അല്ലിയാമ്പല്‍ക്കടവില്‍ പാട്ടിന്റെ പുതിയ ഓളങ്ങള്‍

2013 ഒക്ടോബര്‍ 5. കൊച്ചിയില്‍ നടന്ന അല്ലിയാമ്പല്‍ ഗാനസന്ധ്യയില്‍ പങ്കെടുക്കാന്‍ എത്തിയത് നിരവധിപേര്‍. വേദിയില്‍ നിന്നും

“അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായി തുഴഞ്ഞില്ലേ കൊതുമ്പുവെള്ളം…. “

എന്ന ഈരടികള്‍ മുഴങ്ങിയതും പല ആസ്വാദകരുടെയും മിഴികള്‍ ഈറനണിഞ്ഞു. മനോഹരമായ ഈ ഗാനം മലയാളികള്‍ക്ക് സമ്മാനിച്ച സംഗീതസംവിധായകന്‍ ജോബ് മാസ്റ്ററുടെ പത്താം ചരമവാര്‍ഷികമായിരുന്നു അന്ന്.

സംവിധായകന്‍ ലാല്‍ ജോസിന്റെയും സംഗീതസംവിധായകന്‍ എം ജയചന്ദ്രന്റെയുമൊക്കെ സാന്നിധ്യത്തില്‍ കെസ്റ്ററും മധു ബാലകൃണ്‌നും ഗാഗുല്‍ ജോസഫുംമെല്ലാം ജോബ് മാസ്റ്ററുടെ സംഗീതം വേദിയില്‍ മനോഹരമായി ആലപിച്ചപ്പോള്‍ ആ മഹനീയ പ്രതിഭയുടെ ഓര്‍മ്മകള്‍ പരിസരമാകെ നിറഞ്ഞു. ആസ്വാദകര്‍ക്കിടയില്‍ ഇരുന്ന ജോബ് മാസ്റ്ററുടെ മകന്‍ അജയ് യുടെ മിഴികളും ഇടയ്‌ക്കൊന്നു നിറഞ്ഞു, അച്ചന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍.

“അതുല്യ പ്രതിഭയായ അച്ഛന്റെ മകന് അച്ഛന്റെ സംഗീതപാത പിന്തുടര്‍ന്നൂടെ?”

പലരുടെയും ഈ ചോദ്യമായിരുന്നു അജയ് യെ അന്ന് ചിന്തിപ്പിച്ചത്. സംഗീതത്തെപ്പറ്റി അന്നുമുതലാണ് അജയ് ചിന്തിച്ചുതുടങ്ങിയത്. 

അച്ഛന്റെ സംഗീതം കേട്ട പരിചയം മാത്രമെ അജയ് എന്ന ചെറുപ്പക്കാരനുണ്ടായിരുന്നുള്ളു. മലയാളികള്‍ക്ക് ഏറെ പ്രീയപ്പെട്ട ഗാനങ്ങള്‍ക്ക് ജോബ് മാസ്സ്റ്റര്‍ എങ്ങനെ ജന്മം നല്കി എന്നത് ആ യുവാവിന് അവ്യക്തമായിരുന്നു. സംഗീതത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ല എന്ന ധാരണ, സംഗീതം ചെയ്യണമെന്ന അതിയായ ആഗ്രഹം ഇതുമാത്രമായിരുന്നു അജയ് യുടെ ഉള്ളിലുണ്ടായിരുന്നത്. അപ്പോഴും അജയ് യുടെ മനസ്സില്‍ മുമ്പില്‍ നിന്നത് ഒരു ആത്മവിശ്വാസക്കുറവായിരുന്നു.

