ആകാശത്തില്‍ ആ നക്ഷത്രം എവിടെ?

ക്രിസ്തുമസ്!

മഞ്ഞും നിലാവും പെയ്യുന്ന രാത്രികളുടെ കാലം. ബേത്‌ലഹേമിലെ കുന്നിന്‍ചരിവുകളില്‍ ഒലീവുകളും ദേവദാരുക്കളും പൂത്തുനില്‍ക്കുന്നു. ധ്യാനമുദ്രയണിഞ്ഞു കിടക്കുന്ന ആകാശം നിറയെ നക്ഷത്രങ്ങള്‍. അതില്‍ ഏതാണ് ക്രിസ്തുവിന്റെ ജനനത്തെ കാണിക്കുന്ന നക്ഷത്രം?
എല്ലാ ക്രിസ്തുമസ് കാലങ്ങളിലും രാത്രി ഞാന്‍ ആകാശത്തിലേക്ക് നോക്കിനില്‍ക്കാറുണ്ട്. ആകാശത്തിലെ അസംഖ്യം നക്ഷത്രങ്ങളില്‍ ക്രിസ്തുവിന്റെ ജനനത്തെ കണിക്കുന്ന നക്ഷത്രം ഏതാണ്?

2010 ഒക്ടോബറിന്റെ ആദ്യദിവസങ്ങളില്‍ ഒരു സന്ധ്യയ്ക്ക് ബേത്‌ലഹേം മലഞ്ചെരുവുകളില്‍നിന്ന് ആകാശത്തിലേക്കു നോക്കി.

എവിടെ ആ നക്ഷത്രം?

തിരിച്ചറിയാന്‍ കഴിയുന്നില്ല. ക്രിസ്തുമസ് നക്ഷത്രങ്ങള്‍ തെളിയാന്‍ തുടങ്ങുന്നതേയുള്ളൂ. ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണം ഡിസംബറിന്.

എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ജീവിതത്തില്‍ എന്നെങ്കിലും വിശുദ്ധനാട് കാണണമെന്ന്. ഒരിക്കലും സാക്ഷാത്കരിക്കാനിടയില്ലാത്ത ഒരാഗ്രഹമെന്ന നിലയ്ക്ക് ഞാനത് മനസില്‍ ഒതുക്കിപ്പിടിച്ചുകൊണ്‍ാണ് നടന്നിരുന്നത്. ഒടുവില്‍ ഓര്‍ക്കാപ്പുറത്ത് ആ സ്വപ്‌നം സാക്ഷാത്കരിച്ചു.

ആഗസ്റ്റിന്റെ മധ്യത്തില്‍ ഒരുച്ചയ്ക്ക് തിരുവല്ലായില്‍നിന്ന് എന്റെ പ്രിയ സുഹൃത്ത് അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ എന്നെ ടെലിഫോണില്‍ വിളിച്ചുചോദിച്ചു, ഹോളിലാന്‍ഡിലേക്ക് ഒരു യാത്ര പോയാലോ എന്ന്. എന്റെ സാഹചര്യങ്ങള്‍ അങ്ങനെ ഒരു യാത്രയ്ക്ക് അനുയോജ്യമായിരുന്നില്ല. എന്നിട്ടും ഞാന്‍ അച്ചന്‍കുഞ്ഞിന്റെ കൂടെ വിശുദ്ധനാട് കാണാന്‍ പോയി, അദ്ദേഹത്തിന്റെ അഥിതിയായിട്ട്. അച്ചന്‍കുഞ്ഞ് ഇലന്തൂരിന് സ്തുതി!

ജറുസലേമില്‍നിന്ന് ബേത്‌ലഹേമിലേക്ക് തിരിക്കുമ്പോള്‍ എന്റെ ഉള്ളില്‍ ഏതോ ഒരുന്മാദത്തിന്റെ മുറുക്കം ഞാന്‍ അനുഭവിച്ചിരുന്നു. വഴിയുടെ ഇരുവശങ്ങളിലും ഒലിവ് മരങ്ങള്‍, ഈന്തപ്പനത്തോട്ടങ്ങള്‍, പുല്‍മേടുകള്‍, കുന്നുകള്‍, കുന്നിന്‍ചരിവുകള്‍, ഗോതമ്പുവയലുകള്‍, വാഴത്തോട്ടങ്ങള്‍, പൂക്കള്‍. ആ കാഴ്ച മരുഭൂമിയുടെ വിദൂരമായ ഓര്‍മ്മ പോലും മാച്ചുകളഞ്ഞു.

