‘ആത്മീയത ആര്‍ഭാടമല്ല’

ചിക്കാഗോ: ആത്മീയത ആര്‍ഭാടമല്ലെന്നും മറിച്ച് അതൊരു സാമൂഹിക പ്രതിബദ്ധതയാണെന്നും പ്രശസ്ത വേദപണ്ഡിതനും വാഗ്മിയുമായ റവ.ഡോ.എബ്രഹാം സ്‌കറിയ. വിശ്വാസവും സാക്ഷ്യവും പൊതുസമൂഹത്തില്‍ എന്ന വിഷയത്തില്‍ ചിക്കാഗോ മാര്‍തോമ്മാ പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂഹാനോന്‍ മാര്‍തോമ്മാ മെത്രാപ്പോലീത്തായുടെ ഭൂഭവനദാന പദ്ധതിയുടെ പാത പിന്തുടര്‍ന്ന് കേരളത്തിലെ ഭരണകര്‍ത്താക്കള്‍ ആദ്യമായി സര്‍ക്കാര്‍ തലത്തില്‍ ഭവന രഹിതര്‍ക്ക് വീടുവെച്ചു നല്‍കുന്ന പദ്ധതി നടപ്പിലാക്കിയതും അദ്ദേഹം അനുസ്മരിച്ചു.

ആത്മീയ കപടതകള്‍ക്കു മുന്നില്‍ സമൂഹം കബളിക്കപ്പെടുകയും അനേകര്‍ ആത്മീയത വിറ്റ് കാശാക്കുകയും ചെയ്യുന്ന കാലഘട്ടമാണിന്ന്. ഈ സാഹചര്യത്തില്‍ ആത്മീയത ആര്‍ഭാടമല്ല എന്ന ആശയത്തിന് പ്രസക്തിയേറുകയാണ്. മനുഷ്യനില്‍ നിന്ന് സ്‌നേഹവും കരുണയും നന്‍മയും ഒലിച്ചുപോയിക്കൊണ്ടിരിക്കുന്ന ഭയാനകമായ അവസ്ഥയിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്‍ അവനവനിലേക്കു തന്നെ ഒതുങ്ങുന്നു. ഈ സാഹചര്യത്തില്‍ അയല്‍ക്കാരനോട് സ്‌നേഹവും കരുണയും കാണിച്ച്, അവന് നന്‍മ ചെയ്യുന്ന യഥാര്‍ത്ഥ ആത്മീയതയുടെ വക്താക്കളാകണമെന്ന് റവ.ഡോ.എബ്രഹാം സ്‌കറിയ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

You must be logged in to post a comment Login