അമ്മയുടെ ചോദ്യം ‘അലിവായി, കുര്യന്‍ ജോണിന്റെ ഇടപെടല്‍ ‘ആശ്വാസ’മായി..

അമ്മയുടെ ചോദ്യം ‘അലിവായി, കുര്യന്‍ ജോണിന്റെ ഇടപെടല്‍ ‘ആശ്വാസ’മായി..

അന്ന് ഷൈജു കേളന്തറ കെസി വൈഎം ന്റെ സെക്രട്ടറിയായി എറണാകുളം, പാലാരിവട്ടത്ത് സേവനം ചെയ്യുകയാണ്. അപ്പോഴാണ് ലൂര്‍ദ് ഹോസ്പിറ്റലിലെ ഡോ. ഷാജി പറഞ്ഞിന്‍പ്രകാരം ഒരു രോഗി ചികിത്സാസാമ്പത്തിക സഹായം ചോദിച്ച് അദ്ദേഹത്തെ സമീപിച്ചത്.

ആ സഹായാഭ്യര്‍ത്ഥനയില്‍ നിന്നാണ് പില്ക്കാലത്തെ ആശ്വാസം ചാരിറ്റബിള്‍ സൊസൈറ്റി പിറവിയെടുത്തത്. കഴിഞ്ഞ ഒമ്പതുവര്‍ഷമായി എറണാകുളത്തിന്റെ മണ്ണില്‍ കിഡ്‌നി രോഗികള്‍ക്ക് ആശ്വാസം നല്കിക്കൊണ്ട് ആശ്വാസമുണ്ട്.

കിഡ്‌നിരോഗികള്‍ സാമ്പത്തികസഹായം കൂടുതല്‍ അര്‍ഹിക്കുന്നവരാണെന്നും അവര്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്നുമുള്ള ചിന്ത ഷൈജുവിന് നല്കിയത് കുര്യന്‍ ജോണ്‍ മേളംപറമ്പിലാണ്. അതുവരെ വിവിധതരം അസുഖങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്കായിരുന്നു ഷൈജു സാമ്പത്തിക സഹായം നല്കിയിരുന്നത്.

പക്ഷേ കുര്യന്‍ ജോണിന്റെ ഇടപെടല്‍ ഷൈജുവിന്റെ കാരുണ്യവഴികളെ കിഡ്‌നിരോഗികളിലേക്ക് തിരിച്ചുവിട്ടു. ഇന്ന് മാസം തോറും 160 കിഡ്‌നി രോഗികള്‍ക്ക് ആശ്വാസം വഴി ഷൈജു ആശ്വാസം നല്കിക്കൊണ്ടിരിക്കുന്നു.

എല്ലാ മാസവും പതിനഞ്ചാം തീയതിയാണ് സാമ്പത്തികസഹായവിതരണം. ആദ്യകാലങ്ങളില്‍ ആയിരം രൂപ വീതമാണ് നല്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അപേക്ഷകളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ അത് അറുനൂറ് രൂപയായി കുറച്ചിട്ടുണ്ട്. ഒരു മാസം ഒരു രോഗിക്ക് അറുനൂറ് രുപ എന്ന് കേള്‍ക്കുമ്പോള്‍ വൃക്കരോഗം പോലെ ചെലവേറിയ ഒരു ചികിത്സയ്ക്ക് വളരെ കുറവല്ലേ എന്ന് സ്വഭാവികമായും സംശയം തോന്നാം.