തിരുപ്പിറവി ദൈവാലയത്തിന്റെ മുറ്റത്തേക്കു കാലെടുത്തു വയ്ക്കുമ്പോള്‍ ചരിത്രത്തിലേക്കും പോയ യുഗങ്ങളിലേക്കും കാലെടുത്തുവയ്ക്കുന്നതുപോലെ എനിക്ക് തോന്നി. ഓരോ ജീവകണികയിലും ഏതോ ദിവ്യപ്രവാഹത്തിന്റെ ഒഴുക്കുകൊണ്ട് ഞാന്‍ ഉലഞ്ഞുപോയി. ദൈവാലയത്തിന്റെ ഉള്ളില്‍നിന്ന് ഇടുങ്ങിയ കോണിപ്പടികളിറങ്ങി ചെല്ലുമ്പോള്‍ ഉണ്ണിയേശു പിറന്ന ഇടം പതിനാല് രശ്മികളുള്ള നക്ഷത്രം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. അവിടെ എനിക്കറിയില്ലാത്ത ഏതോ ഭാഷയില്‍ എഴുതിവച്ചിരിക്കുന്നത് ഞങ്ങളുടെ ഗൈഡ് എനിക്ക് ഇംഗ്ലീഷില്‍ പറഞ്ഞുതന്നു. Here christ was born. ക്രിസ്തു ജനിച്ചത് ഇവിടെയാണ്.

നക്ഷത്രത്തിന്റെ മധ്യത്തിലുള്ള ദ്വാരത്തിലൂടെ കൈകടത്തി ഞാന്‍ ഒരു കല്ലിന്മേല്‍ തൊട്ടു. അന്നേരത്തെ ആ സ്വപ്‌നാവസ്ഥയില്‍ എന്റെ മനസ് പറഞ്ഞു- ഞാന്‍ തൊട്ടത് കല്ലിനെയല്ല, ഉണ്ണിയേശുവിനെയാണ്.

ആള്‍ത്തിരക്ക് എന്നെ ഞെരുക്കിക്കളഞ്ഞു. എന്തൊരു പുരുഷാരം! ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്. പൊന്നും വെള്ളിയും കൊണ്ടുതീര്‍ത്ത തൂക്കുവിളക്കുകള്‍ അള്‍ത്താരയെ അലങ്കരിക്കുന്നു. വലതുഭാഗത്ത് തറനിരപ്പില്‍നിന്നു താഴെ ഉണ്ണിയേശുവിനെ കീറത്തുണികൊണ്ടു പൊതിഞ്ഞു കിടത്തിയ പുല്‍ത്തൊട്ടി. ആ നിമിഷങ്ങളില്‍ ദൈവാലയം എന്റെ കണ്ണില്‍ നിന്നു നീങ്ങിപ്പോയി. അതിനു പകരം അവിടെ രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു പുല്‍ത്തൊട്ടി തെളിഞ്ഞുവന്നു.

പശുത്തൊഴുത്തിന്റെ പുല്‍ത്തൊട്ടിയില്‍ പിള്ളക്കച്ചകളാല്‍ പൊതിയപ്പെട്ട് ഉണ്ണിയേശു കിടന്ന് പൂപോലുള്ള കൈകാലുകളിളക്കി കളിക്കുന്നു.
ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്:
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവത്തിന്റെ സ്‌നേഹം മനുഷ്യനെ അന്വേഷിച്ച് ബേത്‌ലഹേം മലഞ്ചെരിവുകളില്‍ ഇറങ്ങി.

ആ രാത്രി പ്രകാശം നിറഞ്ഞ ഒരു രാത്രയായിരുന്നു. ആകാശം നിറയെ നക്ഷത്രങ്ങളുണ്ടായിരുന്നു. അതില്‍ ഒരു നക്ഷത്രത്തെ പിന്തുടര്‍ന്നാണ് കിഴക്കുനിന്നുള്ള ജ്ഞാനികള്‍ ബേതലഹേമിലെത്തിയത്.
പിന്നെ രാത്രിയായി.

യാത്രാസംഘത്തോടൊപ്പം ബേത്‌ലഹേമില്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മുറ്റത്തിറങ്ങിനിന്ന് ഞാന്‍ നോക്കുമ്പോള്‍ ബേത്‌ലഹേമിന്റെ ആകാശം നിറയെ നക്ഷത്രങ്ങള്‍ തെളിഞ്ഞിരിക്കുന്നു. ആകാശത്തിനുകീഴില്‍ ബെത്‌ലഹേം നഗരം ദീപക്കാഴ്ചകള്‍ക്കൊണ്ട് അലങ്കരിക്കപ്പെട്ട് മറ്റൊരാകാശം പോലെ തോന്നിപ്പിച്ചു.

മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്. അപ്പോള്‍ എനിക്കൊരാഗ്രഹമുണ്ടായി. ബേത്‌ലഹേമിന്റെ തെരുവുകളിലൂടെ കുറെ ദൂരം നടന്നാലോ? അച്ചന്‍കുഞ്ഞിനോട് ഞാന്‍ എന്റെ ആഗ്രഹം പറഞ്ഞു. ഇടറിയ കാലില്‍ ഇടയ്ക്കിടയ്ക്ക് വേദന കടിക്കുന്നുണ്ടെങ്കിലും അച്ചന്‍കുഞ്ഞ് സമ്മതിച്ചു. പിന്നെന്ത്! ബേത്‌ലഹേമിലൂടെ നടന്നില്ലെങ്കില്‍ പിന്നെ ഈ നടക്കലുകള്‍ക്കൊക്കെ എന്തര്‍ത്ഥം? അത് പക്ഷേ ഞാന്‍ മനസിലാക്കിയത് ഇങ്ങനെയാണ്: എല്ലാ യാത്രകളും ബേത്‌ലഹേമിലേക്കുള്ള യാത്രയാണ്. ബേത്‌ലഹേമിലേക്കുള്ള യാത്രയില്‍ വഴിതെറ്റിപ്പോകുന്നതാണ് യഥാര്‍ത്ഥത്തില്‍ ലോകത്തിന്റെ ദൗര്‍ഭാഗ്യം.

കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ വഴിയേ ഞങ്ങള്‍ ആ രാത്ര കുറേ ദൂരം നടന്നു. വഴിയില്‍ വേറെ ആരുമില്ല. നിരപ്പായ ഒരിടത്തുനിന്ന് ഞാന്‍ ആകാശത്തിലേക്കു നോക്കി. യേശുവിന്റെ ജനനത്തെക്കുറിക്കുന്ന ആ നക്ഷത്രമെവിടെ?

എനിക്കു തോന്നിയിട്ടുണ്ട്, ഓരോ ആളും ഈ ഭൂമിയില്‍ ജനിക്കുന്നത് അയാള്‍ക്കുവേണ്ടി ജീവിക്കാനാണ്. എന്നാല്‍ ക്രിസ്തുവോ? ക്രിസ്തു ജനിച്ചത് മറ്റുള്ളവര്‍ക്ക് വേണ്ടി മരിക്കാനാണ്.
കാല്‍വരിയിലെ കുരിശുമരണം ഊഴിയിലെ ഏറ്റവും പാവങ്ങള്‍ക്കുവേണ്ടിയുള്ള ബലിയായിരുന്നു.

രാത്രിയില്‍ ഹോട്ടല്‍ മുറിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ക്രിസ്തുവിന്റെ ജനനത്തെക്കാണിക്കുന്ന ആ നക്ഷത്രം എന്റെ ഹൃദയത്തിനുമേല്‍ ഉദിച്ചുനില്ക്കുന്നത് ഞാന്‍ കണ്ടു.

ലൂക്കായുടെ സുവിശേഷത്തിലെ രണ്ടാം ആധ്യായം എട്ടാം വാക്യം മുതല്‍ പതിനാലാം വാക്യംവരെയുള്ള ഭാഗം എന്റെ ഓര്‍മ്മയില്‍ ഇപ്പോള്‍ മുഴക്കങ്ങളുണ്ടാക്കുന്നു:

‘അന്ന് ആ പ്രദേശത്ത് ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍കൂട്ടത്തെ കാവല്‍കാത്ത് വെളിയില്‍ പാര്‍ത്തിരുന്നു. അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ അവരുടെ അരികെനിന്നു, കര്‍ത്താവിന്റെ തേജസ് അവരെ ചുറ്റി മിന്നി, അവര്‍ ഭയപരവശരായിത്തീര്‍ന്നു. ദൂതന്‍ അവരോട്: ഭയപ്പെടേണ്ട, സര്‍വജനത്തിനും ഉണ്ടാവാനുള്ളൊരു മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീതിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അടയാളമോ? ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും എന്നു പറഞ്ഞു. പെട്ടെന്ന് സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേര്‍ന്ന് ദൈവത്തെ പുകഴ്ത്തി: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം!’

പെരുമ്പടവം ശ്രീധരന്‍

You must be logged in to post a comment Login