അഴിമതി കുറ്റകൃത്യങ്ങളില്‍ ഏറ്റവും നീചമെന്ന് മാര്‍പാപ്പ

അഴിമതി കുറ്റകൃത്യങ്ങളില്‍ ഏറ്റവും നീചമെന്ന് മാര്‍പാപ്പ

ചൂഷണനും അഴിമതിയുമാണ് ആധുനിക കാലത്ത കുറ്റകൃത്യങ്ങളില്‍ ഏറ്റവും നീചമെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘വക്രത നിറഞ്ഞവര്‍ കള്ളത്തരത്തെ സ്‌നേഹിക്കുകയും സത്യസന്ധതയെ വെറുക്കുകയും ചെയ്യുന്നു. വക്രബുദ്ധികള്‍ കൈക്കൂലി വാങ്ങുന്നു, ഇരുളിന്റെ മറവില്‍ നടപടികള്‍ നിര്‍വഹിക്കുന്നു. ഇത് മറ്റെല്ലാത്തിനേക്കാളും നീചമാണ്, കാരണം താന്‍ സത്യസന്ധനാണെന്നാണ് അയാളുടെ വിചാരം’ പാപ്പാ പറഞ്ഞു. വത്തിക്കാന്‍ പോലീസ് വിഭാഗത്തിന്റെ 200 ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു, അദ്ദേഹം. പോലീസിന്റെ അശ്രാന്ത സേവനത്തെയും സമര്‍പ്പണത്തെയും പാപ്പാ വാഴ്ത്തി.

വക്രബുദ്ധികള്‍ പണത്തെയും സമ്പത്തിനെയുമാണ് സ്‌നേഹിക്കുന്നത്. അവര്‍ക്ക് പണമാണ് വിഗ്രഹം. അവര്‍ പാവങ്ങളെ നിര്‍ദയം ചവിട്ടിത്തേക്കുന്നു. ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും അടിമപ്പണി നിലനില്‍ക്കുന്ന കാര്യം പാപ്പാ അനുസ്മരിച്ചു. ‘ഇന്ന് മാനേജ്‌മെന്റ് ശൈലി അടിമപ്പണിയെടുപ്പിക്കലാണ്’ പാപ്പാ പറഞ്ഞു.

വക്രതയ്‌ക്കെതിരെ പ്രയത്‌നിക്കാന്‍ പാപ്പാ വത്തിക്കാന്‍ പോലീസിനെ ആഹ്വാനം ചെയ്തു. കാപട്യക്കാര്‍ക്കും വക്രബുദ്ധികള്‍ക്കും ചൂഷകര്‍ക്കും എതിരെ പോരാടാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ‘സത്യസന്ധതയെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുയുമാണ് നിങ്ങളുടെ ദൗത്യം’ പാപ്പാ പറഞ്ഞു.

You must be logged in to post a comment Login