ആത്മീയവ്യാപാരികളും അത്ഭുതരോഗശാന്തികളും

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ കേരളത്തിലൂടെ ബസില്‍ യാത്ര ചെയ്യുകയായിരുന്നു. പ്രശസ്തമായ ഒരു ദൈവാലയത്തിന്റെ മുമ്പിലൂടെ ബസ് കടന്നുപോയപ്പോള്‍ അവിടെ ഒരു ബാനര്‍ വലിച്ചു കെട്ടിയിരിക്കുന്നത് കണ്ടു. അത്ഭുതരോഗശാന്തിശുശ്രൂഷയും വചനപ്രഘോഷണവും എന്നായിരുന്നു വരാന്‍ പോകുന്ന കണ്‍വെന്‍ഷന് മുന്നോടിയായി സ്ഥാപിച്ചിരിക്കുന്ന ആ ബാനറില്‍ എഴുതിയിരുന്നത്.

സാധാരണ ഒരു കാര്യം എന്ന മട്ടില്‍ കടന്നുപോയപ്പോഴാണ് അടുത്തിരുന്ന സുഹൃത്ത് ആ ബാനര്‍ ശ്രദ്ധിക്കാന്‍ പറഞ്ഞത്. കണ്ടോ അത്ഭുതരോഗശാന്തി എഴുതിയിരിക്കുന്നത് മത്തങ്ങവലുപ്പത്തിലും വചനപ്രഘോഷണം സാധാരണ വലുപ്പത്തിലും.

പത്തോ ഇരുപതോ വര്‍ഷം മുമ്പും ഇത്തരം ബൈബിള്‍ കണ്‍വന്‍ഷനുകള്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നു. പക്ഷേ  അന്നെല്ലാം വചനപ്രഘോഷണത്തിനായിരുന്നു പ്രാധാന്യം നല്കിയിരുന്നത്. ഇന്നാവട്ടെ വചനപ്രഘോഷണത്തെ അപ്രസക്തമാക്കിക്കൊണ്ട് രോഗശാന്തി ശുശ്രൂഷ മേല്‍ക്കൈ നേടിയിരിക്കുന്നു. വചനം തന്നെ സൗഖ്യമാണ്. വചനം അയച്ച് അവരെ സൗഖ്യമാക്കി എന്നാണല്ലോ ബൈബിളില്‍ പറയുന്നത്. എന്നിട്ടും വചനത്തെക്കാള്‍ കൂടുതല്‍ രോഗശാന്തികള്‍ക്ക് പ്രാധാന്യം നല്കുന്നുവെങ്കില്‍ നമ്മുടെ ആത്മീയതയ്ക്ക് എന്തോ പിഴവ് സംഭവിച്ചിരിക്കുന്നു എന്നല്ലേ അര്‍ത്ഥം?

കൂടുതല്‍ അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്ന ധ്യാനകേന്ദ്രങ്ങളിലേക്കാണ് ആളുകള്‍ ഓടിക്കൂടുന്നത്. ധ്യാനകേന്ദ്രങ്ങളുടെയും ആത്മീയപ്രസിദ്ധീകരണങ്ങളുടെയും എണ്ണം വ ച്ച് നോക്കുമ്പോള്‍ അതനുസരിച്ചുള്ള ആത്മീയത നമുക്കിടയില്‍ രൂപപ്പെട്ടിട്ടില്ല എന്നതാണ് സത്യം. വചനത്തെ അവഗണിച്ച് രോഗശാന്തി പരിഗണിക്കപ്പെടുന്നത് ശരിയായ ആത്മീയതയല്ല.

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതത്തിലെ ഒരു സംഭവം വായിച്ചത് ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരന്മാരിലൊരാളായ വിശുദ്ധ പീറ്റര്‍ കറ്റാനിയുടെ നാമത്തില്‍ നിരവധിയായ അത്ഭുതങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആളുകള്‍ ആ രൂപത്തിന് മുന്നില്‍ ഓടിക്കൂടുന്നു. നിരവധിയായ ഈ അത്ഭുതങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ആരും ചെയ്യരുതാത്തതാണ് ഫ്രാന്‍സിസ് ചെയ്തത്. ഈ അത്ഭുതങ്ങളെല്ലാം നിലയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചു. അതിനെ തുടര്‍ന്ന് അത്ഭുതങ്ങള്‍ നിലയ്ക്കുകയും ചെയ്തു.

