‘അമ്മ മരിച്ചപ്പോള്‍ വിശ്വാസം പോലും ചോദ്യം ചെയ്യപ്പെട്ടു’

കാഞ്ഞിരപ്പള്ളി രൂപതയുടെ നിയുക്ത സഹായമെത്രാന്‍ റവ. ഡോ ജോസ് പുളിക്കലുമായി ഹൃദയവയല്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് വിനായക് നിര്‍മ്മല്‍ നടത്തിയ അഭിമുഖം.

 

ജീവിതം അപ്രതീക്ഷിതമായി മാറി മറിയുമ്പോള്‍ ചുറ്റുമുള്ളവരുടെ ഇടപെടലുകളിലും സംബോധനകളിലും പോലും മാറ്റം. ഒരു നിമിഷം കൊണ്ട് മറ്റാരോ ആയിത്തീര്‍ന്നിരിക്കുന്നുവെന്നാണ് പലരുടെയും വിചാരം..പക്ഷേ എല്ലായ്‌പ്പോഴും ഞാന്‍ ഞാനാണ്.. എന്നെ ദൈവം മാനിച്ചുയര്‍ത്തിയതിന് പിന്നിലുള്ളത് ദൈവത്തിന്റെ കരുണയും സ്‌നേഹവും മാത്രം.. അല്ലാതെ എനിക്കെന്തു യോഗ്യത? കാരണം പാപികളില്‍ ഒന്നാമനാണ് ഞാന്‍..

കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായി നിയമിതനായ റവ. ഡോ. ജോസ് പുളിക്കല്‍ സംസാരിച്ചുതുടങ്ങിയത് അങ്ങനെയായിരുന്നു.നല്ല തിരക്കിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ദിനരാത്രങ്ങള്‍. മെത്രാഭിഷേകത്തിന്റെ ദിനങ്ങള്‍ അടുത്തുവരികയാണ്. അഭിവന്ദ്യ പിതാക്കന്മാരെ പലരെയും നേരില്‍ ചെന്ന് കണ്ട് അനുഗ്രഹവും ആശീര്‍വാദവും സ്വീകരിക്കണം..ചടങ്ങിന് ക്ഷണിക്കണം.. അങ്ങനെ പല വിധ തിരക്കുകള്‍. അതിനിടയിലും സ്‌നേഹത്തോടെ, ഹൃദയപൂര്‍വ്വം ഹൃദയവയലിനോട് സംസാരിക്കാന്‍ അദ്ദേഹം സന്നദ്ധനായി.

അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍

മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോള്‍ എന്ത് തോന്നി

ഭാരമാണ് തോന്നിയത്. ഇത്രയും മഹനീയമായ ഒരു പദവി അലങ്കരിക്കാന്‍ എനിക്കെന്ത് യോഗ്യത? ദൈവം എന്തുകൊണ്ട് എന്നെ നിയോഗിച്ചു? അറിയില്ല. സന്തോഷത്തെക്കാളേറെ ഭാരമാണ് അനുഭവപ്പെട്ടത്. ഭയത്തോടും വിറയലോടും കൂടിയാണ് ഞാന്‍ ഈ പദവിയെ സമീപിക്കുന്നത്. പക്ഷേ  ഇത് ദൈവത്തിന്റെ പദ്ധതിയാണ്. എല്ലാറ്റിലും ദൈവത്തിന്റെ പദ്ധതിയുണ്ട്. എന്നെ ഇതുവരെ ദൈവം അങ്ങനെയാണ് നയിച്ചത്. പാപിയും ബലഹീനനുമാണെങ്കിലും ദൈവസ്‌നേഹത്തിന്റെ കരമാണ് എന്നെകൈപിടിച്ചു നടത്തിയത്. അതേ കരം എന്നെ ഇവിടം വരെ എത്തിച്ചു.

ഈ സന്തോഷനിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചോ?

