അമ്മ കടല്‍ കാണുമ്പോള്‍…

അമ്മ കടല്‍ കാണുമ്പോള്‍…

IMG_20150902_183959476”എന്റെ അമ്മ കടല് കണ്ടിട്ടേയില്ല..”

കടല് ഒരു പര്യായമാണ് എന്ന കൃതിയുടെ ആമുഖക്കുറിപ്പില് ഞാനെഴുതിയ വരിയാണിത്. എട്ടൊന്പത് വര്ഷം മുമ്പായിരുന്നു അങ്ങനെ എഴുതിയത്. അതെഴുതുമ്പോള് ഞാന് കരുതിയത് ഇനിയൊരിക്കലും അമ്മയ്ക്ക് കടല് കാണാന് ഭാഗ്യമുണ്ടാവില്ല എന്നായിരുന്നു.
കാരണം അപ്പോഴേയ്ക്കും അമ്മ നീണ്ടയാത്രകള് ചെയ്യാന് ആരോഗ്യമില്ലാതെ, രോഗബാധിതയായി വീടും മുറ്റവുമായി ഒതുങ്ങിപ്പോയിരുന്നു. നീണ്ട യാത്രയെ അതിജീവിക്കാന് കരുത്തില്ലാത്തതിനാല് എന്റെ മനസ്സമ്മതത്തിന് പോലും കോഴിക്കോട്ടേയ്ക്ക് വരാന് കഴിയാതെ പ്രാര്ത്ഥനയോടെ വീട്ടില് കഴിയാനേ അമ്മയ്ക്ക് കഴിഞ്ഞിരുന്നുളളൂ. ആശുപത്രിയും വീടുമായി മാത്രം മിക്കവാറും പരിമിതപ്പെട്ടുപോയ അമ്മയുടെ രോഗകാലങ്ങള്…
കടല് കാണുന്നത് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. കന്യാകുമാരിയായിരുന്നു അമ്മയുടെ മനസ്സില്. അവിടെ അസ്തമയം കാണണം. അത് സാധിക്കാതെ വന്നപ്പോള് ഏതെങ്കിലും ഒരു കടല് എന്നതിലേക്ക് അമ്മ ആഗ്രഹം മാറ്റിപ്പണിതിരുന്നു. (നമ്മുടെ സാധാ വീടുകളില് എത്രയോ വീട്ടമ്മാരുണ്ടാവും ഇങ്ങനെയെന്ന് ഞാന് ആലോചിച്ചുപോകുന്നു. തീര്ത്തും നിസ്സാരമായ ആഗ്രഹങ്ങള് പോലും സാധിക്കാതെ വീട്, ഭര്ത്താവ്, മക്കള് എന്ന രീതിയില് പരിമിതപ്പെട്ടുപോകുന്നവര്..ലോകത്തില് നടക്കുന്ന പലതും അറിയാതെ പോകുന്നവര്.. അവരുടെ ആഗ്രഹങ്ങളെ ആരറിയാന്.. ആര് നിവര്ത്തിച്ചുകൊടുക്കാന്)
പക്ഷേ കോട്ടയംകാര്ക്കെവിടെ കടല്? ആലപ്പുഴയിലേക്കോ എറണാകുളത്തേക്കോ പോലും സഞ്ചരിക്കാന് ആവാത്തതുകൊണ്ട് സ്വപ്നത്തില് കടല് കണ്ട് അമ്മ സന്തോഷിക്കട്ടെ എന്ന് നിസംഗനാകാനേ എനിക്കു പോലും കഴിഞ്ഞിരുന്നുള്ളൂ. പിന്നെയും വര്ഷം പലതു കടന്നുപോയി. അമ്മയ്ക്ക് രോഗവും പ്രായവും അധികരിച്ചു. കടല് കാണുക എന്ന അമ്മയുടെ എല്ലാ സാധ്യതകളും വേലിയിറക്കപ്പെട്ടുപോയി. ഇനിയൊരിക്കലും അമ്മ കടല് കാണില്ല എന്ന് ഞാനും കരുതി…
പക്ഷേ ദൈവം അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. ആരും പ്രതീക്ഷിക്കാതിരുന്ന നേരത്ത്. അതുകൊണ്ട് എന്റെ അമ്മ കടല് കണ്ടിട്ടേയില്ല എന്ന വരി എനിക്ക് മാറ്റിയെഴുതേണ്ടിയതായി വന്നിരിക്കുന്നു. എന്റെ അമ്മ കടല് കണ്ടു. കൃത്യമായി പറഞ്ഞാല് 2015 സെപ്തംബര് രണ്ടിന് വൈകുന്നേരം ആറു പത്തിന്. വെളിയത്തും പറമ്പ് എന്ന ഒട്ടും പ്രശസ്തമല്ലാത്ത കടല്ത്തീരത്ത് വാക്കിംങ്സ്റ്റിക്ക് നിലത്തൂന്നി ഒരു കൈ എന്നില് പിടിമുറുക്കി പഞ്ചസാരമണ്ണില് നിന്ന് ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ, അത്ഭുതത്തോടെ, സന്തോഷത്തോടെ അമ്മ കടല് കണ്ടു.. അസ്തമയം കണ്ടു. കടല് ഒരത്ഭുതമായി അമ്മ കണ്ണില് നിറച്ചു.
