അല്‍ബേനിയന്‍ സൂഫി ഗുരു വത്തിക്കാനില്‍

അല്‍ബേനിയന്‍ സൂഫി ഗുരു വത്തിക്കാനില്‍

വത്തിക്കാന്‍: മുസ്ലീങ്ങളും ക്രൈസ്തവരും ഏകോദരസഹോദരങ്ങളെ പോലെ ജീവിക്കന്ന നാട് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രശംസ നേടിയ അല്‍ബേനിയായില്‍ നിന്ന് സൂഫി ഗുരു ബാബാ എഡ്മണ്ട് ബ്രാഹിമാജ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്നലെ വത്തിക്കാനില്‍ സന്ദര്‍ശിച്ചു. ജനറല്‍ ഓഡിയന്‍സിന് മുമ്പ് പോള്‍ ആറാമന്‍ സ്റ്റഡി ഹാളില്‍ വച്ചായിരുന്നു സംഗമം.

സൂഫി ഗുരുവിന്റെ ആദ്യ വത്തിക്കാന്‍ സന്ദര്‍ശനമൊന്നുമായിരുന്നില്ല ഇന്നലെത്തേത്. അസ്സീസിയില്‍ നടന്ന മതാന്തരസംവാദത്തിലും മദര്‍തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 2014 ല്‍ അല്‍ബേനിയ സന്ദര്‍ശിച്ച വേളയിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൈസ്തവ-മുസ്ലീംസമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വത്തിന്റെ പേരില്‍ അല്‍ബേനിയായെ പ്രശംസിച്ചത്.

ഇസ്ലാമിലെ മിസ്റ്റിക്കല്‍ മൂവ്‌മെന്റാണ് ബെക്റ്റാഷി. ഇതിന്റെ വക്താവാണ് ബാബാ എഡ്മണ്ട്. ഇസ്ലാം മതമൗലികവാദികളുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുള്ള ഒരു ശാഖ കൂടിയാണിത്. മുസ്ലീം ലോകത്തിന്റെ ഇന്നത്തെ പൊതു അവസ്ഥയുടെ സാഹചര്യത്തിലാണ് ഗുരു ബാബായുടെ വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ പ്രസക്തിയേറുന്നത്.

ഒരു സഹോദരന്‍ മറ്റൊരു സഹോദരനോട് എന്നതുപോലെയാണ് ഫ്രാന്‍സിസ് പാപ്പ എന്നെ സമീപിച്ചത്. വളരെയധികം ഹൃദ്യമായിരുന്നു സ്വീകരണം. ബാബാ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. സംവാദത്തിന് ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നു, സാഹോദര്യത്തിനും. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login