‘അമ്മ താലിമാല വിറ്റത് എന്നെ വൈദികനാക്കാന്‍!’

‘അമ്മ താലിമാല വിറ്റത് എന്നെ വൈദികനാക്കാന്‍!’

അതു പറയുമ്പോള്‍ ഫാ. ജസ്റ്റിന്‍ പനക്കലിന്റെ മിഴികള്‍ സജലമായിരുന്നു. പൈതലാം യേശുവേ ഉമ്മവച്ചുമ്മ വച്ചുണര്‍ത്തിയ… എന്ന അതിപ്രശസ്തമായ ക്രിസ്മസ് ഗാനത്തിന്റെ സംഗീത സംവിധാകന്‍ തന്റെ എല്ലാ നന്മകളും അമ്മയ്ക്കു സമര്‍പ്പിച്ചു. മൂന്നു പതിറ്റാണ്ടുകളായി ആ മനോഹരമായ താരാട്ടു പാട്ട് മലയാളി സംഗീതപ്രേമികളുടെ ഹൃദയത്തിന്റെ ഭാഗമാണ്.

കുമ്പളങ്ങിയിലായിരുന്നു, ജസ്റ്റിനച്ചന്റെ വീട്. വൈദികനാകും മുമ്പത്തെ
പേര് ലോറന്‍സ്. അപ്പന്‍ നേരത്തെ മരിച്ചു പോയിരുന്നതിനാല്‍ അമ്മ ഏറെ കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തിയത്. മുതിര്‍ന്നപ്പോള്‍ വൈദികനാകാന്‍ അദമ്യമായ ആഗ്രഹം. സെമിനാരിയില്‍ ചേരുമ്പോള്‍ കുറച്ച് സാധനങ്ങളൊക്കെ വാങ്ങിക്കൊണ്ടു പോകണം. വസ്ത്രം, ബെഡ് ഷീറ്റ്, പെട്ടി എന്നിങ്ങനെ. വളരെ ദരിദ്ര പശ്ചാത്തലമായിരുന്നതിനാല്‍ ഇതെല്ലാം വാങ്ങാന്‍ അമ്മയുടെ കൈയില്‍ പണമില്ല. എന്നാല്‍ മറ്റു കുട്ടികളുടെ ഇടയില്‍ മകന്‍ ഇല്ലായ്മക്കാരനായി നില്‍ക്കുന്നതും ആ അമ്മയ്ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല. അവസാനം അമ്മ സ്വന്തം സ്വര്‍ണ താലിമാല എടുത്തു വിറ്റു. ആ പണം കൊണ്ട് മകന് ആവശ്യമുള്ള വസ്തുക്കള്‍ വാങ്ങി കൊടുത്തു, മകന്‍ തല കുനിക്കാതെ മനുഷ്യരുടെയും ദൈവത്തിന്റെയും മുന്നില്‍ നില്‍ക്കുവാന്‍ വേണ്ടി.

ആറ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഇന്നും ജസ്റ്റിനച്ചന്റെ മിഴികള്‍ ആ അമ്മയുടെ സ്‌നേഹമോര്‍ത്തു നിറയുന്നു. സംഗീതസംവിധാകന്‍ എന്നു പേരെടുത്തു നിന്ന കാലത്ത് പെട്ടെന്ന് പ്രശസ്തിയില്‍ നിന്നു പിന്‍വാങ്ങി വൈദിക ശുശ്രൂഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അച്ചനെ പ്രേരിപ്പിച്ചതും അമ്മ നല്‍കിയ വിലയുടെ ഓര്‍മയായിരുന്നു.

തന്റെ എല്ലാ പാട്ടുകളും അമ്മയ്ക്ക് മനപാഠമായിരുന്നു എന്നും അച്ചന്‍ ഓര്‍ക്കുന്നു. സ്‌നേഹപ്രവാഹം എന്ന തരംഗിണിയുടെ കാസറ്റില്‍ പൈതലാം യേശുവേ കൂടാതെ സ്‌നേഹസ്വരൂപാ തവദര്‍ശനം, കര്‍ത്താവാം യേശുവേ, എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍, മഞ്ഞു പൊഴിയുന്ന, ദൈവം നിരുപമ സ്‌നേഹം തുടങ്ങിയ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുണ്ടായിരുന്നു. മാനസത്തിന്‍ മണിവാതില്‍, ആരതി ആരതി ആരാധന, പാരില്‍ പിറന്നു ദേവന്‍… തുടങ്ങിയ ഗാനങ്ങള്‍ക്കും മരണമില്ല.

പരിശുദ്ധ അമ്മയുടെ മടിയില്‍ ഉണ്ണിയേശുവിനെ കിടത്തി താരാട്ട് പാടുന്ന ഫീല്‍ വേണമെന്നാണ് പൈതലാംയേശുവേ പാടാനെത്തിയ ഗായിക കെ എസ് ചിത്രയോട് ജസ്റ്റിനച്ചന്‍ ആവശ്യപ്പെട്ടത്. ആ ഗാനത്തിന് ഈണം നല്‍കുമ്പോള്‍ അമ്മയുടെ ആര്‍ദ്രമധുരമായ ഓര്‍മകള്‍ അച്ചന്‍ മനസ്സില്‍ തുടിച്ചു നിന്നിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ എങ്ങനെയാണ് ഇത്ര ലാവണ്യവും വാത്സല്യവും ഒരു പാട്ടില്‍ വന്നു നിറയുക?

 

ഫ്രേസര്‍

You must be logged in to post a comment Login