അവിശ്വാസിയായ നോബേല്‍ സമ്മാന ജേതാവിനെ വിശ്വാസിയാക്കിയ ലൂര്‍ദ്ദിലെ അത്ഭുതം

അവിശ്വാസിയായ നോബേല്‍ സമ്മാന ജേതാവിനെ വിശ്വാസിയാക്കിയ ലൂര്‍ദ്ദിലെ അത്ഭുതം

ഫ്രാന്‍സിലെ ഒരു ചെറു നഗരത്തിലെ കത്തോലിക്ക കുടുംബത്തില്‍ 1873ല്‍ അലക്‌സിസ് കാരള്‍ ജനിച്ചു. ജെസ്യൂട്ട് വൈദികര്‍ നടത്തിയ കത്തോലിക്ക സ്‌കൂളില്‍ ഇദ്ദേഹം തന്റെ വിദ്യാഭ്യാസ കാലഘട്ടം ചിലവഴിച്ചു. തികഞ്ഞ ഈശ്വര വിശ്വാസിയായി വളര്‍ന്ന കാരളിന്റെ കോളജ് കാലഘട്ടം അദ്ദേഹത്തെ ഒരു അവിശ്വാസിയാക്കി.

പഠിക്കാന്‍ സമര്‍ദ്ദനായ കാരള്‍ ബയോളജി, മെഡിസിന്‍ എന്നിവ പഠിച്ച് ലോക പ്രശ്ത ശാസ്ത്രഞ്ജനായിത്തീരുന്നതിന് പരിശ്രമിച്ചു. അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുതല്‍ക്കൂട്ടാകുന്ന രീതിയിലുള്ള പുതിയ പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. രക്തക്കുഴലുകള്‍ തുന്നിച്ചേര്‍ക്കുന്നതിനുള്ള കണ്ടു പിടുത്തം അദ്ദേഹത്തിന് 1912ലെ നോബല്‍ സമ്മാനം നേടിക്കൊടുത്തു.

1858ലാണ് ലൂര്‍ദ്ദില്‍ അത്ഭുതം നടന്നത്. അവിടെ നടന്നിരുന്ന രോഗ സൗഖ്യങ്ങള്‍ ഒന്നും തന്നെ കാരള്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ 1902ല്‍ ലൂര്‍ദ്ദിലേക്ക് സുഹൃത്തായ മറ്റൊരു ഡോക്ടര്‍ക്കൊപ്പം കാരള്‍ നടത്തിയ യാത്ര അദ്ദേഹത്തിന്റെ അവിശ്വാസത്തെ ഉലച്ചു. ലൂര്‍ദ്ദിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ അദ്ദേഹം ടൂബര്‍കുലോസ് പെരിറ്റോണിറ്റിസ് എന്ന അസുഖം ബാധിച്ച മേരി ബയിലി എന്ന സ്ത്രീയെ കണ്ടു. ട്രെയിനില്‍ വച്ച് അസുഖം മൂര്‍ച്ഛിച്ച അവരുടെ വയര്‍ അസാധാരണമായി വീര്‍ത്തിരുന്നു. ബയിലിയുടെ ജീവിതം അവസാനിക്കാനായി എന്ന വിധിയെഴുതിയ കാരള്‍ അവരെ മോര്‍ഫിന്‍ നല്‍കി ആശ്വസിപ്പിച്ചു.

എന്നാല്‍ ലൂര്‍ദ്ദിലെത്തിയപ്പോള്‍ മേരി ബയിലിയുടെ സുഹൃത്തുകള്‍ അവളെയുമെടുത്ത് മതാവിന്റെ ഗ്രോട്ടോയുടെ മുമ്പിലേക്ക് കൊണ്ടു പോയി. അവളുടെ സുഹൃത്തുക്കള്‍ അവിടെ നിന്നും കോരിയ ജലം അവളുടെ ശരീരത്തിലേക്ക് ഒഴിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തി ബെയ്‌ലിക്ക് രോഗ സൗഖ്യം ലഭിച്ചു. അവളുടെ വയര്‍ പൂര്‍വ്വസ്ഥിതിയിലായി.

