ആത്മഹത്യയുടെ ചിന്തയില്‍ നിന്ന് രക്ഷിച്ച പ്രാര്‍ത്ഥനയുടെ മാലാഖമാര്‍- മിന്‍മിനി

ആത്മഹത്യയുടെ ചിന്തയില്‍ നിന്ന് രക്ഷിച്ച പ്രാര്‍ത്ഥനയുടെ മാലാഖമാര്‍- മിന്‍മിനി

എന്റെ വീട്ടില്‍ എന്നും നിറഞ്ഞുനിന്നിരുന്നത് പാട്ടും പ്രാര്‍ത്ഥനയുമായിരുന്നു. അപ്പച്ചനും അമ്മച്ചിയും ഞങ്ങള്‍ നാലു മക്കളും ഒത്തൊരുമിച്ചുള്ള സന്ധ്യാപ്രാര്‍ത്ഥനകള്‍ മനസ്സില്‍ നിന്നും മാഞ്ഞുപോകുന്നതേയില്ല. പ്രാര്‍ത്ഥനയ്ക്കിടയിലും പ്രാര്‍ത്ഥന കഴിഞ്ഞും ഞങ്ങള്‍ പാട്ടുപാടിയിരുന്നു. ഈശോയുടെയും മാതാവിന്റെയും പാട്ടുകള്‍. വീടുകളില്‍ അന്ന് പാടിയിരുന്ന ആ പ്രാര്‍ത്ഥനാപാട്ടുകളാണ് ഒരര്‍ത്ഥത്തില്‍ എന്നെ പാട്ടുകാരിയാക്കിയത് എന്നും പറയാം.

അപ്പച്ചനും അമ്മച്ചിയും പാട്ടുകാരായിരുന്നു. ചേച്ചിയും നന്നായി പാടിയിരുന്നു. സത്യത്തില്‍ ചേച്ചി പിന്നണിഗായികയാകുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ദൈവം അതിലേക്കായി വിളിച്ചത് എന്നെയായിരുന്നു. ദൈവത്തിന് നന്ദി.

ഒരു ചലച്ചിത്രപിന്നണിഗായികയാകാന്‍ ഞാന്‍ ആഗ്രഹിച്ചതൊന്നുമല്ല. ദൈവം എന്നെ വഴി നടത്തുകയായിരുന്നു. ദൈവം ഓരോ വാതിലുകള്‍ എനിക്കായി തുറന്നു തരികയായിരുന്നു. ഞാന്‍ ആഗ്രഹിക്കുന്നതിലും അര്‍ഹിക്കുന്നതിലും കൂടുതലാണ് ദൈവം എനിക്കെന്നും നല്കിയിരിക്കുന്നത്.

സിനിമയില്‍ തിരക്ക് കൂടിയപ്പോള്‍ കുടുംബപ്രാര്‍ത്ഥനകള്‍ മുടങ്ങിപ്പോയി എന്നത് ശരി.കാരണം ഞാനും അപ്പച്ചനും ചെന്നൈയിലും അമ്മച്ചിയും ചേച്ചിമാരും കേരളത്തിലുമായിരുന്നുവല്ലോ. പക്ഷേ ഒരിക്കലും ഞങ്ങള്‍ പ്രാര്‍ത്ഥന മുടക്കിയിട്ടില്ല. എത്ര വൈകി എത്തിച്ചേര്‍ന്നാലും പ്രാര്‍ത്ഥിച്ചിട്ടേ കിടന്നുറങ്ങാറുള്ളൂ.

അതുപോലെ യാത്രകള്‍ക്കിടയില്‍ വണ്ടിയിലിരുന്ന് ജപമാല ചൊല്ലും. വളരെ ശക്തിയുള്ള ഒരു പ്രാര്‍ത്ഥന തന്നെയാണ് ജപമാല. മനസ്സില്‍ ഏതെങ്കിലുമൊക്കെ വിധത്തിലുള്ള ഭാരങ്ങളോ പ്രയാസങ്ങളോ അനുഭവപ്പെടുമ്പോള്‍ ഒരു ജപമാലയോ കരുണക്കൊന്തയോ ചൊല്ലി ഞാന്‍ പ്രാര്‍ത്ഥിക്കും. അതോടെ മനസ്സ് ഫ്രീയാകും. എത്രയോ ഉദാഹരണങ്ങളുണ്ട് പറയാനായിട്ട്.. നമ്മുടെ പരിശുദ്ധ അമ്മയെ പോലെ ഇത്രയും സഹിച്ച മറ്റേതൊരു വ്യക്തിയാണുള്ളത്?അമ്മയ്ക്ക് നമ്മുടെ സങ്കടങ്ങളെല്ലാം മനസ്സിലാവും. എന്റെ കൈവിരലുകളില്‍ ചുറ്റി എപ്പോഴും ജപമാലയുണ്ടാകും.

