അവശരും ബലഹീനരും ദൈവസന്നിധിയില്‍ മൂല്യമുള്ളവര്‍

അവശരും ബലഹീനരും ദൈവസന്നിധിയില്‍ മൂല്യമുള്ളവര്‍

വത്തിക്കാന്‍: അവശരും ബലഹീനരും ദൈവസന്നിധിയില്‍ ഏറെ മൂല്യം കല്‍പിക്കപ്പെടുന്നവരാണെന്ന് ഫ്രാന്‍സിസ് പാപ്പ. നമ്മളായിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ അടുക്കലേക്ക് എത്തുന്ന ദൈവമാണ് അവിടുന്ന്. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചുകൂടിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം എവിടെ ആയിരിക്കുന്നുവോ അവിടെ ദൈവം നമ്മെ കാണാനെത്തുന്നു. ഇതിന് ആദ്യം മുന്‍കൈയെടുക്കുന്നത് ദൈവം തന്നെയാണ്. തന്റെ സവിശേഷമായ കരുണയാല്‍ അവിടുന്നു നമ്മെ തൊടുന്നു. പാപത്തിന്റെ ചെളിക്കുണ്ടില്‍ നിന്നും നമ്മെ പിടിച്ചു കയറ്റുന്നു. നാം നിപതിച്ചിരിക്കുന്ന അഗാധ ഗര്‍ത്തത്തില്‍ നിന്നും നമ്മെ കൈപിടിച്ച് ഉയര്‍ത്തുന്നു.

ആശ്വാസം നല്‍കുന്ന ജീവന്റെ സുവിശേഷം ശ്രവിക്കാന്‍ ദൈവം നമ്മെ ക്ഷണിക്കുന്നുണ്ട്. അതു നമ്മുടെ ഹൃദയത്തില്‍ സ്വാംശീകരിച്ച് നന്‍മയുടെ മാര്‍ഗത്തില്‍ നടക്കണം. ഇത് ഒരിക്കലും നമ്മുടെ തീരുമാനമല്ല. മറിച്ച് ദൈവത്തിന്റേതാണ്. അവനാണ് എന്നും നമ്മെ കാത്തുപരിപാലിക്കുന്നത്.

‘നസ്രത്തില്‍വെച്ച് ഏശയ്യാ പ്രവാചകന്റെ പുസ്തകം വായിച്ചുകൊണ്ട് ഈശോ പറഞ്ഞത് ഇപ്രകാരമാണ്: ‘നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു’. ഇത് വര്‍ത്തമാനകാലത്തിലും സംഭവിക്കുന്നുണ്ട്, എല്ലാ കാലത്തും എല്ലാ മനുഷ്യരിലും. ദൈവവചനം നമ്മില്‍ നിറവേറാന്‍ പ്രത്യേകമായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടണമെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login