അറുത്തുമാറ്റിയ തലയ്ക്ക് പകരം പൂക്കള്‍

അറുത്തുമാറ്റിയ തലയ്ക്ക് പകരം പൂക്കള്‍

1970 ഒക്ടോബര്‍ മൂന്ന് പോപ്പ് പോള്‍ ആറാമന്‍ വേദപാരംഗതരുടെ നിരയിലേക്കും 1999 ഒക്ടോബര്‍ ഒന്നിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ യൂറോപ്പിന്റെ മധ്യസ്ഥരായ ആറ് വിശുദ്ധരില്‍ ഒരാളായും ഉയര്‍ത്തിയ വിശുദ്ധയാണ് സിയന്നയിലെ കാതറിന്‍. ഇറ്റലിയുടെ മധ്യസ്ഥരില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിക്കൊപ്പം പേരു ചേര്‍ക്കപ്പെട്ടവളുമാണ് വിശുദ്ധ കാതറിന്‍.

1347 മാര്‍ച്ച് 25 ന് ആയിരുന്നു കാതറിന്റെ ജനനം. കാതറിനൊപ്പം ഒരു ഇരട്ടശിശുവും ജനിച്ചുവെങ്കിലും ജീവിച്ചിരുന്നില്ല. ഏഴാമത്തെ വയസുമുതല്‍ കന്യാജീവിതത്തിനാണ് കാതറിന്‍ ആഗ്രഹിച്ചത്.

പക്ഷേ പന്ത്രണ്ടാമത്തെ വയസില്‍ മാതാപിതാക്കള്‍ അവളെ വിവാഹം കഴിച്ചുകൊടുക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്ന് അവളെ പിന്തിരിപ്പിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

ഏതെങ്കിലും കന്യാമഠം തിരഞ്ഞെടുക്കാതെ വീട്ടില്‍ തന്നെ ഒരു മുറിയില്‍ ഏകാന്തധ്യാനത്തിലാണ് അവള്‍ മുഴുകിയത്. ഏകദേശം മൂന്നുവര്‍ഷത്തോളം അവള്‍ അങ്ങനെ കഴിച്ചുകൂട്ടി. ഏകാന്തജീവിതം അവസാനിപ്പിക്കാനും പൊതുജീവിതം ആരംഭിക്കാനും യേശു ആവശ്യപ്പെട്ടത് അനുസരിച്ചാണ് രോഗിശുശ്രൂഷയിലേക്ക് അവള്‍ ഇറങ്ങിത്തിരിച്ചത്.

പ്ലേഗ് ബാധിതരെ ശുശ്രൂഷിക്കാനും കാതറിന്‍ സന്നദ്ധയായിരുന്നു. കഠിനമായ തപശ്ചര്യകളായിരുന്നു കാതറിന്‍ അനുഷ്ഠിച്ചിരുന്നത്. നാമമാത്ര ഭക്ഷണം മാത്രമായിരുന്നു കഴിച്ചിരുന്നത്. അവസാനകാലമായപ്പോഴേയ്ക്കും വിശുദ്ധ കുര്‍ബാന മാത്രമായിരുന്നു ഭക്ഷണം. 1380 ല്‍ ഹൃദയാഘാതത്തെതുടര്‍ന്നാണ് കാതറിന്‍ മരണമടഞ്ഞത്. 33 വയസായിരുന്നു അപ്പോള്‍.

റോമില്‍ വച്ചായിരുന്നു മരണം എന്നതിനാല്‍ സിയന്നയിലെ ജനങ്ങള്‍ അവളുടെ മൃതദേഹം തങ്ങളുടെ നഗരത്തില്‍ സംസ്‌കരിക്കണം എന്നാഗ്രഹിച്ചു.
മൃതദേഹം പൂര്‍ണ്ണമായും സിയന്നയിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടായ കാര്യമായിരുന്നതിനാല്‍ ശിരസ് മാത്രം സഞ്ചിയിലാക്കിയാണ് കൊണ്ടുപോയത്.

എന്നാല്‍ ഉദ്യോഗസ്ഥര്‍ സംശയം തോന്നി സഞ്ചി തുറന്നു നോക്കിയപ്പോള്‍ അതില്‍ പൂക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ സിയന്നയില്‍ എത്തിയപ്പോള്‍ പൂക്കളടെ സ്ഥാനത്ത് ശിരസ് പ്രത്യക്ഷപ്പെടുകയും ചെയ്തു.

സിയന്നയിലെ വിശുദ്ധ കത്രീനയെ പൂക്കളുമായുള്ള ചിത്രീകരണത്തിനുള്ള സാംഗത്യം ഇതാണ്. വിശുദ്ധ ഡൊമിനിക്കിന്റെ പള്ളിയിലാണ് കാതറീന്റെ ശിരസ് അടക്കം ചെയ്തിരിക്കുന്നത്. ശിഷ്ടശരീരം റോമിലെ സോപ്രാമിനെര്‍വാ മാതാവിന്റെ പള്ളിയിലും.

You must be logged in to post a comment Login