ഫ്രാന്‍സിസിന്റെ വിവിധ ഭ്രാന്തുകളില്‍ ഒന്ന് എന്ന് ചിരിച്ച് തള്ളാന്‍ വരട്ടെ അത്ഭുതങ്ങളെ തടയുകയായിരുന്നില്ല ക്രിസ്തുവിനെ മറച്ചുകൊണ്ടുള്ള അത്ഭുതങ്ങള്‍ക്കെതിരെയായിരുന്നു അസ്സീസിയിലെ ഫ്രാന്‍സിസ് കലഹിച്ചത്. കത്തോലിക്കാസഭയില്‍ അത്ഭുതപ്രവര്‍ത്തകരായ നിരവധി വിശുദ്ധരുണ്ട്. എന്നാല്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെ അത്ഭുതപ്രവര്‍ത്തകനായി സഭ വണങ്ങുന്നില്ല. അതോടൊപ്പം ഓര്‍മ്മിക്കേണ്ട ഒരു കാര്യമുണ്ട്.. കത്തോലിക്കാസഭയില്‍ വിവിധ കാരിസങ്ങളുള്ള നിരവധി വിശുദ്ധരുണ്ട്. പക്ഷേ അവരാരും രണ്ടാം ക്രിസ്തു എന്ന് അറിയപ്പെട്ടിട്ടുമില്ല, അസ്സീസിയിലെ ഫ്രാന്‍സിസല്ലാതെ.

വിശുദ്ധ കൊച്ചുത്രേസ്യായുടെയും അല്‍ഫോന്‍സാമ്മയുടെയുമെല്ലാം ആത്മീയതയെക്കുറിച്ച് ചിന്തിക്കുന്നതും നല്ലതായിരിക്കും. തീരെ നിസ്സാരമായ കാര്യങ്ങളില്‍ പോലും ദൈവത്തിന്റെ കരം കണ്ട് അതില്‍ അത്ഭുതപ്പെടാന്‍ കഴിഞ്ഞവളായിരുന്നു കൊച്ചുത്രേസ്യാ. കന്യാസ്ത്രീമഠത്തിന്റെ അതിരുകളില്‍ അടയ്ക്കപ്പെട്ട് രോഗിയായി കഴിഞ്ഞുകൂടിയിരുന്ന അല്‍ഫോന്‍സാമ്മയും ജീവിച്ചിരിക്കുമ്പോള്‍ അത്ഭുതങ്ങള്‍ ഒന്നും ചെയ്തതായി അറിയില്ല.

മഴയും പുഴയും മലയും മഴവില്ലും കടലും കാറ്റും എല്ലാം അത്ഭുതങ്ങളാണ്. ഈ അത്ഭുതങ്ങളെ കവച്ചുവയ്ക്കുന്നവയല്ല മറ്റ് ഒരു അത്ഭുതങ്ങളും.വ്യക്തികളെ വിശ്വാസത്തിലേക്ക് നയിക്കാന്‍ അത്ഭുതങ്ങളും അടയാളങ്ങളും ആവശ്യമാണ് എന്നത് നിഷേധിക്കുന്നില്ല. അത് പക്ഷേ ആത്മീയതയുടെ ആദ്യ സ്റ്റപ്പ് മാത്രമാണ്. പക്ഷേ എന്തുചെയ്യാം നാം ഇപ്പോഴും അവിടെ തന്നെ നിലയുറപ്പിച്ചിരിക്കുന്നു. അതിനപ്പുറത്തേക്ക് വളരാന്‍ നമുക്ക് കഴിയുന്നുമില്ല.

ക്രിസ്തു അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അവിടുന്ന് ചെയ്ത അത്ഭുതങ്ങളെക്കാള്‍ കൂടുതലായിരുന്നില്ലേ ചെയ്യാതെ പോയ അത്ഭുതങ്ങള്‍? മലയുടെ മുകളില്‍ നിന്ന് താഴേയ്ക്ക് ചാടാനും കുരിശുമരണത്തില്‍ നിന്ന് രക്ഷപെടാനുമെല്ലാമുള്ള അത്ഭുതങ്ങള്‍ ചെയ്യാനുള്ള സാധ്യതകള്‍ ക്രിസ്തുവിനുമുണ്ടായിരുന്നു. ക്രിസ്തു അവയെ എങ്ങനെയാണ് അതിജീവിച്ചതെന്ന് നമുക്കറിയാം. അത്ഭുതങ്ങളുടെ വയല്‍വരമ്പില്‍ നിന്ന് ഇത്തിരിയൊക്കെ മാറിനടക്കാനുള്ള ആര്‍ജ്ജവം നാം ഇനിയെങ്കിലും കാണിക്കണം.

ആസുരമായ ഈ ലോകത്ത് വലിയ പരിക്കുകളില്ലാതെ ജീവിച്ചുപോരാന്‍ കഴിയുന്നതിലും വലിയ അത്ഭുതങ്ങള്‍ വേറെയുണ്ടോ? ഗുരുതുല്യനും പ്രസിദ്ധ ധ്യാനഗുരുവുമായ വ്യക്തിയുമായി സംസാരിക്കാനിടയായപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യം ഏറെ ശ്രദ്ധേയമായി തോന്നി. ബിപി നിയന്ത്രിച്ചുനിര്‍ത്തുന്ന തീരെ ചെറിയ ഒരു ഗുളികയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്നാണ് അദ്ദേഹം പറഞ്ഞത്. ശരിയല്ലേ ഇന്ന് ഒട്ടുമിക്ക മനുഷ്യരെയും നേരെ നില്ക്കാന്‍ സഹായിക്കുന്നത് ഈ ചെറിയ ഗുളികയല്ലേ?