അതിന് ഷൈജുവിന്റെ പക്കല്‍ കൃത്യമായ മറുപടിയുണ്ട്. ഈ അറുനൂറ് രൂപ വാങ്ങാന്‍ ആലുവയില്‍ നിന്നും ആലപ്പുഴയില്‍ നിന്നുപോലും ആളുകള്‍ എത്താറുണ്ട് എന്നറിയുമ്പോഴാണ് ഈ തുകയുടെ വലുപ്പം നമുക്ക് മനസ്സിലാവുന്നത്. മാത്രവുമല്ല മേളം ഉള്‍പ്പടെയുള്ള പല കമ്പനികളും ഇതര ചാരിറ്റിപ്രസ്ഥാനങ്ങളും ഇതുപോലെതന്നെ കിഡ്‌നി രോഗികള്‍ക്ക് സാമ്പത്തികസഹായം നല്കാറുണ്ട്. അപ്പോള്‍ മാസം തോറും ഒരാള്‍ക്ക് പലവഴിയില്‍ നിന്നായി അയ്യായിരമോ ആറായിരമോ രൂപ ലഭിക്കും. ഒരു കാരണവശാലും ഡയാലിസീസ് മുടക്കാന്‍ പാടില്ലാത്ത കിഡ്‌നി രോഗികള്‍ക്ക് ഇത് വലിയ ആശ്വാസമാണ്.

കഴിഞ്ഞവര്‍ഷം എട്ടേമുക്കാല്‍ ലക്ഷം രൂപ ആശ്വാസം വിതരണം ചെയ്തു കഴിഞ്ഞു. ഈ വര്‍ഷം അത് പന്ത്രണ്ട് ലക്ഷമാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ഷൈജുവിന്റെ ആഗ്രഹം. എറണാകുളം കെഎസ് ഇ ബിയിലെ സീനിയര്‍ അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ സെന്റര്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

സാമ്പത്തികസഹായം നല്കുന്നവരെയും സ്വീകരിക്കുന്നവരെയും വിളിച്ചുകൂട്ടി വാര്‍ഷികം സംഘടിപ്പിക്കാറുമുണ്ട്. കൃത്യമായ വരവുചെലവു കണക്കുകളും അവതരിപ്പിക്കാറുമുണ്ട്. സാമ്പത്തികസഹായം കൈപ്പറ്റുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണുന്ന തിളക്കം.. ഏറ്റവും വിലയുള്ളതായി ഷൈജു കാണുന്നത് അതാണ്.

വ്യക്തിപരമായ അടുപ്പം സ്ഥാപിച്ചിട്ടുള്ള ചില കിഡ്‌നിരോഗികള്‍ പെട്ടെന്ന് മരണമടഞ്ഞു എന്ന് അറിയുമ്പോള്‍ അത് വല്ലാത്ത ഹൃദയവേദന സൃഷ്ടിക്കുന്നതായി ഇദ്ദേഹം പറയുന്നു.

ആശ്വാസത്തിന് പുറമെ നിരവധിയായ ചാരിറ്റി പ്രവര്‍ത്തനങ്ങളും ഷൈജു കേളന്തറയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഇലക്ട്രിസിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെ പച്ചാളം കഫര്‍ണാം പോലെ യുള്ള സ്ഥലങ്ങളിലും മറ്റുമായി ദരിദ്രര്‍ക്ക് ആഹാരം വിതരണം ചെയ്യുന്നതാണ് അതിലൊന്ന്.

മറ്റൊന്ന് അലിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദരിദ്രവീടുകളില്‍ മാസം തോറും അഞ്ഞൂറു രൂപയ്ക്കുള്ള സാധനങ്ങളുടെ കിറ്റ് എത്തിക്കുന്നതാണ്. ഫീല്‍ഡില്‍ പോകുന്ന സ്റ്റാഫുകളില്‍ നിന്നായിരിക്കും ഇത്തരം വീടുകളെക്കുറിച്ചുള്ള ചിത്രം തെളിഞ്ഞുകിട്ടുന്നത്. ഇപ്രകാരം അമ്പതുവീടുകളില്‍ മാസം തോറും അലിവ് കിറ്റുകള്‍ എത്തിക്കുന്നു.

അമ്മയാണ് ഇത്തരമൊരു കാരുണ്യപ്രവര്‍ത്തനത്തിന് തനിക്ക് പ്രചോദനം നല്കിയതെന്നും ഷൈജു അനുസ്മരിക്കുന്നു. വിധവയായ ഒരു സ്ത്രീ സഹായം ചോദിച്ചുവന്നപ്പോഴായിരുന്നു അമ്മയുടെ ഇടപെടല്‍.

