ആത്മീയകാപട്യങ്ങള്‍ക്കെതിരെ പാപ്പ വീണ്ടും

വത്തിക്കാന്‍: ആത്മീയരെന്ന് നടിക്കുകയും മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ നിന്ന് മുഖംതിരിക്കുകയും ചെയ്യുന്ന ലൗകായികന്മാരുടെ ആത്മീയകാപട്യങ്ങള്‍ക്കെതിരെ വീണ്ടും മാര്‍പാപ്പയുടെ താക്കീത്. ക്രിസ്മസ് അവധിക്ക് ശേഷം സാന്താമാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.

ആത്മീയരെന്ന പേരില്‍ പല മനുഷ്യരും പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ആവശ്യക്കാരുടെ സാന്നിധ്യങ്ങളില്‍ നിന്ന് അവര്‍ അകന്നുനില്ക്കുന്നു,ലോകത്തിന്റെ സുഖങ്ങളില്‍ ജീവിക്കുന്നു. കാരുണ്യത്തിന്റെ പ്രവൃത്തികളാണ് ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ ഹൃദയം. പരിശുദ്ധാത്മാവാണ് തങ്ങളെ നയിക്കുന്നതെന്ന് ചിലര്‍ പറയാറുണ്ട്. ഏതൊരു അരൂപിയെയും വിശ്വസിക്കണമെങ്കില്‍ അവയെ നിര്‍ബന്ധമായും പരിശോധിക്കുകയും ദൈവത്തില്‍ നിന്നുള്ളത് തന്നെയാണോയെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. അന്തിക്രിസ്തുവിനെതിരെ വിശുദ്ധയോഹന്നാന്റെ മുന്നറിയിപ്പുകളെ ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ തുടര്‍ന്നു.

ഇവിടെയാണ് വിവേചനം ഉപയോഗിക്കേണ്ടത്. അരുപിയെ വിവേചിച്ചറിയുക എന്ന് പറയുമ്പോള്‍ അതൊരിക്കലും ദുഷ്ടാരൂപിയെക്കുറിച്ചല്ല. എന്താണ് എന്റെ ഹൃദയത്തില്‍ സംഭവിക്കുന്നത്.. എന്താണ് അതിന്റെ വേര്, എന്താണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് , എവിടെ നിന്നാണ് അത് വന്നത്..ഇതാണ് ദൈവത്തില്‍ നിന്നുള്ളവയാണോ എന്ന് പരിശോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.

ലൗകായികത നമ്മെ ദൈവികചൈതന്യത്തില്‍ നിന്നും അകറ്റുന്നു. നമ്മുടെ ആത്മാവിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമ്മള്‍ വിവേചിച്ചറിയേണ്ടതുണ്ട്. നല്ല ആശയങ്ങള്‍, നല്ല വസ്തുതകള്‍, നല്ല തോന്നലുകള്‍ ഇവയൊന്നും ദൈവത്തിലേക്കോ അയല്‍ക്കാരനിലേക്കോ സഹോദരനിലേക്കോ എന്നെ എത്തിക്കുന്നില്ലെങ്കില്‍ അവ ദൈവത്തില്‍ നിന്നുള്ളവയല്ല. അതുപോലെ ആളുകളിലേക്കെത്താന്‍ വേണ്ടി അജപാലനപരമായ വിവിധ പദ്ധതികളും നമ്മള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടായിരിക്കാം.

പക്ഷേ ദൈവത്തിന്റെ വഴിയെ അല്ല നാം നടക്കുന്നതെങ്കില്‍ അവയും ദൈവാരൂപിയുടെ പ്രവര്‍ത്തനമല്ല. നമ്മുടെ ഹൃദയത്തിലും ആഗ്രഹങ്ങളിലും എന്താണ് നടക്കുന്നത് എന്നറിയാനുള്ള കൃപയ്ക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക ദൈവാത്മാവിന് നേരെ നാം കൂടുതല്‍ വാതില്‍ തുറക്കുകയാണെങ്കില്‍ നമുക്ക് ദരിദ്രരെ സേവിക്കാന്‍ കഴിയും. മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login