ഹോ തിമിരം ബാധിച്ച അമ്മയുടെ വൃദ്ധനയനങ്ങളില് എന്തായിരുന്നു അപ്പോള് സന്തോഷം!തിരയുടെ കയറ്റിയിറക്കങ്ങള് കാലില് തൊട്ട് അനുഭവിക്കട്ടെയെന്ന വിചാരത്തോടെ അമ്മയെ തിരയിലേക്ക് കൊണ്ടുപോകാന് ഞാന് ശ്രമിക്കവെ ഭയപ്പാടോടെ അമ്മ പറഞ്ഞു. ”വേണ്ട മോനേ ഞാന് ഇവിടെ നിന്നോളാം..” ഒട്ടുമിക്ക അമ്മമാരും അങ്ങനെയാണ്… ഏറ്റവും വലിയ ആഗ്രഹങ്ങളോട് പോലും അവര് പാതിവഴിയില് വച്ച് മതിയെന്ന് പറയുന്നു. അല്ലെങ്കില് വല്ല അനര്ത്ഥവും സംഭവിച്ചാലോ?
അങ്ങനെ പൂഴിമണ്ണിന്റെ പരപ്പില് നിന്ന് അമ്മഅസ്തമയം കണ്ടു.. ചരമഗിരിയിലേക്ക് യാത്രയാകുന്ന സൂര്യന്.. ചുവന്ന ഒരു തീഗോളം ആഴിയുടെ അഗാധതയിലേക്ക് ഇറങ്ങിപ്പോകുന്നത് മങ്ങല് മൂടിയ കണ്ണാലെ അമ്മ കണ്ണിലേറ്റെടുത്തു. ”അമ്മ കാണുന്നുണ്ടോ സൂര്യന് താഴുന്നത്” എന്ന ചോദ്യത്തിന് ഒരു അഞ്ചുവയസുകാരിയെപോലെ ആഹ്ലാദത്തോടെ അമ്മ പറഞ്ഞു.. ”ഉണ്ട് മോനേ അമ്മ കാണുന്നുണ്ട് കേട്ടോ…”
ഒരു സാധാരണക്കാരിയുടെ വെറും നിസ്സാരമായ ആഗ്രഹം പോലും സാധിച്ചുകൊടുക്കാന് ദൈവം തിരഞ്ഞെടുക്കുന്ന വഴികളെക്കുറിച്ച് ആലോചിക്കുമ്പോള് എനിക്ക് ഇപ്പോള് ഉറക്കെ കരയാന് തോന്നുന്നു. ഒരു പക്ഷേ ഇതിന് വേണ്ടി മാത്രമായിരിക്കാം, അമ്മയെ കടല് കാണിക്കാന് വേണ്ടി മാത്രമായിരിക്കാം എന്റെ ജീവിതത്തില് ഞാന് പോലുമറിയാതെ ചില ട്വിസ്റ്റുകള് സംഭവിച്ചതെന്ന് എനിക്കിപ്പോള് തോന്നുന്നു. ഞാന് കോഴിക്കോടായിരുന്നുവെങ്കില് അമ്മയ്ക്കൊരിക്കലും കടല് കാണാന് കഴിയുമായിരുന്നില്ല.. അമ്മ ഒരിക്കലും ഞങ്ങള്ക്കൊപ്പം വരുമായിരുന്നുമില്ല..പക്ഷേ …
ഇത്തവണ ഓണത്തിന് അവധിക്ക് വീട്ടിലെത്തിയപ്പോള് അമ്മ പറഞ്ഞു. ”ഞാന് വരുന്നുണ്ട് നിങ്ങള്ക്കൊപ്പം. എനിക്ക് കടല് കാണണം. ”
അങ്ങനെയാണ് അമ്മ വന്നത്. (ഇത്രയും നാള് ഇല്ലാതിരുന്ന ധൈര്യം അമ്മ എങ്ങനെയാണ് ആര്ജ്ജിച്ചെടുത്തത്? ഏത് മാലാഖയുടെ ചിറകിനുള്ളിലാണ് സുരക്ഷിതമായി മൂന്നര മണിക്കൂര് നേരം യാത്ര ചെയ്ത് അമ്മ എത്തിയത്? അറിയില്ല.)
