അമ്മയെ കാണാന്‍ സമന്ദറെത്തി; മകളുടെ ഘാതകനെക്കണ്ട് മണിക്കൂറുകള്‍ക്കകം ഏലീശ്വ യാത്രയായി

അമ്മയെ കാണാന്‍ സമന്ദറെത്തി; മകളുടെ ഘാതകനെക്കണ്ട് മണിക്കൂറുകള്‍ക്കകം ഏലീശ്വ യാത്രയായി

പുല്ലുവഴിയിലെ വീട്ടില്‍ വര്‍ഷങ്ങള്‍ക്കു ശേഷം സമന്ദര്‍ സിംഗ് വീണ്ടുമെത്തിയപ്പോള്‍ സ്വന്തം മകളുടെ ഘാതകനെ അന്ന് ചിരിച്ചുകൊണ്ട് വീട്ടിലേക്ക് ക്ഷണിച്ച അമ്മയെ അയാള്‍ മുറ്റത്ത് കണ്ടില്ല. ഇനിയൊട്ട് കാണുകയുമില്ല.

മധ്യപ്രദേശില്‍ ശുശ്രൂഷ ചെയ്തിരുന്ന സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സമന്ദര്‍ സിംഗ് സിസ്റ്റര്‍ റാണിയുടെ അമ്മ ഏലീശ്വ(88)യെക്കാണാന്‍ കഴിഞ്ഞ ദിവസം
പെരുമ്പാവൂരിലെത്തി. അമ്മയെക്കണ്ട് ഇയാള്‍ തിരിച്ച് മധ്യപ്രദേശിലേക്ക് മടങ്ങി ഏതാനും മണിക്കൂറുകള്‍ക്കകം ഏലീശ്വ യാത്രയായി.

ഏലീശ്വയുടെ കട്ടിലിനരികിലിരുന്ന് സമന്ദര്‍ അവരുടെ കൈകള്‍ സ്വന്തം മുഖത്തോട് ചേര്‍ത്തുവച്ചു. പാദങ്ങളില്‍ നെറ്റി മുട്ടിച്ച് പ്രാര്‍ത്ഥനയോടെ ഏറെ നേരമിരുന്നു. സുഖമില്ലാതെ കിടക്കുന്ന അമ്മയ്ക്കരികില്‍ അമ്മാ… അമ്മാ… എന്ന് അയാള്‍ പ്രാര്‍ത്ഥന പോലെ യാചിച്ചത്‌
കണ്ടുനിന്നവരുടെ കണ്ണുകള്‍ നനയിച്ചു.

1995 ഫെബ്രുവരി 25നാണ് വാടകക്കൊലയാളിയായ സമന്ദര്‍ സിംഗ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന സിസ്റ്റര്‍ റാണി മരിയയെ കുത്തി കൊലപ്പെടുത്തിയത്. അധകൃതരെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നത് പിന്തുണച്ചതിന്റെ പേരില്‍ രോഷം പൂണ്ടവരാണ് കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

റാണി മരിയയുടെ അമ്മയും സഹോദരങ്ങളും ജയിലിലെത്തി തെറ്റ് ക്ഷമിച്ചുവെന്ന് സമന്ദറെ അറിയിച്ചു. ശിക്ഷാകാലാവധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് സിസ്റ്ററുടെ മാതാപിതാക്കളും സഹോദരങ്ങളും സന്യാസ സമൂഹവും മധ്യപ്രദേശ് ഗവര്‍ണര്‍ക്കും ജയില്‍ അധികൃതര്‍ക്കും കത്തയച്ചതിന്റെ ഫലമായി ഇയാള്‍ ജയില്‍ മോചിതനായി. പിന്നീട് 2006ല്‍ പുല്ലുവഴിയിലെ സിസ്റ്റര്‍ റാണി മരിയയുടെ ഭവനത്തില്‍ സമന്ദര്‍ എത്തി.

സിസ്റ്റര്‍ റാണി മരിയ സേവനം ചെയ്തിരുന്ന കോണ്‍വെന്റിലെ മദറായ സി. സെല്‍മി അമ്മ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് കഴിഞ്ഞയാഴ്ച നാട്ടിലെത്തിയിരുന്നു. ഇതറിഞ്ഞ സമന്ദര്‍ അമ്മയെക്കാണാന്‍ മധ്യപ്രദേശില്‍ നിന്ന് ഒറ്റയ്ക്ക് പുറപ്പെട്ടു. അമ്മയുടെ കാല്‍ തൊട്ട് വന്ദിച്ചും കൈകളെടുത്ത് ശിരസില്‍ വച്ച് അനുഗ്രഹം വാങ്ങിയുമാണ് ഇയാള്‍ മടങ്ങിയത്.

ദൈവസാക്ഷിയായി മറ്റുള്ളവര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ദൈവദാസി റാണി മരിയയെ വിശുദ്ധയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

നീതു മെറിന്‍

You must be logged in to post a comment Login