിക്ഷിക്കും.

എങ്കിലും നമുക്ക് അമ്മമാരെ വേണം.
പിഴയ്ക്കുന്ന വ്യാകരണങ്ങള്‍ക്കും തെറ്റുന്ന ഗുണിതങ്ങള്‍ക്കും ഇടയില്‍നിന്ന്, കരഞ്ഞു തളര്‍ന്ന് ഓടിവരുന്ന നമുക്കു നേരെ ഇരുകരങ്ങളും വിരിച്ചുപിടിച്ച് നില്‍ക്കാന്‍ അമ്മവേണം. അമ്മയുടെ സ്‌നേഹത്തിന്റെ തേന്‍കൂട് വേണം. അമ്മ ഒരു നേരത്തേയ്‌ക്കോ അല്ലെങ്കില്‍ ഒരന്തിക്കോ ഇല്ലാതെ വരുമ്പോഴാണ് അമ്മ നമ്മിലേല്പിച്ച സ്വാധീനം എത്രയായിരുന്നുവെന്ന്, വീടിന്റെ അസ്തിവാരം തന്നെയും അമ്മയായിരുന്നുവെന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നത്.

അതെ, അമ്മയില്ലാത്ത വീട് പ്രാര്‍ത്ഥനകളുയരാത്ത ആരാധനാലയമാണ്. അവിടെ സ്‌നേഹത്തിന്റെ ബലിയര്‍പ്പണങ്ങള്‍ നിലച്ചുപോകുന്നു. ഹൃദയത്തിന്റെ അള്‍ത്താരയിലെ മെഴുകുതിരികള്‍ അണഞ്ഞുപോകുന്നു. ഒരുമയുടെ ഓശാനകള്‍ വേരറ്റു പോകുന്നു.

അവിടെ, പങ്കുവയ്ക്കപ്പെടേണ്ട വീഞ്ഞുപാത്രങ്ങളില്‍ കണ്ണുനീരു കലരുന്നു. നല്‌കേണ്ട കൂദാശകളില്‍ വിലാപങ്ങള്‍ മുഴങ്ങുന്നു. വീശിയൊഴിയുന്ന ധൂപക്കുറ്റികളില്‍ മരണഗന്ധം ഉയരുന്നു. അവിടെ വലിയ വലിയ നിലവിളികളും പല്ലുകടികളും കാത്തുനില്ക്കുന്നു.

പ്രകാശത്തിന്റെ വസതിയിലേക്കുള്ള വഴികളില്‍ ഇരുട്ടു പരക്കുന്നു. വിളറിയ പ്രതീക്ഷകള്‍പോലുമില്ലാതെ പ്രപഞ്ചാരംഭത്തിലെ ശൂന്യത നിറയുന്നു.

അമ്മയില്ലാത്ത വീട് പ്രാര്‍ത്ഥനകളുയരാത്ത ആരാധനാലയമാണ്.

അമ്മയില്ലാത്ത വീട്…

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login