അമ്മയെ വിശ്വാസത്തിലേക്ക് നയിച്ച ഒരു മകന്റെ കഥ

അമ്മയെ വിശ്വാസത്തിലേക്ക് നയിച്ച ഒരു മകന്റെ കഥ

Benedict_Daswaനെല്‍സണ്‍ മണ്ടേലയുടെ മോചന വാര്‍ത്ത പ്രഖ്യാപിച്ച അതേ ദിവസം തന്നെയാണ് ബെനഡിക്ട് ദസ്വായെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കല്ലെറിഞ്ഞും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയത്. രണ്ട് മഹാസംഭവങ്ങളും അരങ്ങേറിയത് 1990 ഫെബ്രുവരി രണ്ടിന്.
.1946 ജൂണ്‍ പതിനാറിനായിരുന്നു അദ്ദേഹം ജനിച്ചത്. മാതാപിതാക്കള്‍ നല്കിയ പേര് സാമുവല്‍ എന്നായിരുന്നു. സൗത്ത് ആഫ്രിക്കന്‍ സ്‌കൂളിലെ അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്ന അദ്ദേഹം മാനസാന്തരത്തിന് ശേഷമാണ് ബെനഡിക്ട് എന്ന പേര് സ്വീകരിച്ചത്.
ജൂത പാരമ്പര്യം അനുവര്‍ത്തിച്ചുപോന്നിരുന്ന കുടുംബസാഹചര്യത്തില്‍ നിന്നാണ് ജോഹനാസ്ബര്‍ഗില്‍ ജീവിച്ചിരുന്ന ഒരു സുഹൃത്ത് വഴി കത്തോലിക്കാവിശ്വാസത്തിലേക്ക് ആകൃഷ്ടനായത്. കത്തോലിക്കാവിശ്വാസത്തെക്കുറിച്ച് പഠിക്കാനാരംഭിച്ചതുമുതല്‍ തന്റെ ജീവിതത്തിന് പുതിയ അര്‍ത്ഥവും ഭാവവും കൈവന്നതായി അദ്ദേഹമറിഞ്ഞു.
രണ്ടു വര്‍ഷത്തെ കത്തോലിക്കാപഠനത്തിന് ശേഷം 1963 ഏപ്രില്‍ 21 ന് ബെനഡിക്ട് എന്ന പേര് സ്വീകരിച്ച് അദ്ദേഹം കത്തോലിക്കാവിശ്വാസത്തെ ആശ്ലേഷിച്ചു. നര്‍സിയായിലെ വിശുദ്ധ ബെനഡിക്ടിനോടുള്ള ആദരസൂചകമായിട്ടായിരുന്നു അദ്ദേഹം ആ പേര് സ്വീകരിച്ചത്്.
പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക എന്നതായിരുന്നു മുദ്രാവാക്യം. കത്തോലിക്കനായ നാള്‍ മുതല്‍ സൗത്ത് ആഫ്രിക്കയിലെ സഭയിലെ ഊര്‍ജ്വസ്വലനമായ അംഗമായിരുന്നു ബെനഡിക്ട്.
കുടുംബങ്ങളെയും യുവജനങ്ങളെയും അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു. 1974 ല്‍ ആയിരുന്നു വിവാഹം. അവര്‍ക്ക് എട്ട് മക്കളുമുണ്ടായി.
സൗത്ത് ആഫ്രിക്കയില്‍ നിലവിലിരുന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ അദ്ദേഹം നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു.ഇത് അദ്ദേഹത്തിന് നിരവധി ശത്രുക്കളുണ്ടാകാന്‍ കാരണമായിത്തീര്‍ന്നു.
ഒരു ദിവസം അദ്ദേഹം കാറില്‍ യാത്ര ചെയ്തുവരികയായിരുന്നു. കല്ലുകള്‍ പെറുക്കിവച്ചുകൊണ്ട് റോഡ് ഉപരോധിച്ചിരിക്കുന്നത് ബെനഡിക്ട് കണ്ടു. അദ്ദേഹം പുറത്തിറങ്ങി കല്ലുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കുറ്റിക്കാട്ടില്‍ നിന്ന് കല്ലുമഴ അദ്ദേഹത്തിന് നേരെ പെയ്തുതുടങ്ങി.
അപകടം തിരിച്ചറിഞ്ഞ ബെനഡിക്ട് അടുത്തവീട്ടിലേക്കോടി. അക്രമികള്‍ പിന്തുടര്‍ന്നു. ആ വീട്ടിലെ സ്ത്രീയെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അക്രമികള്‍ ബെനഡിക്ടിനെ പുറത്തേക്കെത്തിച്ചു. തുടര്‍ന്ന് മൃഗീയമായ പീഡനങ്ങള്‍ക്ക് അദ്ദേഹം ഇരയായി.
പിതാവേ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞായിരുന്നു ബെനഡിക്ട് കണ്ണടച്ചത്. ബെനഡിക്ടിന്റെ മൃതദേഹത്തെപോലും അവര്‍ മൃഗീയമായി പീഡിപ്പിച്ചുകൊണ്ടിരുന്നു.
ഫെബ്രുവരി 10 ന് ശവസംസ്‌കാരം നടന്നു. മകന്‍ ചിന്തിയ രക്തത്താല്‍ ബെനഡിക്ടിന്റെ അമ്മ മാനസാന്തരപ്പെടുകയും കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയും ചെയ്തു എന്നത് അനുബന്ധ കഥ.
2008 ലാണ് ബെനഡിക്ടിന്റെ നാമകരണനടപടികള്‍ക്ക് തുടക്കമായത് .2015 സെപ്തംബര്‍ 13 ന് കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ സൗത്ത് ആഫ്രിക്കയില്‍ വച്ച് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഫെബ്രുവരി 1 അദ്ദേഹത്തിന്റെ തിരുനാളായി ആഘോഷിക്കും.

You must be logged in to post a comment Login