‘അസൂയ കൊലപാതകത്തിനു പോലും പ്രേരിപ്പിക്കുന്ന തെറ്റ്’

വത്തിക്കാന്‍: കൊലപാതകത്തിലേക്കു വരെ നയിക്കുന്ന പാപമാണ് അസൂയ എന്ന് ഫ്രാന്‍സിസ് പാപ്പ. സഹോദരന്റെ മേല്‍ ചെയ്യാത്ത കുറ്റം പോലും ചുമത്താന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു. സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസൂയ കള പോലെ പടര്‍ന്നുപിടിക്കുന്ന പാപമാണ്. അത് ജീവന്റെ തന്നെ നശീകരണത്തിനു കാരണമാകുന്നു. സാവൂള്‍ രാജാവു പോലും ഈ പാപത്തിന് അടിമപ്പെട്ടിട്ടുണ്ട്. യുവാവായ ദാവീദിനോട് ജനങ്ങള്‍ക്കുണ്ടായിരുന്ന സ്‌നേഹവും പ്രീതിയുമായിരുന്നു ഇതിനു കാരണം. അങ്ങനെ ദാവീദിനെ കൊല്ലാന്‍ വരെ സാവൂള്‍ തീരുമാനിച്ചു. സാവൂളിന്റെ മകന്‍ ജോനാഥന്റെ ഇടപെടല്‍ കൊണ്ടാണ് ദാവീദ് രക്ഷപെട്ടത്.

അസൂയ മറ്റുള്ളവരെ തേജോവധം ചെയ്യുന്നു, അവരെ വഞ്ചിക്കുന്നു. ചിലപ്പോള്‍ സഹോദരങ്ങളെ കൊല്ലാന്‍ വരെ പ്രേരിപ്പിക്കുന്നു. കളകള്‍ നല്ല ചെടികളെ നശിപ്പിക്കുകയും അവയുടെ വളര്‍ച്ച ഇല്ലാതാക്കുകയും ചെയ്യുന്നതു പോലെയാണത്. അസൂയയാകുന്ന കളകളും ഇപ്രകാരം വളരും. മനുഷ്യനെ നശിപ്പിക്കും.

ക്രിസ്തുവിനെതിരെയും ഈ അസൂയ ഉണ്ടായിരുന്നു. ഈ അസൂയ മൂലം ചുങ്കക്കാരനും, പാപികളുടെ സ്‌നേഹിതനും, തെറ്റുകാരനുമായി പ്രതിയോഗികള്‍ അവിടുത്തെ ചിത്രീകരിച്ചു. അവിടുത്തെ അവര്‍ കുരിശില്‍ തറച്ചു. അസൂയ മൂലമാണ് ക്രിസ്തുവിനു മേല്‍ കുറ്റം ചുമത്തപ്പെട്ടതെന്ന് പീലാത്തോസ് മനസ്സിലാക്കിയിരുന്നെന്നും എന്നാല്‍ അവന്റെ ഭീരുത്വവും മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹവുമാണ് ക്രിസ്തുവിനെ കുരിശില്‍ തറക്കുന്നതിന് കാരണമായിത്തീര്‍ന്നതെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login