അമ്മയുടെ മാധ്യസ്ഥം തേടി ലൂര്‍ദ്ദിലേക്ക്….( സെലിന്റെ കഥ; മാര്‍ട്ടിന്റെയും 12)

അമ്മയുടെ മാധ്യസ്ഥം തേടി ലൂര്‍ദ്ദിലേക്ക്….( സെലിന്റെ കഥ; മാര്‍ട്ടിന്റെയും 12)

rail_741101പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ എത്രയോ മരണങ്ങള്‍ കണ്ടു! മാര്‍ട്ടിന്‍ അതേക്കുറിച്ചാണ് ആലോചിച്ചത്. മക്കള്‍ നാലുപേര്‍ മരണത്തിന് കീഴടങ്ങി. തന്റെയും സെലിന്റെയും മാതാപിതാക്കള്‍ മരണമടഞ്ഞു. സെലിന്റെ സഹോദരി മരണമടഞ്ഞു.

ഇപ്പോഴിതാ മരണം സെലിനെയും പിടികൂടാനായി കാത്തുനില്ക്കുന്നു. ഒരു കുടുംബത്തിലേക്ക് മരണം ഇങ്ങനെ പറന്നിറങ്ങുമോ.. അതും പെട്ടെന്ന് പെട്ടെന്ന്…

എല്ലാം സഹിക്കാന്‍ കരുത്തുണ്ടായിരുന്നത് സെലിന്‍ കൂടെയുളളതുകൊണ്ടായിരുന്നു. പക്ഷേ ഇപ്പോഴിതാ സെലിനും..മാര്‍ട്ടിന് സഹിക്കാന്‍ കഴിഞ്ഞില്ല.

മാര്‍ട്ടിന് ധൈര്യം തീരെയില്ല എന്ന് സെലിന്‍ മനസ്സിലാക്കി. താന്‍കൂടി മാര്‍ട്ടിനൊപ്പം ചേര്‍ന്നാല്‍ വീണ്ടും കരച്ചില്‍ മാത്രമാകും ഈ വീട്ടില്‍. താന്‍ ഉണര്‍ന്നേ മതിയാകൂ.. സെലിന്‍ മാര്‍ട്ടിന്റെ മുഖം പിടിച്ചുയര്‍ത്തി.

എന്തായിത് മാര്‍ട്ടിന്‍, കൊച്ചുകുട്ടികളെപോലെ.. ഇത് ദൈവഹിതമാണ്. നമ്മള്‍ എല്ലാം ദൈവഹിതത്തിന് അനുസരിച്ചല്ലേ പ്രവര്‍ത്തിച്ചിട്ടുള്ളൂ..ഇതും അങ്ങനെ തന്നെയാകട്ടെ..

അതെ,

മാര്‍ട്ടിന്‍ ധൈര്യം സ്വീകരിക്കാന്‍ ശ്രമിച്ചു.

ദൈവം നമ്മുക്ക് ദോഷമായിട്ടൊന്നും ചെയ്കയില്ല. നമുക്ക് പ്രാര്‍ത്ഥിക്കാനല്ലാതെ മറ്റെന്തു കഴിയും?

ആ കുടുംബം മുഴുവന്‍ ഒന്നായി സെലിന്റെ രോഗസൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. സെലിന്റെ രോഗസൗഖ്യം അവരുടെ എല്ലാവരുടെയും ആവശ്യവും ആഗ്രഹവുമായിരുന്നു എന്നത് സത്യം. പക്ഷേ തങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുമ്പോഴും ദൈവഹിതം മാത്രം നിറവേറപ്പെടാനും അത് സന്തോഷത്തോടെ സ്വീകരിക്കാനുള്ള കൃപയ്ക്ക് വേണ്ടിയുമാണ് ആ കുടുംബം ഒന്നായി പ്രാര്‍ത്ഥിച്ചത്.

ഇതിനിടയില്‍ സെലിന്‍ പാരീസിലുള്ള തന്റെ സഹോദരനെ സന്ദര്‍ശിക്കുന്നതിനായി ഒരു യാത്ര നടത്തി. ആ യാത്രയ്ക്ക് മറ്റൊരു ലക്ഷ്യവും കൂടിയുണ്ടായിരുന്നു. രണ്ടാമത്തൊരു ഡോക്ടറെ കൂടി കണ്ട് രോഗവിവരത്തെക്കുറിച്ച് അഭിപ്രായം ആരായുക.

പക്ഷേ അവിടെയും വിധ മറ്റൊന്നായിരുന്നു. അത്ഭുതം സംഭവിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് ആ ഡോക്ടറും കൈയൊഴിഞ്ഞു. സങ്കടത്തോടെയാണ് സെലിന്‍ മടങ്ങിപ്പോന്നത്.

പിന്നെയും നാളുകള്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. സെലിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ ദുര്‍ബലമായി. അപ്പോഴാണ് അവസാനത്തെ പ്രതീക്ഷ എന്ന നിലയില്‍ ലൂര്‍ദ്ദിലേക്ക് തീര്‍ത്ഥാടനം നടത്താം എന്നുളള തീരുമാനം അവര്‍ എടുത്തത്.

മൂത്ത മൂന്ന് മക്കളെയും കൂട്ടിയാണ് സെലിന്‍ ലൂര്‍ദ്ദിലേക്ക് യാത്രയായത്. ലൂര്‍ദില്‍ വച്ച് മാതാവ് അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് തന്നെ സെലിന്‍ പ്രതീക്ഷിച്ചു. സെലിനെയും തെരേസയെയും മാര്‍ട്ടിനെ ഏല്പിച്ചിട്ടാണ് സെലിന്‍ ട്രെയിന്‍ കയറിയത്.

നീ സുഖമായി മടങ്ങിവരും.. മാതാവ് നിന്നെ കാത്തുകൊള്ളും.

മാര്‍ട്ടിന്‍ ആശംസിച്ചു. സെലിന്‍ ട്രെയിന്റെ ചവിട്ടുപടിയില്‍ നി്ന്ന് വീണ്ടും ഇറങ്ങിവന്ന് മാര്‍ട്ടിനെ ആശ്ലേഷിച്ചു. തീര്‍ച്ചയായും.. മാതാവ് നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കില്ല.

കുഞ്ഞുമക്കളുടെ കവിളത്ത് വീണ്ടും ഒരു ഉമ്മ നല്കിക്കൊണ്ട് സെലിന്‍  ട്രെയിനിലേക്ക് തന്നെ കയറി. ട്രെയിന്‍ മുന്നോട്ടെടുക്കവെ വാതില്ക്കല്‍ നിന്ന് സെലിന്‍ കൈവീശി. കണ്ണുനീര്‍ മാര്‍ട്ടിനെയും കുഞ്ഞുങ്ങളെയും അവളില്‍ നിന്ന് മറച്ചു.

അകന്നുപോകുന്ന ട്രെയിന്‍ നോക്കി കരമുയര്‍ത്തി മാര്‍ട്ടിന്‍ നിന്നു. അയാളുടെ കണ്ണും നിറഞ്ഞിട്ടുണ്ടായിരുന്നു. പോയിവരിക..നിനക്കുവേണ്ടി ഇതാ പ്രാര്‍ത്ഥനയോടെ ഞാന്‍ കാത്തിരിക്കുന്നു.

മാര്‍ട്ടിന്‍ പറഞ്ഞു.

( തുടരും)

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login