ഇല്ല .കാരണം മാതാപിതാക്കള്‍ ഇപ്പോഴും എന്റെ കൂടെയുണ്ടല്ലോ? അവരുടെ ഭൗമികസാന്നിധ്യം ഇല്ലെങ്കിലും അവര്‍ സ്വര്‍ഗ്ഗത്തിലിരുന്ന് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് എനിക്കറിയാം..അവരുടെ സാന്നിധ്യവും പ്രാര്‍ത്ഥനയും എന്നെ നയിക്കുന്നു.

അമ്മ മരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞതായി കേട്ടിട്ടുണ്ട്. അമ്മയുമായുള്ള ബന്ധം എപ്രകാരമായിരുന്നു?

മാതാപിതാക്കളുടെ ഏകസന്താനമായിരുന്നു ഞാന്‍. ഇരുവരുടെയും ഒരുപാട് സ്‌നേഹം അനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്. രണ്ടുപേരും പ്രാര്‍ത്ഥനയുടെ നല്ല മനുഷ്യരായിരുന്നു. പക്ഷേ അമ്മയോട് വലിയ ബന്ധമായിരുന്നു. വൈകാരികമായ ബന്ധം.പ്രത്യേകിച്ച് അവസാനകാലത്ത്…

അമ്മയ്ക്കു മുമ്പേ ചാച്ചന്‍ കടന്നുപോയിരുന്നു. ഊഷ്മളമായ സ്‌നേഹത്തിന്റെ വ്യക്തിയായിരുന്നു അമ്മ. അവസാനമായപ്പോഴേക്കും അമ്മ പ്രാര്‍ത്ഥിച്ചുപ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥന മാത്രമായി..സ്‌നേഹദീപത്തിലായിരുന്നതുകൊണ്ട് കുര്‍ബാനയുടെ സാന്നിധ്യം അമ്മയ്ക്ക് എപ്പോഴുമുണ്ടായിരുന്നു. എന്നെ കാത്തിരിക്കുന്ന അമ്മ… അപ്രതീക്ഷിതമായിരുന്നു അമ്മയുടെ മരണം. വളരെ പെട്ടെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ അമ്മ വിടപറഞ്ഞു,ലിവര്‍ സിറോസിസ്.

അമ്മ ഇത്രപെട്ടെന്ന് കടന്നുപോകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അമ്മയ്ക്ക് അസുഖമാണെന്ന് അറിഞ്ഞപ്പോള്‍ സൗഖ്യത്തിന് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചു. പക്ഷേ സൗഖ്യം നല്കിയല്ല ഈശോ മറുപടി തന്നത്. മരണമായിരുന്നു മറുപടി. കാല്‍വരിയിലെ അതേ അനുഭവം.. അമ്മയുടെ മരണം എന്നെ ശരിക്കും തളര്‍ത്തുകളഞ്ഞു. വിശ്വാസത്തിന് പോലും പ്രതിസന്ധി നേരിട്ടതുപോലെ.. അമ്മയുടെ മരണത്തോടെ ഞാന്‍ എന്നോടുതന്നെ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. വിശ്വാസമില്ലാതെ ചോദിച്ചതുപോലും ദൈവം തന്നിട്ടുണ്ട്. എന്നാല്‍ വിശ്വാസത്തോടെ ചോദിച്ചിട്ട് ദൈവം അമ്മയെ തന്നില്ലല്ലോ..

ആ കാലത്തെ പിന്നെ എങ്ങനെയാണ് അതിജീവിച്ചത്

എന്റെ ഇത്തരം പരാതികള്‍ക്കും ചോദ്യങ്ങള്‍ക്കും ദൈവം നല്കിയ കൃത്യമായ മറുപടിയിലൂടെ… നീ അബ്രാഹമിന്റെ ബലിയല്ല അര്‍പ്പിക്കുന്നത്.കാല്‍വരിയിലെ ബലിയാണ്.അതായിരുന്നു ദൈവത്തിന്റെ മറുപടി. മരണത്തിന് അപ്പുറമുള്ള ഉത്ഥാനത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായി.  സങ്കടം തോര്‍ന്നു. മാതാവിന്റെ സംരക്ഷണം കൂടുതല്‍ അനുഭവിക്കാന്‍ കഴിഞ്ഞു. അമ്മയുടെ സ്ഥാനം മാതാവ് ഏറ്റെടുത്തു. അമ്മയുടെ സാന്നിധ്യം അടുത്തുണ്ടെന്ന ചിന്ത.. അത് സന്തോഷം നല്കി. ദൈവം അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കില്ല..

കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഇതുവരെ ഒരു സഹായമെത്രാന്‍ ഉണ്ടായിരുന്നില്ലല്ലോ? ഇപ്പോള്‍ അത്തരമൊരു സാഹചര്യം വന്നത് എങ്ങനെയാണ്?

രൂപതയ്ക്ക് വിശാലമായ ഏറിയ ഉണ്ട്..കെസിബിസി, സിബിസിഐ, സിനഡ്..ഇന്‍ഫാം, ഏഷ്യന്‍ സിനഡിന്റെ ഉത്തരവാദിത്തം, വിദേശമലയാളികളുടെ കോര്‍ഡിനേഷന്‍ വര്‍ക്ക്..ഇങ്ങനെ ഒരുപാട് എക്‌സ്ട്രാ ഉത്തരവാദിത്തങ്ങള്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന് ഉള്ളതുകൊണ്ട് രൂപതയുടെ കാര്യത്തില്‍ ആഗ്രഹിക്കുന്ന  വിധത്തില്‍ കാര്യക്ഷമമായി ഇടപെടാനോ ശ്രദ്ധിക്കാനോ അദ്ദേഹത്തിന് സാധിക്കുന്നില്ല.

മാത്രവുമല്ല അദ്ദേഹത്തിന് 71 വയസ് പൂര്‍ത്തിയായി. ഇങ്ങനെയൊരു സാഹചര്യത്തില്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ അറയ്ക്കല്‍ പിതാവ് സിനഡില്‍ ഇങ്ങനെയൊരു പ്രപ്പോസല്‍-സഹായമെത്രാന്‍- വച്ചിരുന്നു.  പരിശുദ്ധാത്മാവിന്റെ ഇടപെടലോടെ ഒടുവില്‍ തിരഞ്ഞെടുപ്പ് നടന്നത് ഇപ്പോഴാണെന്ന് മാത്രം.

രൂപതയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും ഭാവി പദ്ധതികളും എന്തൊക്കെയാണ്?

അറയ്ക്കല്‍ പിതാവിന്റെ മോട്ടോ ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകുന്നതിനും എന്നതാണ്. അതിനോട് ചേര്‍ന്നുള്ള മോട്ടോയാണ് ഞാനും തിരഞ്ഞെടുത്തിരിക്കുന്നത്.
ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും ആകുക എന്നതാണത്. ഉപ്പിന്റെ അസ്തിത്വം അലിഞ്ഞുചേര്‍ന്ന് കേടുകൂടാതെ സൂക്ഷിക്കുക എന്നതാണല്ലോ. സുവിശേഷദര്‍ശനങ്ങള്‍ എല്ലാം കേടുകൂടാതെ സമൂഹത്തില്‍ കാത്തുസൂക്ഷിക്കുക. എന്നതാണ് എന്റെ ഉത്തരവാദിത്വം. മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുക.. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദര്‍ശനത്തോട് ചേര്‍ന്ന് ചിന്തിക്കാനുള്ള പ്രേരണയാണ് ഇതിന് പിന്നില്‍.

ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ്.എല്ലാ ഇരുണ്ട മേഖലകളിലും പ്രകാശം നല്കുക..രൂപതയുടെ സമഗ്രമായ വളര്‍ച്ചയും പുരോഗതിയുമാണ് ലക്ഷ്യം..തകര്‍ന്നടിഞ്ഞ കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക..പരിത്യക്തരിലേക്ക് ഇറങ്ങിച്ചെന്ന് സുവിശേഷത്തിന്റെ സന്ദേശം നല്കുക.. ധാര്‍മ്മികാടിസ്ഥാനത്തിലും സുവിശേഷദര്‍ശനങ്ങളിലും നാനാജാതി മതസ്ഥര്‍ക്ക് ഇടയിലേക്കും ഇറങ്ങിച്ചെല്ലാനുള്ള ശ്രമം. വലിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാക്ഷ്യമുള്ള പ്രവര്‍ത്തനം..ലാളിത്യം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.