ഒരിക്കല്‍ സംഗീതസംവിധായകന്‍ കെ.രാജാമണിയുമായി സംസാരിച്ചിരിക്കെയാണ് ശശീന്ദ്രന്‍ കീഴൂര്‍ എന്ന എഴുത്തുകാരനെ അജയ് പരിചയപ്പെടുന്നത്. വളരെ എളിമയോടെ ശശിന്ദ്രന്‍ കീഴൂരിനോട് അജയ് ഒരു കവിത ആവശ്യപ്പെട്ടു. “വെറുതെ എനിക്കൊന്നു ട്യൂണ്‍ ചെയ്തു നോക്കാനാ…” നിഷ്‌കളങ്കതയോടെയുള്ള അജയ് യുടെ ചോദ്യം കേട്ട് ശശീന്ദ്രന്‍ ചിരിച്ചുകൊണ്ട് ഒരു കവിത അജയ്ക്കു നേരെ നീട്ടി. നിമിഷങ്ങള്‍ക്കകം ആ വരികള്‍ക്ക് അജയ് മനോഹരമായി ഈണം പകര്‍ന്നു. തോളില്‍ തട്ടിക്കൊണ്ട് ശശീന്ദ്രന്‍ പറഞ്ഞു “സംഗീതം അത് നിന്റെ രക്തത്തിലുണ്ട് അത് നഷ്ടപ്പെടുത്തരുത്”. സംഗീതത്തില്‍ അതുവരെ ഇല്ലാതിരുന്ന ഒന്ന് അവിടെവച്ച് അജയ് എന്ന ചെറുപ്പക്കാരന് കിട്ടി, തനിക്ക് സംഗീതം ചെയ്യാനാകുമെന്ന ആത്മവിശ്വാസം. അച്ഛനെയും അച്ഛന്റെ സംഗീതത്തെയും മനസ്സില്‍ സ്മരിച്ചാണ് അജയ് അവിടംവിട്ടിറങ്ങിയത്.

ചെറുപ്പം മുതലേ ഈശ്വരവിശ്വാസത്തിലും ഭക്തിയിലും വളര്‍ന്ന അജയ്ക്ക് തന്റെ ഉള്ളിലെ സംഗീതം ആദ്യം ഉപയോഗിക്കേണ്ടത് ഒരു ക്രിസ്തീയ ഭക്തിഗാനത്തിനു വേണ്ടിയാവണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

നാല്പത്തി നാലാമത്തെ വയസ്സില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ പോകുന്നു എന്നു കേട്ടപ്പോള്‍ പരിഹാസമായിരുന്നു പലരില്‍നിന്നും അജയ്ക്ക് ലഭിച്ച മറുപടി. ആത്മവിശ്വാസത്തോടെ കൂടെ നിന്ന് ആദ്യം പ്രോത്സാഹിപ്പിച്ചത് സഹോദരന്‍ ജെയ്‌സന്‍ മാത്രം.

1964 ലാണ് ജോബ് മാസ്റ്റര്‍ ‘അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം’ എന്ന ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചത്. ‘റോസി’ എന്ന ചിത്രത്തിലേതായിരുന്നു ഗാനം. പി ഭാസ്‌കരന്റേതാണു വരികള്‍. ഗാനഗന്ധര്‍വ്വന്‍ യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ക്കൂടിയാണ് ജോബ് മാസ്റ്ററും സംഗീത സംവിധാന രംഗത്തേക്ക് പ്രവേശിപ്പിച്ചത്. അച്ഛന്റെ ആ പാത പിന്തുടരാനാണ് അജയ് യുടെയും ആഗ്രഹം.

2015 ഡിസംബര്‍ 14 ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ ‘പ്രകാശം’ എന്ന അജയ് യുടെ ആദ്യ ആല്‍ബത്തിന്റെ  സിഡി പ്രകാശനം ചെയ്യും.

പത്ത് ഭക്തിഗാനങ്ങള്‍ക്കാണ് അജയ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫാ. വിന്‍സെന്റ് വാരിയത്ത്, ഫാ. ആന്റണി കീരംമ്പള്ളി, അഭിലാഷ് ഫ്രേസര്‍, ടൈറ്റസ് ഗോതുരത്ത്, നെസ്‌ലി വിനോദ് എന്നിവരുടേതാണ് ഭക്തിഗാനത്തിലെ മനോഹരമായ വരികള്‍. സ്വര്‍ഗ്ഗീയ ഗായകന്‍ കെസ്റ്ററാണ് മൂന്നു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണന്‍, ഗാഗുല്‍ ജോസഫ്, മൃദുല വാര്യര്‍, എലിസബത്ത് രാജു എന്നിവരുടെ സ്വരവും ഈ ആല്‍ബത്തെ മനോഹരമാക്കുന്നു. കെസ്റ്ററുടെ മകള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കൃപാ കെസ്റ്ററും ആല്‍ബത്തില്‍ ഒരു ഗാനം ആലപിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

 

ലെമി തോമസ്‌

You must be logged in to post a comment Login