അസ്സീസിയിലെ ഫ്രാന്‍സിസും വത്തിക്കാനിലെ ഫ്രാന്‍സിസും

IMG_20150906_095129അസ്സീസിയിലെ തെരുവിലൂടെ കുതിരപ്പുറത്ത് ഒരു യുവാവ് കുതിച്ചുപായുകയാണ്. യുദ്ധവിജയങ്ങളും അതുവഴി നേടിയെടുക്കുന്ന മാടമ്പിസ്ഥാനവും ഒരു പ്രചോദനമായി ആ കുതിപ്പിന് പിന്നില്‍ അവനെ
ശക്തിപ്പെടുത്തുന്നുണ്ടായിരുന്നു. അപ്പോഴാണ് അവന്റെ ഉള്ളില്‍ നിന്ന് ആ സ്വരം കേട്ടത്. യജമാനനെ സേവിക്കുന്നതാണോ ഭൃത്യനെ സേവിക്കുന്നതാണോ നല്ലത്? ഭൃത്യന്‍ യജമാനനെക്കാള്‍ കേമനല്ല  എന്ന  തിരുവചനം ഓര്‍മ്മയിലുള്ളതുകൊണ്ടാണോ എന്നറിയില്ല യജമാനനെ സേവിക്കുന്നത് എന്ന് ആ ചെറുപ്പക്കാരന്‍ വിറയലോടെ മറുപടി പറഞ്ഞു. എങ്കില്‍ നീ എന്റെ പള്ളി പുനരുദ്ധരിക്കുക..

തിരിച്ചുനടക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ ആ ചെറുപ്പക്കാരന്. അത് കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഇന്നുവരെയുള്ള എല്ലാ നവീകരണങ്ങള്‍ക്കും കാരണമായ ശക്തമായ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. നവീകരണത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു. കാരണം അസ്സീസിയിലെ വിശുദ്ധഫ്രാന്‍സീസ് ആയിരുന്നു ആ ചെറുപ്പക്കാരന്‍.അന്ന് ആ ചെറുപ്പക്കാരന്‍ ആ ദൈവികസ്വരത്തിന് കാതുകൊടുത്തില്ലായിരുന്നുവെങ്കില്‍…. ഒരു പക്ഷേ സഭയുടെ നവീകരണം
പിന്നെയും പത്തെണ്ണൂറ് വര്‍ഷം പിന്നിലായേനെ. അല്ലെങ്കില്‍ തനിക്ക്
പ്രത്യേകമായി ആവശ്യമുള്ളവരെ എത്രകാലം വേണമെങ്കിലും കാത്തിരിക്കാനും
കാത്തിരുന്ന് അവരെ പിടികൂടാനും ദൈവം ഒരുക്കമാണ്. ഓരോ നിമിത്തങ്ങള്‍ അതിന്
പിന്നിലുണ്ടെന്ന് മാത്രം.