മെത്രാനെന്ന നിലയില്‍  പ്രതിസന്ധികള്‍ എന്തെങ്കിലും നേരിടുന്നതായി തോന്നുന്നുണ്ടോ?

മെത്രാന്‍ സ്ഥാനം കുരിശെടുക്കാനുള്ള വിളിയാണ്. പ്രതീക്ഷിക്കുന്നതിലും പുറമെ കാണുന്നതിലും അപ്പുറം വലിയ ഭാരമുണ്ട്. സഭയിലെ ചില പ്രതിസന്ധികള്‍ക്ക് മെത്രാന്‍ തന്നെ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ദൈവം കൃപ നല്കും എന്ന വിശ്വാസം പ്രതിസന്ധികളെ അതിജിവിക്കാന്‍ സ ഹായിക്കും. ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുമ്പോള്‍ അവിടുന്ന് ബാക്കിയെല്ലാം തരുമല്ലോ.. മറ്റുള്ളവര്‍ കാണിക്കുന്ന ആദരവും വിശ്വാസവെളിച്ചവും കാണുമ്പോള്‍ നമ്മളില്‍ നിന്ന് വലുതായിട്ടെന്തോ ആളുകള്‍ പ്രതീക്ഷിക്കുന്നു എന്നത് വലിയൊരു ഭാരമാണ്. എന്നാല്‍ അതിനനുസരിച്ചുള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നില്‍ സംഭവിച്ചിട്ടുമില്ല.. വേദഗ്രന്ഥത്തിന്റെ മുഴുവന്‍ താളുകളിലും കാണുന്ന സത്യമുണ്ട്. ഒരാളെ നിയോഗം ഏല്പിച്ചാല്‍ അത് ചെയ്തുതീര്‍ക്കാനുള്ള കൃപ ദൈവം നല്കും. പ്രാര്‍ത്ഥനയുടെ വലിയ പിന്‍ബലം എനിക്കുണ്ട്. അത് മുന്നോട്ടുപോകാന്‍ കരുത്ത് നല്കുന്നുണ്ട്.

സഭ നേരിടുന്ന വലിയ വെല്ലുവിളി ഏതൊക്കെയാണെന്നാണ് വ്യക്തിപരമായ അഭിപ്രായം?

മുന്‍ കാലങ്ങളിലെക്കാള്‍ ഇന്ന് കൂടുതല്‍ വെല്ലുവിളികള്‍ സഭ നേരിടുന്നുണ്ട്.. റിലേറ്റീവിസം, വര്‍ഗ്ഗീയ ധ്രുവീകരണം, സെക്കുലറിസം.. മനുഷ്യരുടെ മനസ്സ് വളരെ ചുരുങ്ങിപ്പോയി. ഇന്‍ഡ്‌വീജ്വലിസം വര്‍ദ്ധിച്ചു. വര്‍ഗ്ഗീയത, ഭൗതികവാദം ഇവയെല്ലാം വിശ്വാസത്തിനുള്ള വെല്ലുവിളികളാണ്. മനുഷ്യരുടെ മനസ്സ് പണ്ട് ഇന്നത്തേതുപോലെ മലിനമായിരുന്നില്ല. ആഴമായ വിശ്വാസത്തിലേക്ക് വളരാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. വിശ്വാസം പുതിയ തലമുറയ്ക്ക് അന്യമായി.. ആരും അതിന് വില കൊടുക്കുന്നില്ല.. ഇങ്ങനെ വിവിധ തരം പ്രതിസന്ധികള്‍ സഭ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്.

ജീവിതസാക്ഷ്യത്തിലൂടെയും കാരുണ്യത്തിലൂടെയും ക്രിസ്തുവിന് സാക്ഷ്യം നല്കാനാണ് ഈ ഇടയന്‍ ശ്രമിക്കുന്നത്. വിനയത്തിലും വിശുദ്ധിയിലും ജ്ഞാനത്തിലും മുന്നോട്ടുപോകാനുള്ള കൃപയ്ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് ഹൃദയവയലിന്റെ വായനക്കാരോട് ബിഷപ് ജോസ് പുളിക്കല്‍ അഭ്യര്‍ത്ഥിച്ചത്.

ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയ ഒരു ദൈവവിളിയായിരുന്നു മാര്‍ പുളിക്കലിന്റേത്. ഏകമകനായിരുന്നതിനാല്‍ ദൈവവിളിക്ക് തടസ്സം നില്ക്കാന്‍ പല കാരണങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ദൈവം വിളിച്ചെങ്കില്‍ ബാക്കികാര്യം നോക്കിക്കൊള്ളും എന്ന് മാതാപിതാക്കളെ ആശ്വസിപ്പിച്ച് അദ്ദേഹം സെമിനാരിയിലേക്ക് യാത്രയായി. പിന്നെ വൈദികനായി.

വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം ആരെ ഏല്പിക്കുമെന്നതായിരുന്നു കുറെക്കാലം കഴിഞ്ഞപ്പോഴത്തെ വലിയ വെല്ലുവിളി. ഒടുവില്‍ ഭവനം സ്‌നേഹദീപമാക്കാനായി തീരുമാനിക്കുകയായിരുന്നു..

ജയില്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതുമൂലം ആളുകളെ ജയിലില്‍ എത്തിക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങളെ ഒഴിവാക്കിക്കൊണ്ടും അതിനെതിരെ മുന്‍കരുതല്‍ എന്ന രീതിയില്‍ കുറ്റവാസനകളുള്ള കുട്ടികളുടെ പുനരധിവാസവും വ്യക്തിത്വവികാസവും ലക്ഷ്യമാക്കികൊണ്ടുള്ളതായിരുന്നു സ്‌നേഹദീപത്തിന്റെ പിറവി. സിസ്റ്റേഴ്‌സിന് മുഴുവനായി വിട്ടുകൊടുക്കണമോ എന്ന സന്ദേഹം ഉണ്ടായിരുന്നപ്പോള്‍ വചനത്തിലൂടെ ഫാ. ജോര്‍ജ് കുറ്റിക്കലച്ചനാണ് തനിക്ക് വ്യക്തമായ തീരുമാനം എടുക്കാന്‍ പ്രേരണ നല്കിയതെന്നും മാര്‍ പുളിക്കല്‍ അനുസ്മരിക്കുന്നു. ദൈവത്തിന് കൊടുക്കുമ്പോള്‍ മുഴുവനും കൊടുക്കണം. പാതി കൊടുക്കരുത്..

അതെ, ആ വാക്കുകള്‍ ഇപ്പോള്‍ ഈ ഇടയന് കൂടുതല്‍ കരുത്തായി മാറുന്നുണ്ട്.. പൂര്‍ണമായും ദൈവത്തില്‍ ആശ്രയിച്ചുള്ള ജീവിതം നയിക്കാന്‍ കരുത്ത് പകരുന്നതും അതുതന്നെ.

ഫെബ്രുവരി നാലിന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചാണ് മെത്രാഭിഷേകച്ചടങ്ങുകള്‍. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികനായിരിക്കും .വത്തിക്കാന്‍ ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് സാല്‍വത്താരോ പെനാച്ചിയോ സഹകാര്‍മ്മികനായിരിക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്കും.

ഉയര്‍ച്ചകളും വളര്‍ച്ചകളും മഹാന്മാരെ കൂടുതല്‍ വിനയാന്വിതരാക്കുമെന്നത് എത്രയോ സത്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടു പിരിഞ്ഞപ്പോള്‍ കാണിച്ച സ്‌നേഹവും അടുപ്പവും ഒട്ടും ചോര്‍ന്നുപോകാതെയായിരുന്നു പുളിക്കല്‍ പിതാവ് സംസാരിച്ചത്.

ഹൃദയനിലങ്ങളില്‍ മഴപ്പെയ്ത്ത് നടത്തി പഥികമുദ്രകള്‍ പതിപ്പിച്ച ഈ ഇടയന് ഹൃദയവയലിന്റെ ആശംസകളും പ്രാര്‍ത്ഥനകളും..

You must be logged in to post a comment Login