എന്നാല്‍ തന്റെ മരുന്നുകളുടെ അത്ഭുത സിദ്ധിയില്‍ വിശ്വസിച്ചിരുന്ന കാരളിന് തന്റെ കണ്‍മുന്‍പില്‍ നടന്ന രോഗസൗഖ്യം അത്ഭുതമായി തോന്നി. ഇത്തരത്തില്‍ രോഗ സൗഖ്യം ലഭിക്കുന്നത് തന്റെ കരിയറിനെ ബാധിക്കുമെന്നു കരുതി കാരള്‍ താന്‍ കണ്ട കാര്യം ആരോടും പറഞ്ഞില്ല. മാത്രമല്ല, ലൂര്‍ദ്ദില്‍ താന്‍ പോയ കാര്യവും ആരോടും പങ്കുവച്ചില്ല.

ആരോടും പറഞ്ഞില്ലെങ്കിലും കാരളിന്റെ ലൂര്‍ദ്ദ് യാത്ര വളരെ പെട്ടന്നു തന്നെ എല്ലാവരും അറിഞ്ഞു. ബയിലിയുടെ രോഗ സൗഖ്യം രാജ്യത്ത് തന്നെ വാര്‍ത്തയായി. സംഭവസ്ഥലത്ത് കാരള്‍ ഉണ്ടായിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ കണ്ടകാര്യങ്ങളില്‍ അത്ഭുതകരമായ ഒന്നും തന്നെയില്ലയെന്ന് കാരള്‍ പ്രതികരിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ വ്യക്ത തോന്നാത്തതിനാല്‍ പൊതുവായി മറുപടി നല്‍കണമെന്ന് അദ്ദേഹത്തോട് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു. തന്റെ മറുപടിയില്‍ അസാധാരണമായി എന്തിനെയും അത്ഭുതമായി കാണുന്ന വിശ്വാസികളെ കാരള്‍ വിമര്‍ശിച്ചു. മാത്രമല്ല, ബെയ്‌ലിക്ക് അത്ഭുതകരമായ രോഗശാന്തി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

സയന്‍സില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ഒരാള്‍ക്ക് എങ്ങനെ ഇത് പറയാന്‍ സാധിക്കും? അദ്ദേഹത്തിന്റെ മറുപടി രാജ്യത്ത് ചര്‍ച്ചയായി. ഫ്രാന്‍സിലെ കാരളിന്റെ കരിയര്‍ അവസാനിച്ചു. ആശുപത്രികളില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാതിരുന്ന അദ്ദേഹം കാനഡയിലേക്ക് ചേക്കേറി. ഒടുവില്‍ യുണൈറ്റെഡ് സ്റ്റേറ്റ്‌സിലേക്കും. ശിഷ്ടകാലം അദ്ദേഹം ന്യൂയോര്‍ക്കിലെ റോക്കിഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസേര്‍ച്ചില്‍ ചിലവഴിച്ചു.

സംഭവം നടന്ന് 25 വര്‍ഷങ്ങള്‍ക്കു ശേഷം, 1939ല്‍ ഒരു കത്തോലിക്ക വൈദികനെ കണ്ട് ക്രിസ്തു മത വിശ്വാസം സ്വീകരിക്കുന്നതിന് ഒരുങ്ങാന്‍ അദ്ദേഹത്തിന് തോന്നി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം, ദൈവത്തിന്റെ സാന്നിധ്യത്തില്‍ താന്‍ വിശ്വസിക്കുന്നുണ്ടെന്നും, കത്തോലിക്ക സഭ പഠിപ്പിക്കുന്നതു പ്രകാരം ആത്മാക്കളുടെ അനശ്വരതയിലും താന്‍ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പൊതുവായി പ്രഖ്യാപിച്ചു. ഇത് പറഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അന്ത്യകൂദാശകള്‍ സ്വീകരിച്ച് അദ്ദേഹം മരണമടഞ്ഞു.

You must be logged in to post a comment Login