എറണാകുളത്ത് ഏതു കടലിന്റെ തീരത്തേക്കാണ് അമ്മയെ കൈ പിടിച്ച് കൊണ്ടുപോവുക എന്ന് ചിന്തിച്ചിരുന്നപ്പോള് ചങ്ങാതിയാണ് ആ ബീച്ചിന്റെ പേരുപറഞ്ഞതും വണ്ടിയില് അമ്മയെ കൊണ്ടുപോയതും. സുഹൃത്തേ നിനക്ക് നന്ദി…
കടല് കണ്ട് തിരികെ മടങ്ങും നേരം അസ്തമയസൂര്യന്റെ ചെങ്കനലുകള് മാനത്ത് നിന്ന് മാറാതെ നിന്ന നേരം അമ്മ അവന് നേരെ കൈകള് കൂപ്പി പറഞ്ഞുവത്രെ ”ഒരുപാട് നന്ദിയുണ്ട് സന്തോഷമുണ്ട് ” എന്ന്.. അമ്മയുടെ കണ്ണുകളില് നീര് പൊടിഞ്ഞിരുന്നുവെന്ന് അവന് പിന്നീട് എന്നോട് പറഞ്ഞു.
സുഹൃത്തേ, കടല് കാണിച്ചതിന്റെ പേരില് എണ്പത്തിരണ്ട് വര്ഷത്തെ ആഗ്രഹം സാധിച്ചുകൊടുത്തതിന്റെ പേരില് അമ്മ മനസ്സാലെ എനിക്ക് നല്കിയ അനുഗ്രഹത്തിന്റെ പാതി നിനക്ക് അവകാശപ്പെട്ടതാണ്.. നീ സന്നദ്ധനല്ലായിരുന്നുവെങ്കില് ഒരുപക്ഷേ അമ്മയ്ക്ക് കടല് കാണാന് കഴിയുമായിരുന്നില്ല. സൗഹൃദങ്ങളെക്കുറിച്ചുള്ള വാഴ്ത്തലില് വീണ്ടും വാചാലനാകാന് എനിക്ക് പിന്നെയും ഒരു കാരണം കൂടി..
കടല് കാണുക എന്ന ആഗ്രഹം സഫലമാകാന് അമ്മ കാത്തിരുന്നത് എണ്പത്തിരണ്ട് വര്ഷങ്ങളായിരുന്നു. തീരെ ചെറിയ ഒരാഗ്രഹം..അതിന് വേണ്ടി കാത്തിരുന്ന വര്ഷങ്ങളോ അതിവിദൂരം… അതുകൊണ്ട് ആഗ്രഹങ്ങള് ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, വൈകുന്നതിന്റെ പേരില് ഇനി ഒരാഗ്രഹവും സാധിച്ചുകിട്ടില്ല എന്ന് നീ പറയരുത്.. എല്ലാ ആഗ്രഹങ്ങളും ദൈവത്തോട് ചേര്ന്നുനിന്ന് കാണാന് ശ്രമിക്കുക.. ദൈവം അത് സാധിച്ചുതരും.. ദൈവം ആശീര്വദിക്കുന്ന ആഗ്രഹങ്ങളാണ് സാധിക്കുന്നത്..അല്ലാതെ നീ മനസ്സാലെ ,സ്വാര്ത്ഥതയാലെ നിരൂപിച്ചുകൂട്ടുന്ന ആഗ്രഹങ്ങളല്ല…
അമ്മമാരുടെ മനസുകള്ക്കെല്ലാം കടലിന്റെ ആഴങ്ങളുണ്ട്. ഒരുപക്ഷേ ലോകത്തിലെ സകലമാന അമ്മമാരുടെയും കണ്ണീരു കടഞ്ഞാണോ ദൈവം കടല് തീര്ത്തത്? അതായിരിക്കുമോ കടല് വെള്ളത്തിന് ഉപ്പുരസമുള്ളത്? അറിയില്ല..