ഡമാസ്‌ക്കസിലേക്കുള്ള യാത്രയ്ക്കിടയില്‍ സാവൂളിനെ കുതിരപ്പുറത്ത്
നിന്ന് തള്ളിവീഴ്ത്തിയാണ് ദൈവം പൗലോസായി പില്ക്കാല അപ്പസ്‌തോലനെ
രൂപാന്തരപ്പെടുത്തിയത്. ഇനീഗോയെ നേടാന്‍ കാലിനൊരു മുറിവുണ്ടാക്കി
രോഗക്കിടക്കയിലെത്തിച്ച്  ആത്മീയപുസ്തക വായനയിലൂടെ ഈശോസഭയുടെ ഇഗ്നേഷ്യസ്
ലൊയോളയാക്കി മാറ്റിയെടുത്തു. ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ്
നഷ്ടമായാല്‍ അതുകൊണ്ടെന്തു പ്രയോജനം എന്ന തിരുവാക്യത്തിലൂടെ  ഫ്രാന്‍സീസ്
സേവ്യറിനെ പ്രേഷിതതീക്ഷ്ണതയുള്ള വിശുദ്ധനാക്കി..അതെ, ഓരോരുത്തര്‍ക്കും നടക്കേണ്ട പുതിയ വഴികളെ ദൈവം വെട്ടിക്കൊടുത്തു. അതെന്തായാലും വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയെപ്പോലെ സഭയുടെ നവീകരണത്തില്‍ ഭാഗഭാഗിത്വം വഹിച്ച മറ്റൊരു വിശുദ്ധനും ചരിത്രത്തിലില്ല. ക്രിസ്തുവിനെവാക്കിലും പ്രവൃത്തിയിലും അങ്ങേയറ്റം ഇതുപോലെ സ്വാംശീകരിച്ച മറ്റൊരു
വ്യക്തിയും ഇല്ല. ആത്മാവിലും ശരീരത്തിലും ക്രിസ്തു അടര്‍ത്തിമാറ്റാനാവാത്ത കവചകുണ്ഡലം പോലെ ആ പുണ്യവാനില്‍ അലിഞ്ഞുകിടന്നു.

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസിന് മുമ്പും പിമ്പും എത്രയോ വിശുദ്ധര്‍
ജീവിച്ചുമരിച്ചു കടന്നുപോയ ഭൂമിയാണിത്. എന്നിട്ട് അവരില്‍ നിന്ന്
രണ്ടാമതൊരു രണ്ടാം ക്രിസ്തു  പിറവിയെടുത്തില്ല. കാരണം വ്രതശ്ചര്യകള്‍
കൊണ്ടും പരസ്‌നേഹം കൊണ്ടും ജീവകാരുണ്യപ്രവൃത്തികള്‍ കൊണ്ടും അതിലുപരി
ദൈവസ്‌നേഹം കൊണ്ടും ലോകത്തെ അമ്പരിപ്പിക്കാന്‍ ദൈവം അസ്സീസിയിലെ ഈ
നിസ്വന് മാത്രമേ അവസരം കൊടുത്തിട്ടുള്ളൂ. ഇടിഞ്ഞുവീഴാറായ പള്ളിയും അത് താങ്ങിനിര്‍ത്താന്‍ ശ്രമിക്കുന്നഫ്രാന്‍സീസും ശക്തമായ ചില പ്രതീകങ്ങളാണ്. പോര്‍സ്യൂങ്കളായിലെ ദേവാലയം
എന്ന പരിമിതാര്‍ത്ഥത്തില്‍ നിന്ന് മാറിനിന്ന് അതിനെ വീക്ഷിക്കൂ. വെറും
സ്വപ്നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിവരൂ. എന്നിട്ട് ഓരോരുത്തരുടെയും ഇടവകപ്പള്ളിയായി അതിനെ സങ്കല്പിക്കൂ…അതിനെ താങ്ങിനിര്‍ത്തുന്ന ഒരു കരം നിങ്ങളുടേതുകൂടിയാണെന്ന് ആത്മാവില്‍ ബോധ്യപ്പെടൂ..സര്‍വ്വോപരി ആ ദേവാലയം നമ്മുടെ സഭ തന്നെയാണെന്ന്മനസ്സിലാക്കൂ..