നിനക്ക് മാസം തോറും ആ സ്ത്രീയെ സഹായിച്ചൂകൂടെ? അമ്മയുടെ ചോദ്യം അലിവായി മാറുകയായിരുന്നു .

കെസിവൈ എം ആണ് തന്റെ നേതൃത്വത്തെ വാസനയെ രൂപപ്പെടുത്തുകയും ബലപ്പെടുത്തുകയും ചെയ്തത് എന്ന് ഷൈജു സാക്ഷ്യപ്പെടുത്തുന്നു.. ഭാര്യയും മൂന്നുമക്കളും അടങ്ങുന്നതാണ് ഷൈജുവിന്റെ കുടുംബം. അറിയപ്പെടുന്ന ഒരു ഗാനരചയിതാവു കൂടിയാണ് ഷൈജു.

സുരക്ഷിതമായ സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ അതിന്റെ പേരില്‍ അലസരും നിഷ്‌ക്രിയരായും ജീവിക്കുന്ന അനേകം സര്‍ക്കാര്‍ ജോലിക്കാരുള്ള നമ്മുടെ നാട്ടിലാണ് ഷൈജു കേളന്തറയും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നിരിക്കുന്ന കെഎസ്ഇ ബി ജീവനക്കാരും നമുക്ക് മുന്നില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. കെഎസ് ഇ ബിയിലെ ഏറ്റവും കുറച്ച് ശമ്പളം കിട്ടുന്ന ഡിപ്പാര്‍ട്ട്‌മെന്റായ മസ്ദൂറിലെ ഒരു ചെറുപ്പക്കാരനെക്കുറിച്ച് ഷൈജു പ്രത്യേകം പറഞ്ഞു. തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ നിന്ന് രണ്ടായിരത്തോളം രൂപ എല്ലാമാസവും ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി നല്കാന്‍ സന്മസ് കാണിക്കുന്നവനാണ് അയാള്‍.

ഇത്തരം ചെറുപ്പക്കാരാണ് ആശ്വാസത്തിന്റെ ശക്തിയും. എണ്‍പത് ശതമാനം ഇലക്ട്രിസിറ്റി ജീവനക്കാരുടെയും ഇരുപത് ശതമാനം പൊതുജനങ്ങളുടെയും സാമ്പത്തികമായ പങ്കുവയ്ക്കല്‍ വഴിയാണ് ഷൈജു കേളന്തറയുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളെല്ലാം മുന്നോട്ടുപോകുന്നത്.

സുരക്ഷിതമായ ലാവണങ്ങളെ വിട്ടുപേക്ഷിച്ച് അന്യര്‍ക്ക് വേണ്ടി കരം നീട്ടാന്‍ സന്മനസുള്ള ഷൈജുവിനെപോലെയുള്ളവരാണ് ഈ ലോകത്തിന്റെ അഭിമാനം..ആ കൈകകളിലേക്ക് വച്ചുകൊടുക്കാന്‍ സന്നദ്ധതയുള്ളവരാണ് ഈ ലോകത്തിന്റെ സ ന്തോഷം. പ്രാര്‍ത്ഥനകൊണ്ടും പ്രവര്‍ത്തനം കൊണ്ടും പങ്കുവയ്ക്കല്‍ കൊണ്ടും നമുക്കും ഈ കണ്ണിയില്‍ പങ്കുചേരാം..

ഏറിയാല്‍ പത്തോ അറുപതോ വര്‍ഷം മാത്രം നീളുന്ന ഈ ആയുസില്‍ ഒരാള്‍ക്കെങ്കിലും ആശ്വാസം നല്കാന്‍ കഴിഞ്ഞാല്‍ അതുതന്നെയല്ലേ നമ്മുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സന്തോഷവും? ഷൈജു കേളന്തറയുടെ  ഫോണ്‍ : 9447084491

 

വിനായക്‌

You must be logged in to post a comment Login