ആത്മഹത്യയ്‌ക്കൊരുങ്ങി നിന്നയാളോട് മുഹമ്മദ് അലി പറഞ്ഞു: താങ്കള്‍ എന്റെ സഹോദരനാണ്…!

ആത്മഹത്യയ്‌ക്കൊരുങ്ങി നിന്നയാളോട് മുഹമ്മദ് അലി പറഞ്ഞു: താങ്കള്‍ എന്റെ സഹോദരനാണ്…!

1981 ജനുവരി 19. ലോസ് ആഞ്ചലസിലെ മിറക്കില്‍ മൈല്‍ ഓഫീസിന്റെ ഒന്‍പതാം നിലയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി നില്‍ക്കുകയായിരുന്നു, ആ യുവാവ്. പരിഭ്രാന്തനായി കാണപ്പെട്ട അയാള്‍ ആരുടെയും അനുനയ വാക്കുകള്‍ക്ക് ചെവി കൊടുത്തില്ല. പോലീസ് മനശാസ്ത്രജ്ഞനും ചാപ്ലിനും ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

അന്നേരമാണ് ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മുഹമ്മദലി രംഗത്തു വന്നത്. റോള്‍സ് റോയ്‌സ് കാറില്‍ വന്നിറങ്ങിയ അലി പടവുകള്‍ കയറി നേരെ ഒമ്പതാം നിലയിലെത്തി. ആത്മഹത്യക്കാരന്‍ നിന്നിരുന്ന ഫയര്‍ എസ്‌കേപ്പ് ജനാലയുടെ തൊട്ടടുത്തുള്ള ജാലകത്തില്‍ നിന്നു കൊണ്ട് അലി പറഞ്ഞു: ‘താങ്കള്‍ എന്റെ സഹോദരനാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. അതിനാല്‍ ഞാന്‍ നിന്നോട് നുണ പറയില്ല. ഞാന്‍ ക്ഷണിക്കുകയാണ്, നീ എന്റെ കൂടെ എന്റെ വീട്ടിലേക്കു വരണം, എന്റെ സ്‌നേഹതിരെ ഞാന്‍ നിനക്ക് പരിചയപ്പെടുത്തി തരാം…’

അല്‍പനേരത്തെ നിശ്ബ്ദത. സകലരെയും അമ്പരപ്പിച്ചു കൊണ്ട് ആത്മഹത്യക്കാരന്‍ ഫയര്‍ എസ്‌കേപ്പ് ജനാലയില്‍ നിന്ന് ഇറങ്ങി അലിയോടൊപ്പം താഴ്ക്ക് നടന്നു.

ആദ്യം അയാള്‍ അല്പം അവിശ്വാസത്തോടെയാണ് അലിയെ നോക്കിയത്. എന്നാല്‍ വേഗം അത് മാറി. അയാല്‍ അലിയെ കെട്ടിപ്പുണര്‍ന്നു, മനസ്സ് ശാന്തമായപ്പോള്‍ അയാള്‍ തേങ്ങിക്കരഞ്ഞു.

ഈ വാര്‍ത്ത 1981 ജനുവരിയിലെ ലോസ് ആഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോ മിഷിഗന്‍ എന്ന 21 കാരനായിരുന്നു, ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയിരുന്ന ആ യുവാവ്.

ബോക്‌സിംഗ് റിംഗില്‍ ചിത്രശലഭത്തെ പോലെ പറന്ന് എതിരാളികളെ തേനീച്ചയെ പോലെ കുത്തിയിരുന്ന മുഹമ്മദ് അലി എന്ന എക്കാലത്തെയും മികച്ച ബോക്‌സര്‍ പക്ഷേ, ജീവിതത്തില്‍ മനുഷ്യത്വപരമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു.

ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ പട്ടം ചൂടി നില്‍ക്കേയാണ് അലി അമേരിക്കയ്ക്ക് അനഭിമതമായ തീരമാനമെടുത്ത് സ്വന്തം ജീവിതം അരക്ഷിതമാക്കിയത്. 1966 ലെ വിയെറ്റ്‌നാം യുദ്ധകാലത്തായിരുന്നു, അത്. വിയെറ്റ്‌നാമിനെതിരെ യുദ്ധം ചെയ്യാനായി അമേരിക്കന്‍ സേനയില്‍ ചേരാന്‍ അലി വിസമ്മതിച്ചു.

‘ഞാന്‍ വിയെറ്റ് കോംഗിനെതിരെ വഴക്കിനില്ല. പട്ടാളയൂണിഫോമിട്ട് വീട്ടില്‍ നിന്ന് പതിനായിരക്കണക്കിന് മൈലുകള്‍ ദൂരെ ബോംബിട്ട് തവിട്ടു നിറക്കാരായ വിയെറ്റ്‌നാം ജനതയെ കൊല്ലാന്‍ എന്നോട് കല്പിക്കാന്‍ അവര്‍ ആരാണ്. ഇവിടെ ലോവില്ലയെയില്‍ എത്രയോ നീഗ്രോകള്‍ നായ്ക്കളെ പോലെ നിന്ദിക്കപ്പെടുകയും മനുഷ്യാവകാശനിഷേധത്തിന് വിധേയരാവുകയും ചെയ്യുന്നു!’ അലി പറഞ്ഞു.

1967 ജൂണ്‍ 20 ന് അലി തന്റെ നിലപാടുകളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടു. അഞ്ചു വര്‍ഷത്തേക്കായിരുന്നു, ജയില്‍ ശിക്ഷ. ഒപ്പം പതിനായിരം ഡോളര്‍ പിഴയും. കൂടാതെ മൂന്നു വര്‍ഷത്തേക്ക് ബോക്‌സിംഗില്‍ നിന്ന് വിലക്കും.

അലി വീണ്ടും തിരികെയെത്തി ബോക്‌സിംഗ് ലോകം വാഴുക തന്നെ ചെയ്തു.
ali and john paul
1984 ല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് അലി ബോക്‌സിംഗ് റിംഗിനോട് വിട പറഞ്ഞു. എന്നാല്‍ അലിയുടെ ആഴമായ വിശ്വാസം ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന് ശക്തി പകര്‍ന്നു.

സാധാരണ മനുഷ്യര്‍ തകര്‍ന്നു പോകുന്ന മാരകരോഗത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനും പ്രത്യാശ ഉയര്‍ത്തിപ്പിടിക്കാനും അലിയെ സഹായിച്ചത് ദൈവവിശ്വാസമാണെന്ന് അലിയെ ചികത്സിച്ച ഡോക്ടര്‍ ദാവുദ്‌ വാലിദ് സാക്ഷ്യപ്പെടുത്തി. ‘തളര്‍ത്തിക്കളയുന്ന രോഗത്തിന് മുമ്പില്‍ നില്‍ക്കുമ്പോഴും അദ്ദേഹം വലിയ വിശ്വാസം പ്രകടിപ്പിച്ചു!’ വാലിദ് പറയുന്നു. “ഒരിക്കല്‍ അലി പറഞ്ഞു, ‘ദൈവം എന്നെ എളിമപ്പെടുത്താനാണ് ഈ രോഗം തന്നത്. ആരാണ് ശരിക്കും ഏറ്റവും മഹാന്‍ എന്ന് കാണിക്കാന്‍. ദൈവമാണ് ഏറ്റവും മഹാന്‍!'”

1982 ല്‍ അലി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഓര്‍ക്കണം, രണ്ടു പേര്‍ക്കും പിന്നീട് പാര്‍ക്കിന്‍സണ്‍സ് രോഗം അനുഭവിക്കേണ്ടതായി വന്നു. കായികതാരങ്ങളെ അത്യധികം സ്‌നേഹിച്ചിരുന്ന ജോണ്‍ പോള്‍ അലിയുടെ ഓട്ടോഗ്രാഫ് വാങ്ങി. അലി പാപ്പയുടേതും.

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login