അടുത്തയിടെ എന്റെ ഗ്രാമത്തിലെ ഒരുത്സവത്തോട് അനുബന്ധിച്ചുള്ള ഒരു ചടങ്ങിന് എന്നെ ക്ഷണിച്ചിരുന്നു. സാധാരണയായി ഞാന്‍ അമ്പലങ്ങളിലെ പ്രോഗ്രാമിന് പോകാറില്ല. പക്ഷേ ഇത് എനിക്ക് പോകാതിരിക്കാനാവില്ല. കാരണം എന്നെ വളര്‍ത്തിയ നാട്ടുകാരാണ് അവിടെയുള്ളത്. എന്നെ സ്‌നേഹിക്കുന്നവര്‍..ഞാന്‍ സ്‌നേഹിക്കുന്നവര്‍.. ഞാന്‍ പോയി.. അങ്ങനെ പോയപ്പോഴും എന്റെ കൈവിരലുകള്‍ക്കിടയില്‍ ചുറ്റി കൊന്തയുണ്ടായിരുന്നു. അതെനിക്ക് വലിയ ധൈര്യം നല്കുന്നുണ്ട്.

ജീവിതത്തിലെ ഏറ്റവും ദു:ഖപൂരിതമായ ഒരു കാലഘട്ടത്തിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. എനിക്ക് എന്റെ ശബ്ദം നഷ്ടമായ സാഹചര്യം. പ്രാര്‍ത്ഥനയുടെ ശക്തി ഞാന്‍ അന്നാണ് ശക്തമായി തിരിച്ചറിഞ്ഞത്. ചികിത്സയെക്കാളേറെ പ്രാര്‍ത്ഥനയുടെ ശക്തിയാണ് എനിക്ക് ശബ്ദം തിരികെ നല്കിയതെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അനേകം പേര്‍ എനിക്ക് വേണ്ടി അക്കാലങ്ങളില്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ഇന്നും ഒരു വേദിയെ ഞാന്‍ അഭിസംബോധന ചെയ്യുമ്പോള്‍ ആദ്യം പറയുന്നത് അവര്‍ക്ക് നന്ദിയാണ്.കാരണം അതില്‍ ഒരാളെങ്കിലും എപ്പോഴെങ്കിലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും.

ചികിത്സയുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്ന ദിനങ്ങള്‍ ഞാനോര്‍മ്മിക്കുന്നു. അപ്പച്ചന്‍ പുലര്‍ച്ചെ നാലുമണിക്ക് ഉറക്കമുണരും. പ്രാര്‍ത്ഥനാമുറിയില്‍ കയറി തിരികത്തിച്ച് അപ്പച്ചന്‍ ഏഴുമണിവരെ പ്രാര്‍ത്ഥിക്കും. അന്നാണ് അപ്പച്ചന്‍ കരഞ്ഞുപ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കണ്ടത്. അത്തരം പ്രാര്‍ത്ഥനകളാണ് എന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.

ചികിത്സകള്‍ക്ക് ഫലം കാണാതെ വരികയും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാതെ വരികയും ചെയ്ത അക്കാലത്ത് മനസ്സ് വല്ലാതെ നിരാശപ്പെട്ടുപോയിരുന്നതും ഞാനോര്‍മ്മിക്കുന്നു. അപ്പച്ചനെയും അമ്മച്ചിയെയും ഓര്‍ത്തായിരുന്നു എനിക്ക് സങ്കടം മുഴുവന്‍. അന്യദേശത്തുകിടന്ന് അവര്‍ എനിക്ക് വേണ്ടി എത്രയോ കഷ്ടപ്പെടുന്നു. ഞാന്‍ മരിച്ചുപോയാല്‍ അവര്‍ക്ക് തിരിച്ച് നാട്ടിലെത്തി സുഖമായി ജീവിക്കാമല്ലോ? പാടാന്‍ കഴിയാതെ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ കഴിയാതെ എന്തിന് ജീവിക്കുന്നു? പാടുപാടാന്‍ കഴിയുക എന്നതു മാത്രമാണ് ജീവിതത്തിലെ ഏറ്റവും പ്രധാന സംഗതിയെന്നാണ് ഞാന്‍ അന്ന് കരുതിയിരുന്നത്. ഇന്ന് എനിക്ക് അത്തരം ചിന്തയൊന്നുമില്ല.