മലയാളത്തിലെ ഒരു കൊമേഴ്‌ഷ്യല്‍ സിനിമയിലെ നായകന്‍, ശൂന്യതയില്‍ നിന്ന് ആപ്പിളും ഭസ്മവും സൃഷ്ടിച്ച് ഭക്തര്‍ക്ക് സമ്മാനം ചെയ്യുന്ന അത്ഭുതസിദ്ധികളുള്ള സ്വാമിയോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്, അത്ഭുതംകാട്ടി ആപ്പിളും ഭസ്മവും ഉണ്ടാക്കുന്നതിന് പകരം അരിയോ അതുപോലെയുള്ള നിത്യോപയോഗസാധനങ്ങളോ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ അത് കേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ക്ക് പ്രയോജനപ്പെടുമായിരുന്നില്ലേ എന്ന്.. എല്ലാ അത്ഭുതങ്ങളും നമുക്ക് ആവശ്യമുള്ളവയല്ല എന്നതാണ് സത്യം.

താന്‍ ആവശ്യപ്പെട്ടാല്‍ പിതാവായ ദൈവം മാലാഖമാരെ അയച്ച് തന്നെ ശുശ്രൂഷിക്കും എന്ന് അറിയാമായിരുന്നിട്ടും അത് വേണ്ടെന്ന് വയ്ക്കാന്‍ തയ്യാറാകുന്നതിലും വലിയ അത്ഭുതം ക്രിസ്തു വേറെ ചെയ്തിട്ടുണ്ടോ? അവിടെ അത്ഭുതം, ഇവിടെ അത്ഭുതം എന്ന മട്ടിലുള്ള പ്രചാരണങ്ങളില്‍ കുടുങ്ങി നാം നമ്മുടെ ആത്മീയതയെ കെട്ടിയിടരുത്. യഥാര്‍ത്ഥ ആത്മീയത അടയാളങ്ങളിലും അത്ഭുതങ്ങളിലും കെട്ടിയിടപ്പെടുന്നതുമല്ല.

ആത്മീയമായ വൈകാരികത വില്പനച്ചരക്കായി മാറ്റുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്വോള്‍ നാം കൂടുതല്‍ ജാഗരൂകരായേ തീരു. ആദ്യം അവിടുത്തെ രാജ്യം അന്വേഷിക്കുക . ശേഷം എല്ലാം കൂട്ടിചേര്‍ക്കപ്പെടും എന്നാണല്ലോ ക്രിസ്തുവിന്റെ വാഗ്ദാനം.. രാജ്യം അന്വേഷിക്കുന്നവര്‍ക്കാണ് അവിടുന്ന് എല്ലാം നല്കുന്നത്. അത്ഭുതങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കല്ല. അതുകൊണ്ട് അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പുറകെ അമിതമായി പോകാതെ അവിടുത്തെ രാജ്യം അന്വേഷിക്കുന്നവരായിത്തീരാം നമുക്ക്..

നമുക്ക് വേണ്ടത് അത്ഭുതങ്ങളില്‍ അധിഷ്ഠിതമായ ആത്മീയതയല്ല വചനത്തില്‍ അധിഷ്ഠിതമായ ആത്മീയതയാണ്. കരുണയിലും സ്‌നേഹത്തിലും വിശ്വാസത്തിലും മാനുഷികതയിലും അധിഷ്ഠിതമായ ആത്മീയതയാണ്..

ഏതു പ്രഭാതത്തിലും മുളയ്ക്കുന്ന തരം ചില ചെടികളുണ്ട്.. അവയ്ക്ക് ഒന്നോ രണ്ടോ ദിവസത്തെ മാത്രം ആയുസേ കാണുകയുള്ളൂ. എന്നാല്‍ ഏത് ഉരുള്‍പ്പൊട്ടലിനെയും അതിജീവിച്ച് നില്ക്കുന്ന തരത്തിലുള്ള ചില ഒറ്റമരങ്ങളെയും നാം കാണാറുണ്ട്.. അത്ഭുതങ്ങളും അടയാളങ്ങളും മാത്രം ലക്ഷ്യമിട്ട് പൊട്ടിമുളയ്ക്കുന്ന പാഴ്മരങ്ങളാകാതെ, ഒറ്റപ്പെട്ടുനില്ക്കുന്ന വന്‍വൃക്ഷങ്ങളായി ആത്മീയതയില്‍ നമുക്ക് മുന്നേറാം…

You must be logged in to post a comment Login