ജീവിതത്തിന്റെ അസ്തമയത്തില് നിന്നുകൊണ്ടാണ് എന്റെ അമ്മ അസ്തമയം കണ്ടത്.. അമ്മ കണ്ടത് തന്റെ തന്നെ ജീവിതമായിരിക്കുമോ? അറിയില്ല..ഇനിയെത്ര ഉദയങ്ങള്.. പിന്നെ അസ്തമയങ്ങള് അമ്മയെ കാത്തിരിക്കാനുണ്ടാവും? അതും അറിയില്ല. എങ്കിലും എനിക്ക് അഭിമാനിക്കാം..സന്തോഷിക്കാം.. അമ്മയുടെ തീരെ ചെറിയ ആഗ്രഹം സാധിച്ചുകൊടുക്കാന് എനിക്ക് സാധിച്ചുവെന്ന്.. അമ്മ കടല് കണ്ട രാത്രിയില് ഉറക്കത്തിന് മുമ്പ് കുറച്ചുനേരം ഞാന് അമ്മയുടെ കട്ടിലിലാണ് കിടന്നത്. അമ്മ അപ്പോള് എന്റെ കരം പിടിച്ച് നെഞ്ചോട് ചേര്ത്ത് തൊണ്ട ഇടറി പറഞ്ഞു:
”ഞാന് പോകുമ്പോള് നിനക്കായിരിക്കും ഏറ്റവും കൂടുതല് സങ്കടമെന്ന് എനിക്കറിയാം.. എന്റെ മക്കളെല്ലാം ആ നേരം എന്റെ അടുത്തുണ്ടാവണമേയെന്നാണ് എന്റെ ആഗഹം..തമ്പുരാന്റെ ഇഷ്ടം പോലെ അത് സാധിച്ചുകിട്ടട്ടെ..” എന്റെ കണ്ണുകള് അപ്പോള് മറ്റൊരു കടലായി മാറി.. അമ്മേ എന്റെ അമ്മേയെന്ന സങ്കടം എന്റെ നെഞ്ചില് തട്ടിമറിഞ്ഞു.
കടല് പോലെ മനസ്സുള്ള ഒരമ്മയുടെ ജനനത്തിരുനാള് കൂടിയാണ് ഇന്ന്.. നമ്മുടെയെല്ലാം പരിശുദ്ധ മറിയത്തിന്റെ…. എത്ര നന്ദി പറഞ്ഞാലാണ് ഈ അമ്മയോട്.. അല്ലെങ്കില് ലോകത്തിലെ എല്ലാ അമ്മമാരോടും? ക്രിസ്തുവിനെ നമുക്ക് നല്കിയത് പരിശുദ്ധ മറിയമാണ്.. അതാണ് മറിയത്തോടുള്ള നമ്മുടെ പ്രഥമവും പ്രധാനവുമായ കടപ്പാട്. ലോകത്തിലെ സകലമാനസ്ത്രീകളും ആഗ്രഹിക്കുകയും പ്രാര്ത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്തിട്ടും ദൈവം എന്തുകൊണ്ട് നസ്രത്തിലെ ഈ വാടാമലരിനെ തിരഞ്ഞെടുത്തു? മനസ്സിന്റെ നൈര്മ്മല്യമാണ് ഈ ലോകത്തിലെ അതിവിശിഷ്ട ഗുണങ്ങളിലൊന്ന്… മറിയം നിര്മ്മലരാജ്ഞിയായി വാഴ്ത്തപ്പെടാനും കാരണം ഇതുതന്നെ. ദൈവത്തിന്റെ അമ്മയെ സ്വന്തം അമ്മയായി സ്വീകരിക്കാന് അവസരം ലഭിച്ച നാം എത്രയോ ഭാഗ്യവാന്മാര്.. എല്ലാവര്ക്കും പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാള് മംഗളങ്ങള്….

 

വിനായക് നിര്‍മല്‍

You must be logged in to post a comment Login