സഭയുടെ നവീകരണം ഫ്രാന്‍സീസ് അസ്സീസി തുടങ്ങിവച്ചു. പക്ഷേ എപ്പോഴൊക്കെയോ
എങ്ങനെയെല്ലാമോ അതിന് പൂര്‍ണ്ണത കൈവരിക്കാന്‍ കഴിഞ്ഞില്ല.
പൂര്‍ണ്ണതയില്ലാത്തതുകൊണ്ട് അപ്രസക്തമെന്നോ അപ്രധാനമെന്നോ
മാര്‍ക്കിടുകയുമരുത്. കാരണം പൂര്‍ണ്ണത ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. നാളിതുവരെയുള്ള സഭയുടെ ചരിത്രത്തിലെ അനേകം വ്യക്തികളിലൂടെ അത് നടന്നുകൊണ്ടിരിക്കുകതന്നെയായിരുന്നു. എന്നിട്ടും സഭ മാത്രമല്ല ലോകം മുഴുവനും ക്രിസ്തുവിലേക്ക് തിരിയത്തക്കവിധം ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇപ്പോള്‍ ഫ്രാന്‍സീസ്
മാര്‍പാപ്പയ്ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂവെന്ന് എഴുതുമ്പോള്‍ പൂര്‍വ്വസൂരികളെ വിസ്മരിച്ചുകൊണ്ടാണെന്ന് കരുതരുത്. അവരോടുള്ള എല്ലാ ആദരവുകളും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് അങ്ങനെയെഴുതിയത്. വെറും ആറു
മാസത്തെ പൊന്തിഫിക്കറ്റിനുള്ളില്‍ അറുപത് മില്യന്‍ ഫോളവേഴ്‌സിനെ
ട്വിറ്ററിലൂടെ സൃഷ്ടിക്കാന്‍ ഒരു ഫ്രാന്‍സീസ് മാര്‍പാപ്പയ്ക്കല്ലാതെ
മറ്റാര്‍ക്കാണ് ഇവിടെ കഴിഞ്ഞിട്ടുള്ളത്?സഭ അനുവര്‍ത്തിച്ചുപോരുന്ന
സംഘടിതമായ ശൈലികളെ  മറികടന്ന് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും തൈലം
പൂശിയാണ് അദ്ദേഹം ഇത് സാധിച്ചെടുത്തിരിക്കുന്നത്. വീണുകിടക്കുന്നവന്റെ
മുറിവുകള്‍ വച്ചുകെട്ടുന്ന അഭിനവ സമറിയാക്കാരനാവുകയാണ് ഫ്രാന്‍സീസ്
മാര്‍പാപ്പ.സഭയ്ക്കുള്ളില്‍ മാത്രമല്ല സെക്കുലര്‍ ലോകത്തും ഏറെ
ആദരിക്കപ്പെടുന്ന അപൂര്‍വ്വം ചില വിശുദ്ധരില്‍ ഒരാളാണ് ഫ്രാന്‍സീസ്
അസ്സീസി. ആ പേരിന്റെ ഉടമയായതും ഒരു കാരണമാകാം ഫ്രാന്‍സീസ്
മാര്‍പാപ്പയ്ക്ക് സെക്കുലര്‍ ലോകവും നിറഞ്ഞ സ്വാഗതമരുളിയത്.

ഇറ്റലിയിലെഒരു സെക്കുലര്‍ പത്രത്തിന്റെ എഡിറ്റര്‍ക്ക് മാര്‍പാപ്പ അടുത്തയിടെ
കത്തെഴുതിയിരുന്നു.അസ്സീസി പുണ്യാളന്‍ പറഞ്ഞിട്ടുള്ള പ്രശസ്തമായ ആ വാക്കുകളോര്‍മ്മയില്ലേ
ദേവാലയം പണിയാന്‍ ഒരു കല്ല് തരുന്നവന് ഒരു അനുഗ്രഹം. രണ്ട് കല്ല്
തരുന്നവന് രണ്ട് അനുഗ്രഹം എന്ന്. ഇടിഞ്ഞുവീഴാന്‍ തുടങ്ങുന്ന സഭയ്ക്ക്
നേരെ കല്ലെറിയുവാനല്ല പൊളിഞ്ഞുവീഴുന്ന കല്ലുകള്‍ വീണ്ടും ചേര്‍ത്തുവച്ച്
പണിതുയര്‍ത്തുവാനാണ് നാം ശ്രമിക്കേണ്ടത്. ശരിയാണ് നമ്മുടെ സഭയില്‍ നിന്ന്
ചില ഇഷ്ടികകള്‍ അടര്‍ന്നുവീണതുകൊണ്ട് സഭയ്ക്ക് ചില  കോട്ടങ്ങള്‍
സംഭവിച്ചിട്ടുണ്ട്.എന്നാല്‍ അതോടൊപ്പം ചില പൊളിച്ചടുക്കലുകളും സഭയ്ക്ക് വേണ്ടതുണ്ട്.
ഇത്തരം പൊളിച്ചടുക്കലുകള്‍ വേണ്ടതുണ്ടെന്ന് കാലം ഇന്ന് നമ്മെ
ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഫ്രാന്‍സീസ് മാര്‍പാപ്പയിലൂടെയാണ്
എന്നതാണ് ഏറെ പ്രസക്തമാകുന്നത്.