മനസ്സ് വ്രണപ്പെട്ട അക്കാലത്ത് മൂന്നുതവണ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്.. കഴിക്കാനുള്ള മുഴുവന്‍ മരുന്നുകളും കൂടി ഒരുമിച്ചെടുത്ത് കഴിച്ചാലോ എന്ന്. അങ്ങനെ ചിന്തിച്ചപ്പോള്‍ തന്നെ പരിശുദ്ധാത്മാവ് എനിക്കൊരു ബോധ്യം നല്കി. നീ ആത്മഹത്യ ചെയ്താല്‍ നിന്റെ അപ്പച്ചനും അമ്മച്ചിക്കും ചേച്ചിമാര്‍ക്കും അത് കൂടുതല്‍ വിഷമവും മാനക്കേടുമല്ലേ ഉണ്ടാക്കൂ? നീ മറ്റെന്തോ കാരണത്താല്‍ ആത്മഹത്യ ചെയ്തു എന്നേ ലോകം വിധിയെഴുതൂ. അതുകൊണ്ട് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാതെ ജീവിതത്തെക്കുറിച്ച് ചിന്തിക്കൂ. ഏത് കാവല്‍മാലാഖയാണ് എന്നെ ആത്മഹത്യാചിന്തയില്‍ നിന്ന് രക്ഷപ്പെടുത്തിയത് എന്നോര്‍ക്കുമ്പോള്‍ മനസ്സ് കൃതജ്ഞതയാല്‍ നിറയുന്നു.

ഇന്ന് നല്ലവനായ ഭര്‍ത്താവും നല്ല രണ്ട് മക്കളുമൊത്ത് ജീവിക്കുമ്പോള്‍ ഞാനോര്‍ക്കാറുണ്ട് ഇത്രയും നല്ലൊരു ജീവിതമാണല്ലോ ഞാന്‍ നഷ്ടപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന്. വിശ്വാസപരമായ പ്രതിസന്ധിയുടെ കാലത്താണ് നമ്മെ തറപറ്റിക്കാന്‍ ചിലരൊക്കെ ദൈവമനുഷ്യരുടെ രൂപത്തില്‍ സമീപിക്കുന്നത്. മാതാവിനോട് പ്രാര്‍ത്ഥികുന്നതുകൊണ്ടാണ് നിനക്ക് ഇതെല്ലാം സംഭവിച്ചതെന്നും അതിനാല്‍ മാതാവിനെ തള്ളിപ്പറഞ്ഞാല്‍ നീ സുഖം പ്രാപിക്കുമെന്നായിരുന്നു അവരുടെ വാഗ്ദാനം.

പക്ഷേ ഞാനെപ്പോഴും മാതാവിനെ കൂട്ടുപിടിക്കുന്നു. സഹിക്കാനുള്ള ശക്തി ജപമാലയാണ് എനിക്ക് തന്നത്. റോസറി നല്ലൊരു ടോണിക്കാണ്. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലരൊക്കെ മാതാവിനെ വിശ്വസിക്കാത്തവരാണ്. പക്ഷേ എന്റെ അടുത്തുവരുമ്പോള്‍ അവരാരും അതേക്കുറിച്ച് പറയില്ല.കാരണം അവര്‍ക്കറിയാം ഞാന്‍ മരിയഭക്തയാണെന്ന്.. മാതാവിനെ തള്ളിപ്പറഞ്ഞ് കേള്‍ക്കുന്നതാണ് എന്റെ ഏറ്റവും വലിയ സങ്കടം.

