അള്‍ത്താരബാലനായിരുന്നപ്പോള്‍ ഫ്രാന്‍സിസ് പാപ്പ ചെയ്തിരുന്ന ഭാരിച്ച പണി

അള്‍ത്താരബാലനായിരുന്നപ്പോള്‍ ഫ്രാന്‍സിസ് പാപ്പ ചെയ്തിരുന്ന ഭാരിച്ച പണി

കുട്ടികള്‍ക്കായുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ പുസ്തകം ഡിയര്‍ പോപ്പ് ഫ്രാന്‍സിസിലാണ് അള്‍ത്താരബാലനായിരുന്നപ്പോള്‍ താന്‍ ചെയ്തിരുന്ന ഭാരിച്ച പണിയെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ സംസാരിച്ചത്. ഇറ്റലിയില്‍ നിന്നുള്ള അലന്‍സിയോ എന്ന ബാലന്റെ സംശയത്തിനുള്ള  ഫ്രാന്‍സിസ് പാപ്പയുടെ മറുപടിയായിരുന്നു അത്.

‘പ്രിയപ്പെട്ട പാപ്പാ, അങ്ങ് ഒരു അള്‍ത്താരബാലനായി സേവനം ചെയ്തിട്ടുണ്ടോ?’, അലന്‍സിയോയുടെ ചോദ്യം. ‘പ്രിയപ്പെട്ട അലന്‍സിയോ, ഞാന്‍ ഒരു അള്‍ത്താരബാലനായിരുന്നു. നീയോ..? അള്‍ത്താരബാലന്‍മാരില്‍ നിന്റെ ജോലി എന്താണ്..? ഞാന്‍ അള്‍ത്താരബാലനായിരുന്ന സമയത്ത് വിശുദ്ധ കുര്‍ബാന ഇന്നത്തെ രീതിയിലല്ലായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമാണ് വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനാക്രമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും മാറ്റം വന്നതും ഇന്നത്തെ രീതിയിലായതും. അന്ന് വൈദികന്‍ ജനങ്ങളെ അഭിമുഖീകരിച്ചല്ല, മറിച്ച് അള്‍ത്താരയെ അഭിമുഖീകരിച്ചാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നത്.

വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകളടങ്ങുന്ന പുസ്തകം വൈദികന്റെ വലതുഭാഗത്താണിരുന്നിരുന്നത്. സുവിശേഷവായനക്കു മുന്‍പായി ഈ പുസ്തകം ഇടതുഭാഗത്തേക്ക് മാറ്റേണ്ടിയിരുന്നു. സുവിശേഷം വായിച്ചുകഴിഞ്ഞാല്‍ വലതുഭാഗത്തേക്ക് വീണ്ടും മാറ്റണം. ഇതായിരുന്നു എന്റെ ജോലി. പുസ്തകം ഇടതുഭാഗത്തേക്കും തിരികെ വലതുഭാഗത്തേക്കും മാറ്റിവെയ്ക്കുക എന്നത്. അതു വളരെ ഭാരിച്ച ജോലിയായിരുന്നു. കാരണം, ആ പുസ്തത്തിന് നല്ല ഭാരമുണ്ടായിരുന്നു. എന്റെ സര്‍വ്വശക്തിയുമെടുത്താണ് ഞാനാ പുസ്തകം എടുത്തിരുന്നത്. അന്നെനിക്ക് നല്ല ആരോഗ്യമില്ലായിരുന്നു. ഒരിക്കല്‍ ഞാനാ പുസ്തകവുമായി നിലത്തു വീണു. വൈദികന്റെ സഹായത്തോടെയാണ് എഴുന്നേറ്റത്’,

അലന്‍സിയോയുടെ ചോദ്യത്തിന് ഫ്രാന്‍സിസ് പാപ്പ വിശദമായിത്തന്നെ മറുപടി നല്‍കി.

You must be logged in to post a comment Login