എണ്ണൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സീസ് അസ്സീസി സഭയില്‍
തുടങ്ങിവച്ച നവീകരണത്തിന്റെ വര്‍ത്തമാനകാല തുടര്‍ച്ചയാണ് നമ്മുടെ
മാര്‍പാപ്പ. അസ്സീസി പുണ്യവാന്‍  വര്‍ത്തമാനകാലത്ത് കൂടുതല്‍
സജീവമാകുന്നതും ചര്‍ച്ചയാകുന്നതും ഫ്രാന്‍സീസ് മാര്‍പാപ്പയോട്
ചേര്‍ത്തുവായിക്കപ്പെടുന്നതു കൊണ്ടാണ് എന്നതാണ് മറ്റൊരു കൗതുകം.
ഒന്നിനൊന്നോട് സാദൃശ്യം ചൊന്നാലത് ഉപമയായിടും എന്ന് മലയാള
കാവ്യാലങ്കാരത്തില്‍ പറയുന്നു. അതുപോലെ അസ്സീസിയിലെ വിശുദ്ധ
ഫ്രാന്‍സീസിനോടുള്ള സാദൃശ്യത്തിലൂടെ ഫ്രാന്‍സീസ് മാര്‍പാപ്പയും അതേ
ഉപമയാവുകയാണ്. ദൈവത്തിന്റെ സ്വന്തം ഉപമയെന്ന് മറ്റാരോ
വിശേഷിപ്പിച്ചതുപോലെ…

ഫ്രാന്‍സീസ് അസ്സീസിയെക്കുറിച്ച് ഇങ്ങനെയൊരു പുരാവൃത്തം
വായിച്ചുകേട്ടിട്ടുണ്ട്. പതിനെട്ട് വര്‍ഷത്തെ മാര്‍പാപ്പ പദവി
അലങ്കരിച്ചതിന് ശേഷം പോപ്പ് ഇന്നസെന്റ് മൂന്നാമന്‍ ദിവംഗതനായിരിക്കുന്നു.
മരണത്തിനപ്പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെങ്കിലും
സര്‍വ്വാഭരണവിഭൂഷിതനായി അദ്ദേഹത്തിന്റെ മൃതദേഹം അന്ത്യാഞ്ജലികള്‍ക്കായി
കാത്തുകിടക്കുന്നു. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ ഉപചാരമര്‍പ്പിച്ച്
കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു.പതിവ് പോലെ രാത്രിയെത്തി.
അന്ധകാരം നിറഞ്ഞപ്പോള്‍ എവിടെ നിന്നോ ചില കള്ളന്മാരെത്തി മൃതദേഹം
കവര്‍ച്ച ചെയ്തു. വിശിഷ്ടവസ്ത്രങ്ങള്‍.. സ്വര്‍ണ്ണം, വെള്ളി..  എല്ലാം
അവര്‍ കവര്‍ന്നെടുത്തു. മൃതശരീരം നഗ്നമാകുകയും ചെയ്തു.
എല്ലാറ്റിനും സാക്ഷിയായി ഉണര്‍വ്വോടെ പ്രാര്‍ത്ഥനയില്‍
മുഴുകിയിരിക്കുന്നുണ്ടായിരുന്നു അപ്പോഴെല്ലാം ഫ്രാന്‍സീസ് പുണ്യവാന്‍.
അഴുകിതുടങ്ങിയ നഗ്നമാക്കപ്പെട്ട മൃതശരീരം ഉപേക്ഷിക്കപ്പെട്ട
നിലയിലായപ്പോള്‍ അയാള്‍ ഇരുട്ടില്‍ നിന്ന് കയറിവന്ന് തന്റെ വൃത്തിഹീനവും
പഴകദ്രവിച്ചതുമായ കുപ്പായം കൊണ്ട് ആ മൃതശരീരത്തിന്റെ നഗ്നത മറച്ചു.
അതേക്കുറിച്ച് ലെയനോര്‍ഡോ ബോഫ് എഴുതിയത് ഇങ്ങനെയാണ്. അയാള്‍ സ്വയം
നഗ്നനായി പ്രിയ സുഹൃത്തിന്റെ നഗ്നത മറച്ചു.