ഈശോ എനിക്ക് ഏറ്റവും നല്ലതേ തന്നിട്ടുള്ളൂ..അതിന് ഒരു സംഭവം പറയാംം. സിനിമകളില്‍ പാടി പണമുണ്ടാക്കിയെങ്കിലും ഞങ്ങള്‍ക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ല. ഒരു നാല് വീട് മേടിക്കാനുള്ള പണം എന്റെ ചികിത്സയ്ക്കുവേണ്ടി ഇതിനകം ചെലവാക്കിയിരുന്നു. പക്ഷേ അതിന്റെ പേരിലൊന്നും ഒരു വെറുംവാക്കുപോലും എന്റെ ഭര്‍ത്താവ് ജോയിച്ചന്‍ പറഞ്ഞിട്ടില്ല.. എന്നെ ഇന്ന് ഈ നിലയിലാക്കിയതു ജോയിച്ചന്റെ പ്രോത്സാഹനവും സ്‌നേഹവും മാത്രമാണ്.

വീടിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അതിനിടയിലാണ് ഒരു വീടിന്റെ പ്ലാന്‍ ഞാന്‍ തന്നെ വരച്ച് ആ വീടിനെ സമര്‍പ്പിച്ച് ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചത്. ആ പ്ലാന്‍ ബൈബിളിന്റെ അകത്താണ് ഞാന്‍ വച്ചിരുന്നത്. വീട് അന്വേഷണത്തിനിടയില്‍ നാലുസെന്റ് സ്ഥലവും ഒരു വീടും ഞങ്ങള്‍ക്ക് ഇഷ്ടമായി.

പക്ഷേ ആ വീടിനുള്ളില്‍ നമ്മുടെ ഫര്‍ണിച്ചര്‍ പോലും ഇടാന്‍ സ്ഥലം തികയില്ല അതുകൊണ്ട് ആ വീട് വേണ്ട എന്നായിരുന്നു ജോയിച്ചന്റെ നിലപാട്. പക്ഷേ ഞാന്‍ പറഞ്ഞു വാടകവീട്ടില്‍ കഴിയണ്ടാണല്ലോ. 61 ലക്ഷം രൂപയായിരുന്നു വീടിന്റെ വില. ആ പണം സ്വരൂപിക്കാനുള്ള ശ്രമം നടന്നുവെങ്കിലും കച്ചവടം നടന്നില്ല.

അങ്ങനെ ഒരുദിവസം 85 ലക്ഷം രൂപയ്ക്ക് വില്ക്കാന്‍ തീരുമാനിച്ചിരുന്ന ഒരു വീട് ഞങ്ങള്‍ കാണാനിടയായി. അത്തരമൊരു വീട് സ്വപ്‌നം പോലും കാണാന്‍ ഞങ്ങള്‍ക്കപ്പോള്‍ കഴിയുമായിരുന്നില്ല. പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകനെ വീടുകാണിച്ചപ്പോള്‍ വെളിപാട് കണക്കെ അവനാണ് പറഞ്ഞത്, മമ്മീ ഇത് മമ്മി വരച്ച പ്ലാന്‍ അനുസരിച്ചുള്ള വീടല്ലേ..

അപ്പോഴാണ് ഞാന്‍ ബൈബിളില്‍ സൂക്ഷിച്ചിരിക്കുന്ന ആ പ്ലാനിനെക്കുറിച്ച് ഓര്‍മ്മിച്ചത്. ഞാന്‍ വരച്ച, ഞങ്ങള്‍ പ്രാര്‍ത്ഥിച്ച വീട് ഞങ്ങള്‍ക്കുവേണ്ടി ഒരു മുസ്ലീമിനെക്കൊണ്ട് പണിയിപ്പിച്ച് അത് ഞങ്ങള്‍ക്ക് വില്ക്കാനായി ഏല്പിച്ചുതന്ന ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ഉറക്കെ കരഞ്ഞുപോയി. ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നതുപോലെ 61 ലക്ഷം രൂപയ്ക്ക് ആ വീട് ലഭിക്കുകയും ചെയ്തു.

ഞാന്‍ വളര്‍ന്നതുപോലെയുള്ള പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തില്‍ തന്നെ എന്റെ മക്കളും വളര്‍ന്നുവരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എനിക്ക് ഇപ്പോള്‍ ഒന്നിനെക്കുറിച്ചും പരാതിയില്ല.. ദൈവത്തിന്റെ പദ്ധതികള്‍ക്കായി ഞാന്‍ എന്നെ വിട്ടുകൊടുക്കുന്നു.

You must be logged in to post a comment Login