അതെ, ആടകളും ആഭരണങ്ങളും നഷ്ടപ്പെട്ട് ഇന്ന് സഭ അനാവ്രതയായി നില്ക്കുന്ന
വേളയില്‍ സ്വയം നഗ്നനായിക്കൊണ്ടും സഭയുടെ നഗ്നത മറയ്ക്കാന്‍
ശ്രമിക്കുകയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ.. സഭയെ നഗ്നമാക്കുന്ന ഒരുപിടി
സാഹചര്യങ്ങളുണ്ട്.  ലൈംഗികാപവാദം, വിളിയിലുള്ള വിശ്വസ്തതക്കുറവ്,
ദരിദ്രരോടുള്ള വിപ്രതിപത്തി, ആഡംബരത്തോടുള്ള ആമുഖ്യം, സ്വജനപക്ഷപാതം,
പദവികള്‍ക്കും  പ്രശസ്തിക്കും പിന്നാലെയുള്ളപരക്കം പാച്ചില്‍, ധനാസക്തി..
നഗ്നതയെന്നാല്‍ വസ്ത്രങ്ങളില്‍ നിന്നുള്ള മോചനമെന്ന് മാത്രമല്ല
അര്‍ത്ഥം തൊങ്ങലുകളും വച്ചുകെട്ടലുകളുമില്ലാതെ എളിമയുടെ ഏറ്റവും
ഉദാത്തതലങ്ങളിലേക്ക് ഇറങ്ങിവന്നുകൊണ്ട് ഒരാള്‍ താന്‍ എന്താണോ
അതായിത്തന്നെ പ്രത്യക്ഷപ്പെടുന്നതും അതായി നിലനില്ക്കുന്നതുമാണ്.ഒരാളുടെയും കൈയടി നേടാന്‍ പ്രച്ഛന്നവേഷങ്ങള്‍അയാള്‍ക്ക് വേണ്ട.. ആരെയും ആകര്‍ഷിക്കാന്‍ ഏച്ചുകെട്ടലുകളും വേണ്ട..കൃത്രിമത്വത്തിന്റെ ഭാരങ്ങളില്ലാതെയുള്ള ജീവിതം തന്നെയാണ്
നഗ്നമാക്കപ്പെട്ട ജീവിതം. ക്രിസ്തുവിന്റെ ജീവിതം അങ്ങനെയുള്ള
ഒന്നായിരുന്നു. ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലാത്തവിധം സുതാര്യമായിരുന്നുവല്ലോ കുരിശില്‍ നഗ്നനാക്കപ്പെട്ടുള്ള അവിടുത്തെ മരണംപോലും. ഈ സുതാര്യതയായിരുന്നു അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസിനെ വ്യത്യസ്തനാക്കിയത്. ഈ സുതാര്യതയാണ് ഫ്രാന്‍സീസ് മാര്‍പാപ്പയിലും നമുക്ക് കാണാന്‍ കഴിയുന്നത്. (തുടരും…)

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login